കളിക്കളത്തിലെ മോശം പെരുമാറ്റത്തിനാണ് താരങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിക്കുക. 2 മഞ്ഞ കാർഡ് കാണുകയോ, ഗുരുതരമായ അച്ചടക്ക ലംഘനം നടത്തുകയോ ചെയ്താലാണ് ചുവപ്പ് കാർഡ് ലഭിക്കുക. എന്നാൽ ഫ്രഞ്ച് ലീഗിൽ ഇന്നലെ ലിയോൺ ക്ലബ് താരം മാഴ്സേലോയ്ക്ക് ചുവപ്പ് കാർഡ് നൽകിയ റഫറിയുടെ തീരുമാനത്തെപ്പറ്റി വലിയ ചർച്ചകൾ നടക്കുകയാണ്. റഫറിയോട് മോശമായി പെരുമാറി എന്നാരോപിച്ചാണ് മാഴ്സേലോയ്ക്ക് ചുവപ്പ് കാർഡ് നൽകിയത്.

എതിർ താരം സാന്റമരിയയെ മാഴ്സേലോ ഫൗൾ ചെയ്തപ്പോഴാണ് നാടകീയ രംഗങ്ങൾക്ക് തുടക്കമാകുന്നത്. ഈ ഫൗളിന് മാഴ്സേലോയ്ക്ക് റഫറി മഞ്ഞകാർഡാണ് നൽകിയത്. എന്നാൽ റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മാഴ്സേലോ എത്തി. റഫറിയുമായി വാഗ്‌വാദത്തിൽ ഏർപ്പെടുന്നതിനിടെ മാഴ്സേലോയുടെ കൈ തട്ടി റഫറിയുടെ കൈയിൽ നിന്ന് കാർഡ് താഴെ വീണു. മഞ്ഞ കാർഡ് റഫറി പോക്കറ്റിലേക്ക് വയ്ക്കുന്നതിനിടെയാണ് മാഴ്സേലോയുടെ കൈയിൽ തട്ടുന്നത്. ഉടൻ റഫറി മാഴ്സേലോയ്ക്ക് ചുവപ്പ് കാർഡ് നൽകി. എന്നാൽ അറിയാതെ സംഭവിച്ചതാണ് ഇതെന്ന് പറഞ്ഞ് താരം മാപ്പ് പറഞ്ഞിട്ടും റഫറി തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു.

മത്സരത്തിൽ ലിയോൺ 3-1 എന്ന സ്കോറിന് ലീഡ് ചെയ്യുമ്പോഴാണ് മാഴ്സേലോ പുറത്താകുന്നത്. 10 പേരായി ചുരുങ്ങിയ ലിയോണിനെ കളി അവസാനിക്കുമ്പോൾ 3-3 എന്ന സ്കോറിന് ആൻഗർ ക്ലബ് സമനിലയിൽ തളക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ