‘അയാൾ അഹങ്കാരിയാണ്’ കഴിഞ്ഞ ആഴ്ച ബിസിസിഐ ഉന്നത ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് വന്ന സന്ദേശമാണിത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണ് ഇത് അയച്ചതെന്നും ഇന്ത്യൻ കോച്ച് അനിൽ കുബ്ലെയെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നതെന്നുമാണ് പറയപ്പെടുന്നത്. ഇന്ത്യൻ കോച്ചിനെച്ചൊല്ലിയുളള തർക്കങ്ങൾ ബിസിസിക്കുളളിൽ നടക്കുമ്പോൾ ലോകത്തിന്റെ മറ്റൊരു കോണിലിരിക്കുന്ന ഒരാൾ ഇതിൽ അദ്ഭുതപ്പെടുന്നില്ല. അത് മറ്റാരുമല്ല ഐപിഎല്ലിലെ ബാംഗ്ലൂരിന്റെ മുൻ കോച്ച് റേയ് ജെന്നിങ്സാണ്.

കോഹ്‌ലിയും കുംബ്ലെയും തമ്മിൽ പ്രശ്നങ്ങളുണ്ട് എന്നതിൽ അദ്ദേഹത്തിന് അദ്ഭുതമില്ല. ഇരുവരെയും എനിക്ക് അറിയാമെന്ന് ജെന്നിങ്സ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഇരുവരും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നവരാണ്. അപ്പോൾ തർക്കമുണ്ടാകുമെന്ന് എനിക്ക് ഊഹിക്കാം. തനിക്കതിൽ അദ്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.

”ഒരു നല്ല കോച്ച് ടീമിലെ കളിക്കാരെ എപ്പോഴും പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും. ടീമിന്റെ വിജയത്തിനാണിത്. കോച്ചും ക്യാപ്റ്റനും തമ്മിൽ നല്ല ബന്ധത്തിലായിരിക്കണം. ഇരുവരും തമ്മിൽ വിശ്വാസം വേണം. ടീമിലെ മറ്റു കളിക്കാരുമായി കോച്ചിനു പ്രശ്നങ്ങളുണ്ടാകാം. പക്ഷേ അപ്പോഴും ക്യാപ്റ്റനുമായി നല്ല ബന്ധത്തിലായിരിക്കണം. എങ്കിൽ മാത്രമേ ടീമിനെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കൂ. ഒരു ക്യാപ്റ്റനെന്ന നിലയ്ക്ക് അയാൾക്ക് തനിക്ക് ഇഷ്ടമുളള വ്യക്തിക്കൊപ്പം പ്രവർത്തിക്കാനുളള അവകാശമുണ്ട്. അതിൽ എനിക്ക് പരാതിയില്ല”- ജെന്നിങ്സ് പറഞ്ഞു.

ബാംഗ്ലൂർ ടീമിൽ കോഹ്‌ലിയുടെ ആദ്യ കോച്ചായിരുന്നു റേയ് ജെന്നിങ്സ്. എന്നാൽ ഒരു വർഷത്തിനുശേഷം അദ്ദേഹത്തെ മാറ്റി. ഇന്ത്യൻ ക്യാപ്റ്റനായി കോഹ്‌ലിയെ തിരഞ്ഞെടുത്തതിനു ഏതാനും ദിവസങ്ങൾക്കുശേഷമായിരുന്നു ജെന്നിങ്സിനെ കോച്ചിന്റെ സ്ഥാനത്തുനിന്നും നീക്കിയത്. 2015 ജനുവരിയിൽ ജെന്നിങ്സ് ഇതേക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിച്ചിരുന്നു.

Read More: കോഹ്‌ലിയും കുംബ്ലെയും തമ്മിൽ കനത്ത പോര്? ഒത്തുതീർപ്പാക്കാൻ സച്ചിനും ഗാംഗുലിയും ഇടപെടുന്നു

”ഒരു കോച്ചെന്ന നിലയിൽ കോഹ്‌ലിയോട് ചില കാര്യങ്ങളെക്കുറിച്ച് ചോദിക്കുമായിരുന്നു,. പൊതുവേ ആൾക്കാർക്ക് അവരോട് എന്തെങ്കിലും പറയുന്നതും അവരുടെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതും ഇഷ്ടമല്ല. എന്നാൽ ഞാൻ ടീമിന്റെ ഭാവിക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്തത്. കോച്ചിനെ മാറ്റണമെന്ന് നിർബന്ധം പിടിച്ചത് കോഹ്‌ലിയാണ്. എനിക്കു പകരം ഡാനിയേൽ വെട്ടോരിയെയാണ് നിയമിച്ചത്. കോഹ്‌ലി വളരെ നല്ല കളിക്കാരനാണ്. പക്ഷേ ചില സമയത്ത് കളിയിലെ കേമൻ ഞാനാണെന്ന് വിചാരിക്കാറുണ്ടെന്നും” ജെന്നിങ്സ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞിരുന്നു.

ഐസിസി ചാമ്പ്യന്‍സ് ലീഗില്‍ പോരാട്ടങ്ങൾ ആരംഭിക്കാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ടീം ഇന്ത്യയുടെ നായകനും മുഖ്യ പരിശീലകനും തമ്മിൽ കനത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതായി വാർത്തകൾ പുറത്തുവന്നിരുന്നു. നായകന്‍ വിരാട് കോഹ്‌ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും തമ്മില്‍ ഉരസലിലാണെന്നും പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ സച്ചിനും ഗാംഗുലിയും ലക്ഷ്മണും അടങ്ങുന്ന മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ