കൊറോണ വൈറസ് കായിക ലോകത്തെയും നിശ്ചലമാക്കിയതോടെ മൈതാനങ്ങളൊഴിഞ്ഞു, താരങ്ങളെല്ലാം വീടുകളിലാണ്. ഈ സമയം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാനും മനസ് തുറക്കാനും പല കായിക താരങ്ങളും സമയം ചെലവഴിക്കാറുണ്ട്. അത്തരത്തിൽ മുൻ ഇന്ത്യൻ പേസർ ഇർഫാൻ പഠാനും നിലവിൽ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യവുമായ മുഹമ്മദ് ഷമിയും ഇൻസ്റ്റഗ്രാം ലൈവിലൂടെ ആരാധകർക്ക് മുന്നിലെത്തി. ഇരുവരുടെയും സംസാരവിഷയങ്ങളിൽ ഒന്ന് യുവതാരം റിഷഭ് പന്തായിരുന്നു.
Also Read: ശ്രീശാന്തിനെ ഹർഭജൻ തല്ലിയതിന് പിന്നിലെ സാഹചര്യം വ്യക്തമാക്കി മുൻ മുംബൈ താരം
ടീമിലെ യുവതാരത്തെക്കുറിച്ച് ഷമിക്ക് വലിയ മതിപ്പാണ്. പന്തിന് വേണ്ടത് ആത്മവിശ്വാസം മാത്രമാണെന്ന് പറഞ്ഞ താരം പന്തിന്റെ കഴിവിനെയും പ്രശംസിച്ചു. “റിഷഭ് പന്തിന്റെ കഴിവ് അതിശയകരമാണ്. അത് അവൻ എന്റെ സുഹൃത്തായതുകൊണ്ട് പറയുന്നതല്ല. ആത്മവിശ്വാസമാണ് വേണ്ടത്. ആ ആത്മവിശ്വാസം അവന് ലഭിച്ചാൽ പന്ത് അപകടകാരിയാണ്,” ഷമി പറഞ്ഞു.
Also Read: ആ ഐതിഹാസിക വിജയം ദാദയും പിള്ളരും ആഘോഷിച്ചത് ഇങ്ങനെ; ഡ്രസിങ് റൂമിലെ വീഡിയോ വൈറലാകുന്നു
കഴിഞ്ഞ കുറച്ച് നാളുകളായി വലിയ രീതിയിൽ ചോദ്യം ചെയ്യപ്പെടുന്ന കാര്യങ്ങളിൽ ഒന്നാണ് ഇന്ത്യൻ ടീമിൽ പന്തിന്റെ സ്ഥാനം. ധോണിയുടെ പിൻഗാമിയായി എത്തിയ താരത്തിന് വിക്കറ്റിന് പിന്നിൽ തിളങ്ങാനായില്ലെന്ന് മാത്രമല്ല ബാറ്റിങ്ങിൽ സ്ഥിരത പുലർത്താത്തതും തിരിച്ചടിയായി. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ ഉൾപ്പടെ താരത്തിന് അവസരം നൽകിയിരുന്നു. എന്നാൽ ഈ അവസരങ്ങൾ വേണ്ടരീതിയിൽ ഉപയോഗിക്കാൻ താരത്തിന് സാധിച്ചില്ല.
Also Read: ഇന്ത്യൻ നായകൻ; കോഹ്‌ലിയുടെ പിൻഗാമികളാകാൻ സാധ്യതയുള്ള മൂന്ന് താരങ്ങൾ ഇവർ
നേരത്തെ പന്തിനെ പിന്തുണച്ച് രോഹിത് ശർമ്മയും യുവരാജ് സിങ്ങും രംഗത്തെത്തിയിരുന്നു. മാധ്യമങ്ങളും എല്ലാവരും പന്തിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയാണെന്നാണ് താരങ്ങൾ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ കുറച്ച് നാളുകളായി പരുക്കിന്റെ പിടിയിലുള്ള താരത്തിന് പ്ലെയിങ് ഇലവനിൽ ഇടംപിടിക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കെ.എൽ.രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ഗ്ലൗ അണിഞ്ഞത്.