ആഷസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ന് തുടക്കമാകും. ലീഡ്സാണ് മൂന്നാം മത്സരത്തിന് വേദിയാകുന്നത്. പരമ്പരയിൽ മുന്നിലുള്ള ഓസ്ട്രേലിയ ആധിപത്യം ഉറപ്പിക്കാൻ ഇറങ്ങുമ്പോൾ പരമ്പരയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാകും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. തകർപ്പൻ ഫോമിലായിരുന്ന സ്മിത്ത് ഇല്ലാതെയാകും ഓസ്ട്രേലിയ മൂന്നാം അങ്കത്തിനിറങ്ങുന്നത്.

പരമ്പരയിൽ 1-0ന് മുന്നിലാണ് ഓസ്ട്രേലിയ. ആദ്യ മത്സരത്തിൽ വമ്പൻ മാർജിനിൽ ജയം സ്വന്തമാക്കിയ ഓസ്ട്രേലിയ രണ്ടാം മത്സരത്തിൽ സമനില വഴങ്ങിയിരുന്നു. ഒരുഘട്ടത്തിൽ ഇംഗ്ലണ്ട് ആധിപത്യം ഉറപ്പിച്ച മത്സരത്തിലെ ഓസീസ് ചെറുത്തുനിൽപ്പാണ് മത്സരം സമനിലയിൽ എത്തിച്ചത്.

രണ്ടാം മത്സരത്തിനിടെ ജോഫ്രാ ആർച്ചറുടെ ബൗൺസറിൽ പരുക്കേറ്റതാണ് സ്മിത്തിന് തിരിച്ചടിയായത്. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സര്‍ കഴുത്തിലിടിച്ച് പരുക്കേറ്റ സ്മിത്ത് നിലതെറ്റി വീഴുകയായിരുന്നു.

ജോഫ്രാ ആർച്ചർ തന്നെയാണ് മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിന്റെ വജ്രായുധം. ഓസീസ് ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിക്കാൻ ആർച്ചർ ഒരാൾ മതിയാകും. ക്രിസ് വോക്സിന് ഇന്നത്തെ മത്സരത്തിൽ വിശ്രമം അനുവദിക്കാനുള്ള സാധ്യതയുമുണ്ട്. ഒലി പോപ്പിനെ ഇംഗ്ലണ്ട് സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മറുവശത്ത് സ്റ്റീവ് സ്മിത്തിന്റെ അഭാവം ഓസ്ട്രേലിയക്ക് വെല്ലുവിളി തന്നെയാണ്. ഓസിസ് ബാറ്റ്സ്മാന്മാർ ഒന്നിന് പുറകെ ഒന്നായി തകർന്ന് വീണ ആദ്യ രണ്ട് മത്സരങ്ങളിലും ക്രീസിൽ നിലയുറപ്പിച്ചത് സ്മിത്തായിരുന്നു. ആദ്യ മത്സരത്തിലെ രണ്ട് സെഞ്ചുറി പ്രകടനങ്ങൾ ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചപ്പോൾ രണ്ടാം മത്സരത്തിലെ താരത്തിന്റെ ചെറുത്തുനിൽപ്പ് ഓസിസിന് സമനിലയും സമ്മാനിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook