ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന് ഇത് തിളക്കത്തിന്റെ ദശകമാണ്.  2011 ലെ ലോകകപ്പ് മഹത്വം മുതൽ തുടർച്ചയായി മൂന്ന് വർഷം ഒന്നാം നമ്പർ ടെസ്റ്റ് ടീം എന്ന പദവി കൈവശം വയ്ക്കുന്നത് വരെ, ആരാധകർക്ക് ആഹ്ളാദിക്കാൻ നിരവധി കാരണങ്ങൾ.

ഈ ദശകത്തിലെ ഇന്ത്യൻ ടീമിനെ കൂടുതൽ ശക്തിപ്പെടുത്തിയ അഞ്ച് പ്രധാന കാര്യങ്ങൾ ഏതെല്ലാമെന്ന് പരിശോധിക്കാം.

2011 ക്രിക്കറ്റ് ലോകകപ്പ്

2011 ലെ ലോകകപ്പിന്റെ തുടക്കത്തിൽ ഇന്ത്യ സഹ-ആതിഥേയരായ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. തുടർന്ന് ഇംഗ്ലണ്ടുമായുള്ള സമനിലയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒരു തോൽവിയും ഒഴിച്ചാൽ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ടീം വിജയിച്ചു.

ക്വാർട്ടർ ഫൈനലിൽ, യുവരാജ് സിങിന്റെ തകർപ്പൻ പ്രകടനവും ഇന്ത്യയെ ഓസ്ട്രേലിയക്കെതിരായ വിജയത്തിലേക്ക് നയിച്ചു. സെമിയിൽ പാക്കിസ്ഥാനെയും അനായാസം കീഴടക്കി എംഎസ് ധോണിയുടെ നായകത്വത്തിനു കീഴിൽ ടീം കലാശപ്പോരിന് തയാറെടുത്തു. ഫൈനലിൽ ശ്രീലങ്കയെ തകർത്തതും ചരിത്രം. നായകൻ ധോണിയിൽനിന്നുള്ള ആ സിക്സർ ഇന്നും ഓരോ ഇന്ത്യക്കാരന്റെയും മനസിൽ മങ്ങാതെ കിടക്കുന്നു. ഈ കിരീട നേട്ടം ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മിനുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

2013 ചാംപ്യൻസ് ട്രോഫി

ലോകകപ്പ് വിജയത്തിന് രണ്ട് വർഷത്തിന് ശേഷം ഇന്ത്യൻ ടീമിന്റെ മറ്റൊരു വഴിത്തിരിവായിരുന്നു 2013 ൽ ബ്രിട്ടീഷ് മണ്ണിൽ നടന്ന ചാംപ്യൻസ് ട്രോഫി. 2011 ലോകകപ്പിലെ പരിചയസമ്പത്ത് കൈമുതലായുണ്ടായിരുന്ന ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് വണ്ടികയറിയത് യുവനിരയുമായാണ്. ഇത്തവണ ധോണിയുടെ ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ കീഴടക്കി പരാജയപ്പെടുത്തി തങ്ങൾക്ക് എന്തും സാധിക്കുമെന്ന് കാണിച്ചു.

2011 ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിന് ശേഷമുള്ള പുറപ്പാടിൽ നിരവധി പേരുകൾ ടീമിനകത്തേക്കും പുറത്തേക്കും പോകാൻ കാരണമായി. എന്നാൽ ഈ വിജയത്തോടെ എല്ലാവരും ഇന്ത്യൻ ക്രിക്കറ്റിലെ യുവ കരുത്തിന്റെ ആവിർഭാവം ശ്രദ്ധിച്ചു. ശിഖർ ധവാൻ, രോഹിത് ശർമ എന്നിവരുടെ രൂപത്തിൽ ഇന്ത്യൻ ടീം പുതിയ ഓപ്പണിങ് ജോഡിയെയും കണ്ടെത്തി.

Read also: വല്യേട്ടന്റെ വീട്ടിലെ രാത്രി; ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾക്ക് വിരുന്നൊരുക്കി ധോണി

2014 ലെ ഓസ്ട്രേലിയൻ പര്യടനം

ടെസ്റ്റ് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ആദ്യ പകുതി അത്ര നന്നല്ലായിരുന്നു. ചാംപ്യൻസ് ട്രോഫിക്കുശേഷം ഇന്ത്യയുടെ അടുത്ത വലിയ വെല്ലുവിളി 2014 ഡിസംബർ, ജനുവരി മാസങ്ങളിൽ ഓസ്‌ട്രേലിയൻ പര്യടനമായിരുന്നു. ഓസീസ് മൈതാനങ്ങളിൽ അമ്പേ പരാജയപ്പെട്ട് ഒരു ജയം പോലും നേടാനാകാതെ ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യൻ ടീം തലകുനിച്ചു.

ഇന്ത്യൻ ടീമിന്റെ ചരിത്രത്താളുകളിൽ കരിനിഴൽ വീഴ്ത്തിയ ഈ പരമ്പര മറക്കേണ്ട ഒന്നായിരുന്നു. വിദേശത്ത് ഇന്ത്യയുടെ ഏറ്റവും മോശം റെക്കോർഡെന്ന വിമർശനത്തിനൊടുവിൽ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽനിന്ന് ധോണി വിരമിക്കൽ പ്രഖ്യാപിക്കുകയും വിരാട് കോഹ്‌ലിക്ക് നായക സ്ഥാനം ലഭിക്കുകയും ചെയ്തു.
തോൽക്കാൻ ആഗ്രഹിക്കാത്ത ആക്രമണാത്മക നായകനെ ഇതിലൂടെ ഇന്ത്യക്ക് ലഭിക്കുകയും ചെയ്തു.

അതിനുശേഷമുള്ള ടെസ്റ്റ് ആധിപത്യം

താമസിയാതെ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിൽ പ്രധാന ശക്തിയായി ഉയർന്നുവരാൻ തുടങ്ങി. ഈ ഘട്ടത്തിൽ, കോഹ്‌ലിയും ടീമും 2017 ൽ ഐസിസിയുടെ ടെസ്റ്റ് റാങ്കിൽ ഒന്നാം സ്ഥാനം നേടി. അന്നുമുതൽ ഇന്നുവരെ ഈ പദവി നിലനിർത്താൻ നമ്മുടെ ടീമിന് സാധിച്ചു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ബാറ്റിങ്ങിൽ കോഹ്‌ലി, ചേതേശ്വർ പൂജാര എന്നിവർ തകർത്തപ്പോൾ സ്പിൻ ബോളിങിൽ സ്വന്തം നാട്ടിൽ ആർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവരും തിളങ്ങി.

എന്നാൽ, 2017 മുതൽ, ഇന്ത്യയുടെ ഉയർച്ചയെ ഏറെ സ്വാധീനിച്ച ഘടകമാണ് പേസ് ബോളിങ് വിഭാഗത്തിന്റെ ആവിർഭാവം. ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ് എന്നിവരടങ്ങുന്ന പേസ് നിര ഇന്ത്യയിലും വിദേശ പിച്ചുകളിലും മാരകമായിരുന്നു. 1947 ന് ശേഷം ഓസ്‌ട്രേലിയയിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം സ്വന്തമാക്കാനും കോഹ്‌ലിക്കും സംഘത്തിനുമായി.

ഈ ദശകത്തിൽ മികച്ച വിജയ-പരാജയ അനുപാതം മാത്രമല്ല, എല്ലാ പ്രധാന ടെസ്റ്റ് രാജ്യങ്ങളിലും ഏറ്റവും ഉയർന്ന വിജയശതമാനവും ഇന്ത്യൻ ടീമിന് മാത്രം അവകാശപ്പെടാനുള്ളതാണ്. ഈ ദശകത്തിൽ ഇന്ത്യ 107 ടെസ്റ്റ് മത്സരങ്ങൾ കളിച്ചതിൽ 56 ജയങ്ങളും 29 തോൽവികളുമാണ് സ്വന്തം പേരിൽ കുറിച്ചത്.

ഇന്ത്യയുടെ 500 ഏകദിന വിജയങ്ങൾ

2019 മാർച്ച് അഞ്ചിന് നാഗ്പൂരിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചപ്പോൾ ഇന്ത്യ 500-ാം വിജയമെന്ന റെക്കോർഡും കുറിച്ചു. ഓസ്‌ട്രേലിയയ്ക്ക് ശേഷം ഏകദിന അന്താരാഷ്ട്ര മത്സരങ്ങളിൽ 500 വിജയങ്ങൾ സ്വന്തമാക്കുന്ന ചരിത്രത്തിലെ രണ്ടാമത്തെ ടീമായി മാറി. ഈ നേട്ടം 963 മത്സരങ്ങളിൽ നിന്നുമാണെന്നതും ശ്രദ്ധേയം.

1974 ൽ ആണ് ഇന്ത്യ ആദ്യ ഏകദിനം കളിക്കുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, പാക്കിസ്ഥാൻ, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നിവർക്കെതിരെ നൂറിലധികം ഏകദിന മത്സരങ്ങളും ഇന്ത്യൻ ടീം കളിച്ചിട്ടുണ്ട്. അതിൽ ശ്രീലങ്കയ്‌ക്കെതിരായാണ് അവരുടെ ഏറ്റവും മികച്ച വിജയശതമാനം (61.56). അതേസമയം ഏറ്റവും മോശം വിജയ ശതമാനമുള്ളത് ക്രിക്കറ്റിലെ അതികായകരായ ഓസ്‌ട്രേലിയയ്‌ക്കെതിരെയും (39.83).

അടുത്തിടെ നടന്ന കട്ടക്ക് ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരായ തകർപ്പൻ ജയത്തോടെ ഇന്ത്യൻ ടീം 2019 വർഷം അവസാനിപ്പിക്കുകയും പരമ്പര 2-1 ന് സ്വന്തമാക്കുകയും ചെയ്തു. ഇത് ഇന്ത്യയുടെ ഈ ദശകത്തിലെ 157-ാമത് ഏകദിന വിജയമായിരുന്നു.

2010-2019 മുതൽ കളിച്ച 249 മത്സരങ്ങളിൽ നിന്നാണ് ഇത്രയും ജയം. 79 മത്സരങ്ങളിൽ തോൽവി വഴങ്ങിയപ്പോൾ ആറെണ്ണം സമനിലയിലും ഏഴെണ്ണം ഫലങ്ങമില്ലാതെ പോവുകയും ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook