മെൽബൺ: ഓസ്ട്രേലിയയിലെ മെൽബൺ നഗരത്തിനു സമീപം ആരംഭിക്കുന്ന പുതിയ പാർപ്പിട പദ്ധതിയിൽ ക്രിക്കറ്റ് താരങ്ങളുടെ പേരിൽ തെരുവുകൾ. മെൽബണിലെ റോക്ക്ബാങ്ക് പ്രദേശത്തെ പാർപ്പിട പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തെരുവുകൾക്ക് സച്ചിൻ ടെൻഡുൽക്കറും വിരാട് കോഹ്‌ലിയും കപിൽ ദേവും അടക്കമുള്ള താരങ്ങളുടെ പേരാണ് നല്‍കുന്നത്.
റിയൽ എസ്റ്റേറ്റ് സ്ഥാപനമായ അക്കോലേഡ് എസ്റ്റേറ്റിന്റേതാണ് പാർപ്പിട പദ്ധതി. ക്രിക്കറ്റ് ആരാധകരെ ലക്ഷ്യമിട്ടാണ് തെരുവുകൾക്ക് താരങ്ങളുടെ പേരുകൾ നല്‍കുന്നത്. ‘ടെൻഡുൽക്കർ ഡ്രൈവ്’, ‘കോഹ്‌ലി ക്രെസന്റ്’, ‘ദേവ് ടെറസ്’ എന്നിങ്ങനെയാണ് സച്ചിൻ ടെൻഡുൽക്കറുടെയും വിരാട് കോഹ്‌ലിയുടെയും കപിൽ ദേവിന്റെയും പേരിലുള്ള തെരുവുകൾ.
Read More: നാലാം നമ്പർ ബാറ്റ്സ്മാൻ, ആസൂത്രണത്തിന്റെ അഭാവം: 2019 ലോകകപ്പിലെ വീഴ്ചകളെക്കുറിച്ച് ഇർഫാൻ പത്താൻ
മറ്റ് രാജ്യാന്തര താരങ്ങളുടെ പേരിലും എസ്റ്റേറ്റിൽ തെരുവുകളുണ്ടാവും. സ്റ്റീവ് വോ, ജാവേദ് മിയാൻ ദാദ്, കേർട്‌ലി ആംബ്രോസ്, ഗാർഫീൽഡ് സോബേഴ്സ്, ജാക്ക്വസ് കാലിസ്, റിച്ചാഡ് ഹാഡ്ലി, വസീം അക്രം തുടങ്ങിയവരുടെ പേരുകളിലാണ് തെരുവുകൾ. ‘വോ സ്ട്രീറ്റ്’, ‘മിയാൻദാദ് സ്ട്രീറ്റ്’, ‘ആംബ്രോസ് സ്ട്രീറ്റ്’, ‘സോബർസ് ഡ്രൈവ്’, ‘കാലിസ് വേ’, ‘ഹാഡ്‌ലി സ്ട്രീറ്റ്’, ‘അക്രം വേ’ എന്നിങ്ങനെയാണ് പേരുകൾ.
മെൽബണിലെ ഇന്ത്യൻ വംശജരും പ്രവാസികളും വീട് വാങ്ങുന്നതിനായി തിരഞ്ഞെടുക്കുന്ന പ്രദേശങ്ങളിലൊന്നാണ് മെൽട്ടൺ കൗൺസിലിന് കീഴിലുള്ള റോക്ക്ബാങ്ക്. പുതിയ പാർപ്പിട പദ്ധതിയോട് ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള പ്രതികരണം മികച്ചതാണെന്ന് എസ്റ്റേറ്റിന്റെ ഡെവലപ്പറായ റെസി വെഞ്ച്വേഴ്സിന്റെ പ്രതിനിധി എലിസ ഹയീസ് പറഞ്ഞു.
Read More: താൻ നേരിട്ടതിൽ ഏറ്റവും ധീരനായ ബാറ്റ്സ്മാൻ ഗാംഗുലി, ഏറ്റവും മികച്ച ഇന്ത്യൻ ക്യാപ്റ്റനും: ഷൊയ്ബ് അക്തർ
മെൽബണിൽ തെരുവുകളുടെ പേരുകൾ സാധാരണയായി റിയൽ എസ്റ്റേറ്റ് കമ്പനികൾ നഗര ഭരണകൂടത്തിൽ സമർപ്പിക്കുകയും അവ സിറ്റി കൗൺസിൽ അംഗീകരിക്കുകയുമാണ് ചെയ്യുക.
ഡോൺ ബ്രാഡ്മാന്റെ പേരിലുള്ള ഒരു തെരുവ് ഉൾപ്പെടെ 60 പേരുകൾ കൗൺസിലിന് അംഗീകാരത്തിനായി സമർപ്പിച്ചിരുന്നെന്നും എന്നാൽ മെൽബണിൽ അദ്ദേഹത്തിന്റെ പേരിൽ മറ്റൊരു തെരുവുള്ളതിനാൽ ആ പേരിന് അംഗീകാരം ലഭിച്ചില്ലെന്നും റെസി വെഞ്ചേഴ്‌സ് ഡയറക്ടർ ഖുറാം സയീദ് പറഞ്ഞു.
Read More: അടച്ചിട്ട സ്റ്റേഡിയത്തിൽ ഐപിഎൽ: സാധ്യതകൾ അന്വേഷിച്ച് ക്ലബ്ബ് അധികൃതരും ബിസിസിഐയും
രാഹുൽ ദ്രാവിഡ്, എം.എസ്.ധോണി, കുമാർ സംഗക്കാര എന്നിവരുടേതടക്കം മറ്റ് ചില പേരുകളും സമർപ്പിച്ചിരുന്നെങ്കിലും സിറ്റി കൗൺസിൽ പല കാരണങ്ങളും പറഞ്ഞ് അവ നിരസിച്ചെന്നും ഖുറാം സയീദ് പറഞ്ഞു.
“സച്ചിൻ, കോഹ്‌ലി എന്നിവരുടെ പേര് കൗൺസിൽ അംഗീകരിച്ചു. നിലവിലെ കാലഘട്ടത്തിലെ എന്റെ പ്രിയപ്പെട്ട ബാറ്റ്സ്മാൻമാരിൽ ഒരാളാണ് കോഹ്‌ലി, ഇവിടെയുള്ള ഏറ്റവും പ്രധാനപ്പെട്ട തെരുവുകളിലൊന്നിന് അതിനാൽ ഞാൻ അദ്ദേഹത്തിന്റെ പേര് നൽകി,” ഖുറാം കൂട്ടിച്ചേർത്തു.
Read More: Coming soon in a Melbourne suburb: A ‘Tendulkar Drive’, ‘Kohli Crescent’ and ‘Dev Terrace’