തോമസ് കപ്പിലെ ഇന്ത്യൻ വിജയത്തിനു മധുരമേറെയാണ്. 14 തവണ ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ തകര്‍ത്തായിരുന്നു ഇന്ത്യൻ ബാഡ്മിന്റൺ ടീം കപ്പിൽ മുത്തമിട്ടത്. കിരീട നേട്ടത്തിൽ സഹതാരങ്ങളായ കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെൻ, ഡബിൾസ് ജോഡികളായ ചിരാഗ് ഷെട്ടി, സാത്വിക് സായ്രാജ്, രങ്കിറെഡ്ഡി എന്നിവരെയും കോര്‍ട്ടിലെ പങ്കാളി ധ്രുവ് കപിലയെയും പോലെ അർജുൻ എം ആർ ഇപ്പോഴും സന്തോഷത്തിലാണ്.
ടൂര്‍ണമെന്റിലെ തങ്ങളുടെ തന്ത്രം വളരെ ലളിതമായിരുന്നുവെന്നാണ് ഇരുപത്തി അഞ്ചുകാരനായ അർജുൻ പറയുന്നത്. “ഞങ്ങൾ വലിയ പ്രതീക്ഷകള്പുലര്ത്തിയില്ല. ഒരു സമയം ഒരു മത്സരം എന്ന നിലയിലാണ് സമീപിച്ചത്,” അർജുൻ ഇന്ത്യന്‍ എക്സ്പ്രസിനോട് പഞ്ഞു.
1952, 1955, 1979 വർഷങ്ങളിൽ ഇന്ത്യ തോമസ് കപ്പ് സെമിയിൽ ഫൈനല്‍ വരെ എത്തിയിരുന്നു. ഇത്തവണ ശ്രീകാന്ത്, രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി, ലക്ഷ്. സെൻ, പ്രണോയ് എന്നിവരുടെ മികവുറ്റ പ്രകടനമാണ് ആദ്യമായി തോമസ് കപ്പ് വിജയികളാകാൻ ഇന്ത്യയെ സഹായിച്ചത്.
ഗ്രൂപ്പ് സിയിലെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ചൈനീസ് തായ്പേയ്ക്കെതിരെ തോറ്റത് ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിരുന്നു. “ഗ്രൂപ്പ് മത്സരത്തിൽ ടീം പരാജയം നേരിട്ടത് ഞങ്ങളിൽ പലര്‍ക്കും വ്യക്തിപരമായ തിരച്ചിടിയായി മാറി. ആ തോല്‍വി ടീമിനെ കൂടുതല്‍ ഒന്നിപ്പിച്ചെന്നും കിരീട നേട്ടത്തിലേക്കുള്ള യാത്രയില്‍ നിര്‍ണായക പങ്കു വഹിച്ചു,” അർജുൻ പറഞ്ഞു.
“ഞങ്ങളെ സംബന്ധിച്ചിടത്തോളം, ആ തോല്‍വി മറക്കാനാവാത്തതായിരുന്നു. നമ്മള് ഒന്നാണെന്ന ചിന്ത ജനിച്ചു. പലപ്പോഴും എല്ലാവര്ക്കും കളിക്കാനുള്ള അവസരം ലഭിക്കാറില്ല. എങ്കിലും ആ നിമിഷത്തില്‍ ടീം ഒറ്റക്കെട്ടായി നിന്നു. അതിനുശേഷം, എല്ലാ വിജയങ്ങളും ഞങ്ങൾ ആഘോഷിച്ചു. പ്രത്യേകിച്ച് സെമി ഫൈനലിനു ശേഷം മെഡൽ ഉറപ്പായതോടെ. നൃത്തം ചെയ്തും ‘ഭാരത് മാതാ കീ ജയ്’ വിളിച്ചും ഞങ്ങൾ കളിക്കളത്തിലും മീഡിയ റൂമിലും ആനന്ദിച്ചു,” അര്ജുന് വിശദീകരിച്ചു.
കിരീടത്തിലേക്കുള്ള അർജുന്റെ യാത്ര സുഖകരമായിരുന്നില്ല. ചാമ്പ്യൻഷിപ്പിനുള്ള സെലക്ഷൻ ട്രയൽസിനു ഒരാഴ്ച മുമ്പ് താരത്തിനു കോവിഡ് ബാധിച്ചു. “ആരോഗ്യം വീണ്ടെടുക്കാന്‍ എന്റെ മുന്നിലുണ്ടായിരുന്നത് മൂന്നു ദിവസം മാത്രമായിരുന്നു, സത്യസന്ധമായി പറഞ്ഞാൽ, ഞാൻ നിശബ്ദനായി കഠിനാധ്വാനം ചെയ്തു. ഒടുവിൽ ട്രയൽസ് വിജയിക്കുകയും തോമസ് കപ്പിനും ഏഷ്യൻ ഗെയിംസിനുമുള്ള ടീമില്‍ ഇടം നേടുകയും ചെയ്തു. പ്രതിബന്ധങ്ങളെ മറികടന്നുള്ള പോരാട്ടം എന്നെ സംബന്ധിച്ച് വൈകാരികമായിരുന്നു. അവിടെനിന്ന് പിന്നോട്ടു പോകേണ്ടി വന്നില്ല,” അർജുൻ പറഞ്ഞു.
മറ്റുള്ളവരുടെ പ്രതീക്ഷകള്‍ സമ്മര്‍ദം നല്‍കിയതായി അര്ജുന് പറയുന്നു. കളിക്കു മുന്‍പുണ്ടായിരുന്ന എല്ലാ അഭിമുഖങ്ങളിലും തങ്ങള്‍ എങ്ങനെ വിജയിക്കും എന്നതിനെക്കുറിച്ചായിരുന്നു എല്ലാവരുടെയും ആശങ്കയും സംസാരവും. സമ്മര്‍ദത്തില്‍ വീഴാതെ മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നതായിരുന്നു തനിക്കും ടീമിനും പ്രധാനമായിരുന്നതെന്നും അര്ജുന് വ്യക്തമാക്കി.
ചരിത്ര വിജയത്തിനു ശേഷം, ഇന്ത്യൻ ടീമിന് രാജ്യമെമ്പാടും ലോകമെമ്പാടും നിന്ന് അഭിനന്ദനങ്ങളും ആശംസകളും ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോൺ വിളി ടീമിനു വേറിട്ട അനുഭവമായി.
“പ്രധാനമന്ത്രിയില്‍ നിന്ന് ഫോണ്‍ കോള്‍ ലഭിച്ച നിമിഷം സ്വപ്ന തുല്യമായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ഞങ്ങളുടെ ടീം മാനേജര്‍ക്ക് ഫോണ്‍ കോള്‍ വന്നു. 15 മിനിറ്റിനുള്ളില്‍ അദ്ദേഹത്തിനോട് സംസാരിക്കാനായി. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഒരേ സമയം ആശ്ചര്യപ്പെടുകയും ആവേശഭരിതരാവുകയും ചെയ്തു. 10 മുതൽ 12 മിനിറ്റ് വരെ നീളുന്ന അനൗപചാരിക സംഭാഷണമായിരുന്നു അത്. അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ക്ഷണിക്കുകയും ചെയ്തു,” താരം കൂട്ടിച്ചേര്‍ത്തു.
കൊച്ചി ചേരാനല്ലൂർ സ്വദേശിയായ അർജുൻ 11 വയസ് മുതലാണ് ബാഡ്മിന്റണ്‍ കളിച്ചു തുടങ്ങുന്നത്. നിലവിൽ ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് ബാഡ്മിന്റൺ അക്കാദമിയിലാണ് പരിശീലനം നേടുന്നത്.
“ടീമിന്റെ ഭാഗമാകുകയെന്നത് എനിക്ക് വളരെ വലിയ കാര്യമാണ്. കേരളത്തിൽ ബാഡ്മിന്റണ്‍ അത്ര ജനപ്രീതിയുള്ള കളിയല്ല. എന്റെ പങ്കാളിത്തവും ഞങ്ങളുടെ നേട്ടങ്ങളും വളർന്നുവരുന്ന നിരവധി കളിക്കാർക്ക് പ്രചോദനമാകുമെന്നു കരുതുന്നു,” അർജുൻ പറഞ്ഞു.
ടീം കാലങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ബാഡ്മിന്റണിന് ഒരുപാട് മുന്നേറാനുണ്ടെന്ന് അര്ജുന് പറയുനനു. ബാഡ്മിന്റണ്‍ രാജ്യത്ത് ആവശ്യമായ അംഗീകാരം ലഭിക്കുന്നില്ലെന്നാണ് അർജുന്റെ വിലയിരുത്തൽ.
“ഇവിടെ ക്രിക്കറ്റുണ്ട്, ഫുട്ബോളുണ്ട്. ഞങ്ങളിപ്പോള്‍ തോമസ് കപ്പ് നേടി. എല്ലാവര്ക്കും മനസിലാകുന്ന രീതിയില്‍ പറഞ്ഞാല്‍ തോമസ് കപ്പ് ഫുട്ബോള്‍ ലോകകപ്പിനു തുല്യമാണ്. പ്രണോയ് മലയാളിയാണെന്ന് ആളുകൾക്ക് അറിയാത്തതിൽ ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ഈ കളിയും കളിക്കാരും എത്രമാത്രം അവഗണിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണിത്,” അദ്ദേഹം വിശദീകരിച്ചു.
പിന്തുണയും അംഗീകാരവും കുറവാണെങ്കിലും പോഡിയത്തിൽ ദേശീയഗാനം കേൾക്കുന്നതിന്റെ സംതൃപ്തിയെ മറികടക്കാൻ മറ്റൊന്നിനും സാധിക്കില്ലെന്നും അർജുൻ പറയുന്നു.
“തോമസ് കപ്പിന്റെയോ യൂബർ കപ്പിന്റെയോ ചരിത്രത്തിലൊരിക്കലും നമ്മൾ ഇന്ത്യയുടെ ദേശീയ ഗാനം കേട്ടിട്ടില്ല. ഞങ്ങളെല്ലാവരും ഒരുമിച്ചുനിൽക്കുകയും പതാകയെ അഭിവാദ്യം ചെയ്യുകയും ദേശീയഗാനം ശ്രവിക്കുകയും ചെയ്തത് അഭിമാനകരമായിരുന്നു, അതൊരു വൈകാരിക മുഹൂർത്തമായിരുന്നു,” താരം പറഞ്ഞു.
ഇരുപത്തിരണ്ടുകാരനായ ധ്രുവ് കപിലയ്ക്കൊപ്പം ലോക റാങ്കിങ്ങിൽ 40-ാം സ്ഥാനത്താണ് അർജുൻ. ഡബിൾസിൽ ലോക റാങ്കിങ്ങിൽ ഇരുവരുടെയും ഏറ്റവും മികച്ച പ്രകടനം 32-ാം സ്ഥാനമാണ്.
ചൈനീസ് നഗരമായ ഹാങ്ചൗവിൽ സെപ്തംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഏഷ്യൻ ഗെയിംസ് കോവിഡ് കാരണം മാറ്റിവച്ചതിനാൽ, വ്യക്തിഗത ടൂർണമെന്റുകളിലൂടെ ലോക റാങ്കിങ്ങിൽ മുന്നേറാൻ സാധിക്കുമെന്നാണ് അർജുന്റെ പ്രതീക്ഷ.
Also Read: പഞ്ചാബിനെതിരായ ഡൽഹിയുടെ ജയം, ബാംഗ്ലൂരിന്റെ പ്ലേഓഫിലേക്കുള്ള വഴി അടഞ്ഞോ?