22-ാം വയസില്‍ വിവാഹം ചെയ്തതിന് ബംഗ്ലാദേശി ക്രിക്കറ്റ് ടീം ബോളര്‍ ടസ്കിന്‍ അഹമ്മദിനെതിരെ സോഷ്യൽ മീഡിയയില്‍ ആക്രമണം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ടസ്കിന്‍ കാമുകിയായ സയിദ് സാബിയ നൈമയെ വിവാഹം ചെയ്തത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏഴ് മത്സരങ്ങളില്‍ മികവ് പുലര്‍ത്താന്‍ ടസ്കിന് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് വിവാഹം നടന്നത്.

വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് താരത്തിന് നേരെ ആരാധകരുടെ സൈബര്‍ ആക്രമണം ഉണ്ടായത്. ആദ്യം ടസ്കിന്റെ ഭാര്യയ്ക്ക് നേരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. നൈമയെ കാണാന്‍ ആഫ്രിക്കക്കാരിയെ പോലെ ഉണ്ടെന്നും ടസ്കിനെ പ്രണയിച്ച ബംഗ്ലാദേശി ആരാധികമാരെ ഓര്‍ത്ത് ഖേദിക്കുന്നു എന്നുമാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തത്. ടസ്കിന് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാമായിരുന്നുവെന്നും കമന്റുകള്‍ വന്നു.

എന്നാല്‍ ചിലര്‍ 22-ാം വയസില്‍ എന്തിനാണ് ടസ്കിന്‍ വിവാഹം കഴിച്ചത് എന്നായിരുന്നു ചോദിച്ചത്. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് ടസ്കിന്‍ വിവാഹം ചെയ്തത് ശരിയായില്ലെന്നും ഇത്തരക്കാര്‍ വിമര്‍ശിച്ചു. ആരാധികമാര്‍ ഏറെയുളള ടസ്കിന് ഇത് തിരിച്ചടി ആകുമെന്നായിരുന്നു ചിലരുടെ പക്ഷം. എന്നാല്‍ ടസ്കിനെതിരെയുളള ആക്രമണത്തെ ചെറുത്തും വധുവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നും കമന്റുകള്‍ പ്രവഹിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ