വിരാട് കോഹ്ലി ഒരു സെഞ്ച്വറി നേടാൻ അധിക സമയമൊന്നുമില്ലെന്ന് ബാല്യകാല പരിശീലകൻ രാജ് കുമാർ ശർമ്മ. കോഹ്ലി വളരെ ശാന്തമായ മാനസികാവസ്ഥയിൽ ആണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി കോഹ്ലിക്ക് നല്ല തുടക്കവും അർധസെഞ്ച്വറികളും ലഭിക്കുന്നുണ്ടെങ്കിലും ഏകദേശം രണ്ട് വർഷത്തിലേറെയായി തന്റെ 70-മത് സെഞ്ച്വറി നേടാൻ കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല.
അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ടെങ്കിലും, റൺസ് സ്കോർ ചെയ്യുന്നത് തുടരുന്നതിനാൽ അവയ്ക്ക് സാധുതയില്ലെന്നാണ് ശർമ്മ പറയുന്നത്.
“അവനെ ചോദ്യം ചെയ്യുന്ന ആളുകൾ അവന്റെ കണക്കുകൾ നോക്കണമെന്ന് എനിക്ക് തോന്നുന്നു. അത് കണ്ടുകഴിഞ്ഞാൽ അവനെ വിമർശിക്കാൻ അവർക്ക് ബുദ്ധിമുട്ടായിരിക്കും. സെഞ്ച്വറി വരുന്നില്ലെങ്കിലും അത് 70 എണ്ണം അവനുണ്ട്. അത് തിരിച്ചറിയണം.
“സത്യസന്ധമായി പറഞ്ഞാൽ, അവൻ നന്നായി കളിക്കുന്നുണ്ട്, അദ്ദേഹം വളരെ പോസിറ്റീവും വളരെ റിലാക്സ്ഡുമാണ്, ഉടൻ തന്നെ ഞങ്ങൾക്ക് അദ്ദേഹത്തിൽ നിന്ന് ഒരു വലിയ ഇന്നിങ്സ് കാണാനാവും, ” ശർമ്മ പിടിഐയോട് പറഞ്ഞു.
Also Read: ഇന്ത്യ – ശ്രീലങ്ക പരമ്പരയുടെ പുതിയ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു
നേരത്തെ രോഹിത് ശർമ്മയും മുൻ ക്യാപ്റ്റനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. നിങ്ങൾ മിണ്ടാതിരുന്നാൽ എല്ലാം ശരിയാകുമെന്ന് മാധ്യമങ്ങളെ വിമർശിച്ചു കൊണ്ടായിരുന്നു രോഹിതിന്റെ പ്രതികരണം.
“നിങ്ങൾക്ക് കുറച്ചുകാലം മിണ്ടാതിരിക്കാൻ കഴിയുമെങ്കിൽ, എല്ലാം ശരിയാകും. കോഹ്ലി ഇപ്പോൾ നല്ല മാനസിക നിലയിലാണ്. അദ്ദേഹം ഒരു ദശകത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നു . സമ്മർദ്ദത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം.” കോഹ്ലിയുടെ ഫോമിലായ്മ സംബന്ധിച്ച ചോദ്യത്തിന് മാധ്യമങ്ങളെ വിമർശിച്ചുകൊണ്ട് രോഹിത് പറഞ്ഞു.