ന്യൂഡൽഹി: ഇന്ത്യയ്ക്ക് അണ്ടർ 19 ലോകകപ്പ് നേടിത്തന്നുകൊണ്ടാണ് വിരാട് കോഹ്‌ലി എന്ന ഡൽഹി താരം ക്രിക്കറ്റിൽ ശ്രദ്ധ നേടുന്നത്. അന്ന് മുതൽ സീനിയർ ടീം സെലക്ടർമാരുടെ റഡാറിൽ തന്നെയാണ് കോഹ്‌ലി. എന്നാൽ ലോകകപ്പിലെ താരത്തിന്റെ പ്രകടനമല്ല സീനിയർ ടീമിൽ കോഹ്‌ലിയുടെ സ്ഥാനമുറപ്പിച്ചതെന്ന് അന്ന് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്ന ദിലീപ് വേങ്ങാസ്കർ പറയുന്നു.

ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങുമ്പോഴും രാജ്യാന്തര വേദികളിൽ താരത്തിന്റെ സ്ഥാനമുറപ്പിച്ചത് ഓസ്ട്രേലിയയിൽ നടന്ന യുവതാരങ്ങളുടെ ഒരു ടൂർണമെന്റാണെന്ന് ദിലീപ് വ്യക്തമാക്കുന്നു. ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്ന കോഹ്‌ലി അന്ന് ന്യൂസിലൻഡിനെതിരെ നേടിയ സെഞ്ചുറി ഇന്നിങ്സാണ് സെലക്ടർമാരെ ഞെട്ടിച്ചത്. അന്ന് അവരെടുത്ത ആ തീരുമാനം ഇന്നും ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ശരികളിലൊന്നായി നിലനിൽക്കുകയും ചെയ്യുന്നു.

Also Read: ദക്ഷിണേന്ത്യയിൽ നിന്നു വടക്കോട്ട് പോകുമ്പോൾ ആ വേർതിരിവ് കാണാം; തുറന്നുപറഞ്ഞ് ഇർഫാൻ പത്താൻ

“ഓസ്ട്രേലിയയിൽ നടന്ന ന്യൂസിലൻഡിനെതിരായ മത്സരത്തിൽ അവർ 240-250 റൺസിന്റെ ഇടയിൽ ഒരു വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തിയത്. മറുപടി ബാറ്റിങ്ങിൽ ഓപ്പണറായി ഇറങ്ങിയ കോഹ്‌ലി 123 റൺസ് നേടി. സെഞ്ചുറി നേട്ടത്തിന് ശേഷവും ക്രീസിൽ നിലയുറപ്പിച്ച കോഹ്‌ലി ടീമിനെ വിജയത്തിലെത്തിച്ച ശേഷവും പുറത്താകാതെ നിന്നു,” ദിലീപ് പറഞ്ഞു.

ആ ഇന്നിങ്സിന് ശേഷമാണ് യുവതാരത്തെ ഇന്ത്യൻ ടീമിലെടുക്കണമെന്ന് തീരുമാനിച്ചത്. കാരണം മാനസികമായും അന്ന് തന്നെ കോഹ്‌ലി പക്വത കാണിച്ചിരുന്നെന്നും പിന്നീടുള്ളതൊക്കെ ചരിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: നിനക്കല്ലേലും റിവ്യൂ വിളിച്ച് കഴിഞ്ഞാണല്ലോ സംശയം; ജഡേജയെ ട്രോളി കോഹ്‌ലി

12 വർഷങ്ങൾക്കിപ്പുറം ഇന്ത്യൻ ടീമിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി തുടരുകയാണ് കോഹ്‌ലി. ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകന്മാരിലൊരാളായ ധോണിക്ക് ശേഷം ഇന്ത്യൻ ടീമിന്റെ അമരത്തുമെത്തി കോഹ്‌ലി. എടുത്തുപറയാൻ വലിയ കിരീട നേട്ടങ്ങളൊന്നുമില്ലെങ്കിലും സ്ഥിരതയാർന്ന പ്രകടനമാണ് കോഹ്‌ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം നടത്തുന്നത്.

അതേസമയം, വ്യക്തിഗത മികവിൽ കോഹ്‌ലി അനുദിനം മെച്ചപ്പെട്ടുകൊണ്ടുമിരിക്കുന്നു. ഓരോ തവണയും ബാറ്റേന്തുമ്പോൾ റെക്കോർഡുകൾ കുറിക്കുന്നതും തിരുത്തിയെഴുതുന്നതും പതിവാക്കിയും മാറ്റിയിട്ടുണ്ട് താരം. ടെസ്റ്റിൽ 7240 റൺസാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. ഏകദിനത്തിൽ 11867 റൺസും ടി20യിൽ 2794 റൺസും താരം നേടിയിട്ടുണ്ട്. മൂന്ന് ഫോർമാറ്റുകളിലും 50ന് മുകളിൽ ശരാശരിയുള്ള ലോകത്തെ ഏക ബാറ്റ്സ്മാനും കോഹ്‌ലിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook