scorecardresearch

‘നിന്റെ കണ്ണീര്‍ എന്നെയും കരയിച്ചു, പ്രചോദനമായതിന് നന്ദി’; സാനിയക്ക് ആശംസകളുമായി വിക്ടോറിയ അസരങ്ക

തന്റെ കരിയറിന്റെ തുടക്ക കാലത്ത് സാനിയ രണ്ട് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ വിക്ടോറിയ അസരങ്കയെ പരാജയപ്പെടുത്തിയിട്ടുണ്ട്

Saniya Mirza, Victoria Azaranka FI

മെല്‍ബണ്‍: ഗ്രാന്‍ഡ് സ്ലാം കരിയര്‍ അവസാനിപ്പിച്ച ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സയ്ക്ക് ആശംസകളുമായി ബെലാറസ് താരം വിക്ടോറിയ അസരങ്ക. ട്വിറ്ററിലൂടെയാണ് അസരങ്ക സാനിയക്ക് ആശംസകള്‍ അറിയിച്ചത്.

“നിങ്ങളുടെ കരിയറിന് അഭിനന്ദനങ്ങൾ സാനിയ മിര്‍സ. വലിയ സ്വപ്നങ്ങള്‍ കാണാൻ നിരവധി പെൺകുട്ടികൾക്ക് പ്രചോദനമായതിന് നന്ദി. ഞാൻ നിങ്ങളെ ഉടൻ കാണും, പക്ഷേ കോര്‍ട്ടില്‍ നിങ്ങളുടെ സന്തോഷ കണ്ണീര്‍ എന്നെയും കരയിപ്പിച്ചു,” അസരങ്ക കുറിച്ചു.

തന്റെ കരിയറിന്റെ തുടക്ക കാലത്ത് സാനിയ രണ്ട് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ വിക്ടോറിയ അസരങ്കയെ പരാജയപ്പെടുത്തിയിട്ടുണ്ട്.

ഓസ്ട്രേലയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സിന്റെ ഫൈനലില്‍ പരാജയം രുചിച്ചായിരുന്നു സാനിയ മിര്‍സ ഗ്രാന്‍ഡ് സ്ലാം കരിയറിന് കര്‍ട്ടനിട്ടത്. സാനിയ – രോഹന്‍ ബൊപ്പണ്ണ സഖ്യം ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി – റാഫേല്‍ മാറ്റോസ് സഖ്യത്തിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍ക്കുകയായിരുന്നു.

ഡബിള്‍സില്‍ ആറ് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് സാനിയ സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ മൂന്നെണ്ണം മിക്സഡ് ഡബിള്‍സാണ്. അടുത്ത മാസം ദുബായില്‍ നടക്കുന്ന ടൂര്‍ണമെന്റിന് ശേഷം സാനിയ വിരമിക്കും.

ഫൈനലിലെ പരാജയത്തിന് ശേഷം ഏറെ വൈകാരികമായായിരുന്നു സാനിയ സംസാരിച്ചത്. ഞാന്‍ കരയുകയാണെങ്കില്‍ അത് സന്തോഷ കണ്ണീരായിരിക്കും. മാറ്റോസിന്റേയും സ്റ്റെഫാനിയുടേയും നിമിഷങ്ങള്‍ സ്വന്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, സാനിയ പറഞ്ഞു.

എനിക്ക് വീണ്ടും വീണ്ടും ഇവിടേയ്ക്ക് വരാനുള്ള അവസരമുണ്ടായി. ചില ടൂര്‍ണമെന്റുകള്‍ വിജയിക്കാനും വലിയ ഫൈനലുകള്‍ കളിക്കാനും കഴിഞ്ഞു. റോഡ് ലേവര്‍ അറീന എന്റെ ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ടതാണ്. എന്റെ ഗ്രാന്‍ഡ് സ്ലാം കരിയര്‍ അവസാനിപ്പിക്കാന്‍ ഇതിലും മികച്ചൊരു അറീനയില്ല, സാനിയ വിതുമ്പി.

18-ാം വയസിലാണ് സാനിയ ആദ്യമായി ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റ് കളിക്കുന്നത്, അതും മെല്‍ബണില്‍. മൂന്നാം റൗണ്ടില്‍ സെറീന വില്യംസിനോട് പരാജയപ്പെട്ട് സാനിയ പുറത്താവുകയും ചെയ്തു. സെറീനയായിരുന്നു അന്നത്തെ ചാമ്പ്യന്‍.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Thank you for being such an inspiration azarenka to sania mirza