വിംബിള്‍ഡന്‍ ടെന്നീസിലെ എട്ടാം ഗെയിമില്‍ 10,000ാമത് എയ്സ് എന്ന റെക്കോര്‍ഡ് നേടിയിരിക്കുകയാണ് റോജര്‍ ഫെഡറര്‍. 10,000 എന്ന മാന്ത്രിസംഖ്യ തികയ്ക്കാന്‍ വെറും ആറ് എയ്സുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഫെഡറര്‍ വിബിള്‍ഡണ്‍ ചാമ്പ്യന്‍ഷിപ്പിനെത്തിയത്.

അലക്സാണ്ടര്‍ ഡോള്‍ഗോപൊളോവിനെതിരെയാണ് അദ്ദേഹം 10,000ാമത് എയ്സ് തികച്ചത്. എതിരാളിയുടെ റാക്കറ്റില്‍ തട്ടാതെ പോയന്റ് നേടുന്ന സെര്‍വിനെയാണ് എയ്സ് എന്ന് പറയുന്നത്. ചരിത്രത്തില്‍ ഇടം നേടിയ മുഹൂര്‍ത്തത്തില്‍ ഫെഡററെ കൂടാതെ ഹാരിസ് ഖാന്‍ എന്ന ഒരു ബോള്‍ ബോയ് കൂടിയാണ് ശ്രദ്ധാകേന്ദ്രമായത്.

ഫെഡററ്‍ എയ്സ് ചെയ്ത ബോള്‍ കോര്‍ട്ടിലുണ്ടായിരുന്ന ഹാരിസ് ഖാന്‍ താരത്തോടുളള ആരാധന മൂത്ത് കൈക്കലാക്കുകയായിരുന്നു. പിന്നീട് താന്‍ വീട്ടില്‍ എത്തി ടിവി തുറന്നപ്പോഴാണ് താന്‍ എടുത്തത് ഫെഡററുടെ 10,000ാമത് എയ്സ് ബോള്‍ ആണെന്ന് ഹാരിസ് തിരിച്ചറിഞ്ഞത്. വിംബിള്‍ഡണ്‍ ചാനലിനോട് ഹാരിസ് ഇക്കാര്യം വെളിപ്പെടുത്തുന്ന ഘട്ടത്തില്‍ തന്നെ ഫെഡറര്‍ ഹാരിസിന്റെ പക്കലെത്തി.

ഈ പന്തിന്റെ പ്രത്യേകത എന്താണെന്ന് ഫെഡറര്‍ ചോദിച്ചപ്പോള്‍ ഹാരിസ് തന്നെ അതിന്റെ പ്രത്യേകത വിശദീകരിച്ച് കൊടുക്കുകയായിരുന്നു. ചരിത്രം കുറിച്ച ബോളാണ് താന്‍ എടുത്തതെന്ന് ഹാരിസ് തന്നെ പറഞ്ഞു. എന്നാല്‍ ആ ബോള്‍ തനിക്ക് തിരിച്ച് തരാമോ എന്നാണ് ടെന്നീസ് ഇതിഹാസം ഹാരിസിനോട് ചോദിച്ചത്. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പണം കണ്ടെത്താന്‍ ഈ ബോള്‍ ലേലത്തില്‍ വെക്കാം എന്നാണ് ഫെഡറര്‍ നിര്‍ദേശിച്ചത്.

തന്റെ കൈയിലിരിക്കുന്നത് വിലപിടിപ്പുളള അപൂര്‍വ്വ വസ്തുവാണെന്ന് അറിഞ്ഞിട്ടും ഹാരിസ് ഫെഡററുടെ വാക്കുകള്‍ അംഗീകരിച്ചു. ഇത് വളരെ നല്ല കാര്യമാണെന്നും വിംബിള്‍ഡമ്‍ എന്നും ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ മുന്‍കൈ എടുത്തിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞു. രണ്ട് വര്‍ഷക്കാലം താനും ബോള്‍ ബോയ് ആയിരുന്ന കാലത്തെ കുറിച്ച് ഫെഡററും വ്യക്തമാക്കി. കളിക്കാരോടൊപ്പം സമയം ചെലവഴിക്കുകയും അവരുളള അതേ കോര്‍ട്ടില്‍ തന്നെ നില്‍ക്കുന്നതും തന്നെ വളരെയധികം ആവേശം കൊളളിച്ചതായി ഫെഡറര്‍ പറയുന്നു. താന്‍ നിന്ന അതേ സ്ഥാനത്ത് ഹാരിസിനെ കാണാനായതില്‍ സന്തോഷമുണ്ടെന്നും ഫെഡറര്‍ കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ