ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നേട്ടം അജിങ്ക്യ രഹാനെയിലെ നായക മികവിനെ വലിയ ചർച്ചാവിഷയമാക്കുന്നു. വിരാട് കോഹ്‌ലിയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റി രഹാനെയെ നായകനാക്കണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. നിലവിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിക്കുന്ന കോഹ്‌ലിയെ തഴയാൻ ബിസിസിഐ ഒരിക്കലും തയ്യാറാകില്ല. എന്നാൽ, രഹാനെയെ ടെസ്റ്റ് നായകനാക്കാൻ നിരവധി കാരണങ്ങൾ ബിസിസിഐയ്ക്ക് മുൻപിലുണ്ട്. ഇംഗ്ലണ്ടിന്റെ ഇന്ത്യ പര്യടനത്തിൽ കോഹ്‌ലിയുടെ ക്യാപ്‌റ്റൻസിക്ക് കീഴിൽ മികച്ച പ്രകടനം നടത്തിയാൽ രഹാനെയെ ടെസ്റ്റ് നായകനാക്കുക എന്ന ആവശ്യത്തിന്റെ പ്രസക്തി വളരെ കുറയും. മറിച്ച് വിപരീതമായാണ് സംഭവിക്കുന്നതെങ്കിൽ രഹാനെയെ ടെസ്റ്റ് ക്യാപ്റ്റനാക്കണമെന്ന ആവശ്യം കൂടുതൽ ശക്തമാകുകയും ചെയ്യും.
കോഹ്‌ലി നായക സ്ഥാനത്ത് ഉള്ളപ്പോൾ മറ്റ് ടീം അംഗങ്ങൾ അദ്ദേഹത്തെ ഒരുപരിധിക്കപ്പുറം ആശ്രയിക്കുന്നത് കൂടുതലാണ്. അത് കോഹ്‌ലിയെ സമ്മർദത്തിലാക്കുന്നുണ്ട്. ഓസ്ട്രേലിയയിലെ ആദ്യ ടെസ്റ്റിൽ അതാണ് കണ്ടത്. കോഹ്‌ലിയെ അമിതമായി ആശ്രയിക്കുന്നത് പലപ്പോഴും ടീമിന് വിനയാകുന്നുണ്ട്. എന്നാൽ, രഹാനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തിയപ്പോൾ അതിൽ വലിയ മാറ്റമുണ്ടായി. ഒത്തൊരുമിച്ച് പ്രവർത്തിച്ചാലേ ടീം ജയിക്കൂ എന്ന വസ്‌തുത മറ്റ് താരങ്ങളും മനസിലാക്കി. ഇത് ടീമിന് ഏറെ ഗുണം ചെയ്തു.
Read Also: അഭിമാനമായി സഞ്ജു; മലയാളി താരങ്ങളെയെല്ലാം നിലനിർത്തി ഐപിഎൽ ടീമുകൾ
നായക സ്ഥാനത്തു നിന്ന് മാറിനിന്നാൽ കോഹ്‌ലിയെന്ന ബാറ്റ്‌സ്‌മാനെ ഇന്ത്യയ്‌ക്ക് കൂടുതൽ നല്ല രീതിയിൽ ഉപയോഗിക്കാം എന്ന അഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട്. ക്യാപ്റ്റൻസി സമ്മർദം കോഹ്‌ലിയുടെ ബാറ്റിങ് മികവിനെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ടെന്നാണ് നിരീക്ഷണം. മുഴുവൻ സമയ ബാറ്റ്സ്‌മാൻ എന്ന രീതിയിൽ കോഹ്‌ലിയെ പ്രയോജനപ്പെടുത്തുകയാണ് ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുക എന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

ടീമിനെ ഏകോപിപ്പിച്ച് നിർത്താൻ രഹാനെയ്ക്കുള്ള കഴിവ് ഓസ്ട്രേലിയൻ പര്യടനത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിഴവില്ലാത്ത തീരുമാനങ്ങളും പോസിറ്റീവ് സമീപനങ്ങളുമാണ് രഹാനെയെ കൂടുതൽ വ്യത്യസ്തനാക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഒട്ടും പരിചയ സമ്പത്ത് ഇല്ലാത്ത മുഹമ്മദ് സിറാജ്, ശുഭ്‌മാൻ ഗിൽ, വാഷിങ്ടൺ സുന്ദർ, ശർദുൽ താക്കൂർ, നവ്‌ദീപ് സൈനി തുടങ്ങിയവരെയെല്ലാം ബ്രിസ്‌ബെയ്‌ൻ ടെസ്റ്റിൽ രഹാനെ ഉപയോഗിച്ച രീതി പ്രശംസിക്കപ്പെട്ടിരുന്നു.
രഹാനെയെ നായകസ്ഥാനത്തുനിന്ന് മാറ്റരുതെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ അടക്കം പ്രമുഖര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ കോച്ച് രവിശാസ്ത്രിയും രഹാനെയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തിയിരുന്നു. കോഹ്‌ലിയേക്കാൾ അഗ്രസീവ് ആയ നായകനാണ് രഹാനെ എന്നാണ് ശാസ്ത്രി അടക്കമുള്ള ഇന്ത്യൻ ക്യാംപിലെ പ്രമുഖരുടെ അഭിപ്രായം.
ടെസ്റ്റ് നായകൻ എന്ന നിലയിൽ രഹാനെയുടെ റെക്കോർഡും കൂട്ടിവായിക്കേണ്ടതാണ്. ഇതുവരെ അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ രഹാനെ ഇന്ത്യൻ ടീമിനെ നയിച്ചു. അതിൽ നാലും കരുത്തരായ ഓസ്ട്രേലിയക്കെതിരെ. ഒരു മത്സരം അഫ്ഗാനിസ്ഥാനെതിരെ. ഈ അഞ്ച് മത്സരങ്ങളിൽ നാലിലും ഇന്ത്യ വിജയിച്ചു. ഒരു മത്സരം സമനിലയിൽ. തോൽവി അറിയാത്ത നായകനാണ് രഹാനെ. ഇതെല്ലാം കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്ക് വലിയ ഭീഷണി ഉയർത്തുന്നുണ്ട്.