Gautam Gambhir announces retirement: ഇന്ത്യ കിരീടമുയര്‍ത്തിയ 2011 ഏകദിന ലോകകപ്പ്, 2007 ടി20 ലോകകപ്പ് ഫൈനലുകളിലെ ഹീറോയായിരുന്നു ഇടംകൈയന്‍ ബാറ്റ്സ്മാനായ ഗൗതം ഗംഭീര്‍. ലോകകപ്പ് ഫൈനലിൽ ശ്രീലങ്കക്കെതിരെ ഇന്ത്യ ചരിത്ര വിജയം നേടിയത് ഗംഭീറിന്റെ മികച്ച പ്രകടനത്തിന്റെ കൂടി ബലത്തിലായിരുന്നു. 122 പന്തിൽ 97 റൺസെടുത്ത ഗംഭീറായിരുന്നു അന്ന് ടോപ് സ്കോറർ. ഗംഭീറിന്റെ കരിയറിലെ ശ്രദ്ധേയമായ പ്രകടനത്തിനോളം ശ്രദ്ധേയമായൊരു ചിത്രവും അന്ന് പുറത്തു വന്നിരുന്നു.
ടീം അംഗങ്ങള്‍ക്കൊപ്പം വിജയം ആഘോഷിക്കുന്നതോ, തന്റെ മികച്ച പ്രകടനത്തിലെ സന്തോഷം പങ്കുവെക്കുന്നതോ ആയ ചിത്രമായിരുന്നില്ല അത്. 19ാം ഓവറില്‍ മുത്തയ്യ മുരളീധരന്റെ പന്തില്‍ രണ്ടാമത്തെ റണ്‍സിനായി അദ്ദേഹം ഡൈവ് ചെയ്യുന്ന ചിത്രമായിരുന്നു അത്. 49ാം റണ്‍സായിരുന്നു അദ്ദേഹം സാഹസികമായി നേടിയത്.
മുത്തയ്യയുടെ പന്തില്‍ പെട്ടെന്നാണ് ഗംഭീര്‍ രണ്ട് റണ്‍ ഓടാനായി വിളിച്ചത്. എന്നാല്‍ ക്രീസില്‍ എത്തുന്നതിനും മുമ്പേ പന്ത് കീപ്പറുടെ കൈയില്‍ എത്തുമെന്നിരിക്കെ ഗംഭീര്‍ ബാറ്റ് ഉയര്‍ത്തി എടുത്ത് ചാടി. അദ്ദേഹത്തെ ഇന്നിങ്സിനെ വരച്ച് കാട്ടുന്ന ഡൈവായിരുന്നു അത്. മുഖം നിലത്തേക്ക് കുത്തി ചാടിയ അദ്ദേഹത്തിന്റെ കാലുകള്‍ രണ്ടും വളഞ്ഞ് മുകളിലേക്ക് ‘C’ എന്ന പോലെ രൂപം കൊണ്ടു. ഗംഭീറിന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ചിത്രമായി ഇത് മാറി.
ആദ്യത്തെ ട്വൻറി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലംഗമായ ഈ ഇടംകൈയ്യൻ ഫൈനലിൽ 84 പന്തിൽ 75 റൺസ് നേടി ടോപ് സ്കോററായതും മറ്റൊരു ചരിത്രം. 37കാരനായ ഗംഭീർ ഇന്ത്യക്ക് വേണ്ടി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ട്വൻറി 20കളും കളിച്ചിട്ടുണ്ട്. ഇതിൽ 10000ത്തിലധികം റൺസും ഇന്ത്യയുടെ ഓപണർ സ്പെഷ്യലിസ്റ്റ് സ്വന്തമാക്കിയിട്ടുണ്ട്. 2003ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2016ൽ ഇംഗ്ലണ്ടിനെതിരായാണ് താരം അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്.ഒമ്പത് ടെസ്റ്റ് സെഞ്ച്വറികളും 11 ഏകദിന സെഞ്ച്വറികളും നേടിയ ഗംഭീർ ഐപി.എല്ലിലും മികച്ച പ്രകടനമാണ് നടത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ട് തവണ കിരീടം നേടിക്കൊടുക്കാൻ ഗംഭീറിനായി.
Read More: ഗൗതം ഗംഭീർ വിരമിച്ചു
Gautam Gambhir announces retirement: ഇന്ത്യക്ക് ക്രിക്കറ്റ് ലോകകപ്പ് സമ്മാനിച്ച ടീമിലംഗമായ പ്രശസ്ത ബാറ്റ്സ്മാൻ ഗൗതം ഗംഭീർ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും ഇന്നലെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ഡൽഹിക്ക് വേണ്ടി താരം അവസാനമായി ജഴ്സിയണിയും. ആന്ധ്രക്കെതിരെയാണ് മത്സരം.
രാഷ്ട്രീയത്തിൽ സജീവമാകുന്നതിനാണ് വിരമിക്കുന്നതെന്ന് സൂചനയുണ്ട്. അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ട്വിറ്ററിലൂടെയാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോയുടെ വിരമിക്കൽ പ്രഖ്യാപനം.
Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ