ഐപിഎൽ താരലേലത്തിൽ തന്നെ സ്വന്തമാക്കിയ കിങ്സ് ഇലവൻ പഞ്ചാബിന് നന്ദി അറിയിച്ച് മുൻ ചെന്നൈ സൂപ്പർ കിങ്സ് താരം ആർ.അശ്വിൻ. ലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സ്, അശ്വിനെ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും താരത്തിന് വേണ്ടി കൂടുതൽ തുക മുടക്കാൻ ടീം മാനേജ്മെന്റ് തയ്യാറായില്ല.

നാല് കോടി രൂപയിൽ ചെന്നൈ സൂപ്പർ കിങ്സ് ലേലം വിളി അവസാനിപ്പിച്ചപ്പോൾ രാജസ്ഥാൻ റോയൽസും കിങ്സ് ഇലവൻ പഞ്ചാബുമായിരുന്നു രംഗത്ത്. ഇരുവരും മൽസരിച്ച് ലേലം വിളിച്ചതോടെ താരത്തിന്റെ മൂല്യം 7 കോടി പിന്നിട്ടു.

ഐപിഎല്ലിൽ ഇത്രയും തുക അശ്വിന് ലഭിക്കുന്നത് ആദ്യമായാണ്. ഇതോടെയാണ് തന്റെ പുതിയ കുടുംബത്തിന് നന്ദി അറിയിച്ച് അശ്വിൻ ട്വീറ്റ് ചെയ്തത്.

“താരലേലം എപ്പോഴും ഒരു കാസിനോ പോലെയാണ്. എന്റെ പുതിയ വീട് കിങ്സ് ഇലവൻ പഞ്ചാബാകുന്നതിൽ വളരെയേറെ സന്തോഷമുണ്ട്. മഹത്തരമായ ഓർമ്മകൾക്ക് ചെന്നൈ സൂപ്പർ കിങ്സിന് നന്ദി”, അശ്വിൻ ടീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ