മെൽബൺ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ വിജയം ടീം അഗങ്ങളുടെ ഒത്തൊരുമയ്ക്ക് സമർപ്പിച്ച് നായകൻ അജിങ്ക്യ രഹാനെ. ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് ശുഭ്മാൻ ഗിൽ, മൊഹമ്മദ് സിറാജ് എന്നിവരെ രഹാനെ പ്രത്യേകം പ്രശംസിച്ചു. ഈ വിജയത്തിന്റെ അവരാണെന്ന് രഹാനെ പറഞ്ഞു.
“എല്ലാ താരങ്ങളെയും കുറിച്ച് വലിയ അഭിമാനം തോന്നുന്നു. പ്രത്യേകിച്ച് അരങ്ങേറ്റം കുറിച്ച ഗില്ലും സിറാജും. എല്ലാവരും നന്നായി കളിച്ചു. അഡ്ലെയ്ഡിലെ തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇന്ത്യൻ താരങ്ങൾ പുലർത്തിയ മനോവീര്യം വളരെ മികച്ചതാണ്. ഗിൽ ആത്മനിയന്ത്രണത്തോടെയാണ് ബാറ്റ് വീശിയത്. തുടക്കകാരന്റെ യാതൊരു സമ്മർദവും ഗില്ലിൽ ഉണ്ടായിരുന്നില്ല. വളരെ അച്ചടക്കത്തോടെ ബൗള്‍ ചെയ്യാൻ സിറാജിന് സാധിച്ചു. ഒരു അരങ്ങേറ്റക്കാരന്‍ ഇത്ര അച്ചടക്കത്തോടെയും നിയന്ത്രണത്തോടെയും ബൗള്‍ ചെയ്യാൻ സാധിക്കുകയെന്നത് അത്ര എളുപ്പമല്ല.” രഹാനെ പറഞ്ഞു.
Read Also: ‘പക, അത് വീട്ടാനുള്ളതാണ്’; മെല്‍ബണില്‍ ഓസീസിനെ തകര്‍ത്ത് ഇന്ത്യ
അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 45 റൺസ് നേടിയ ഗിൽ രണ്ടാം ഇന്നിങ്സിൽ 35 റൺസുമായി പുറത്താകാതെ നിന്നു. മൊഹമ്മദ് സിറാജ് രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി അഞ്ച് വിക്കറ്റുകൾ നേടി. ഇരുവരുടെയും മികച്ച പ്രകടനങ്ങൾ ക്രിക്കറ്റ് ആരാധകരെയും സന്തോഷിപ്പിക്കുന്നു. ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിലും ഇരുവരും ടീമിൽ ഉണ്ടാകും.
അതേസമയം, നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിലാണ്. ശേഷിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങൾ ഏറെ നിർണായകമാണ്. മെൽബണിൽ നടന്ന രണ്ടാം ടെസ്റ്റിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.