പാക്കിസ്ഥാനില്‍ ക്രിക്കറ്റ് കളിക്കാന്‍ വിസമ്മതം അറിയിച്ച് ശ്രീലങ്കന്‍ താരങ്ങള്‍. ശ്രീലങ്കന്‍ ടീമിലെ പത്തോളം താരങ്ങളാണ് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പാക്കിസ്ഥാനില്‍ കളിക്കുന്നതില്‍ നിന്ന് പിന്‍തിരിഞ്ഞത്. സെപ്റ്റംബര്‍ 27 ന് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് മുതിര്‍ന്ന ലങ്കന്‍ താരങ്ങള്‍ അടക്കം പാക്കിസ്ഥാനിലേക്ക് ഇല്ലെന്ന നിലപാട് സ്വീകരിച്ചത്.

ഏകദിന നായകന്‍ ദിമുത് കരുണരത്‌നെ, ട്വന്റി 20 നായകന്‍ ലസിത് മലിംഗ, മുതിര്‍ന്ന താരമായ എയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കം പത്ത് ശ്രീലങ്കന്‍ താരങ്ങളാണ് പാക്കിസ്ഥാനില്‍ കളിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിന് ശേഷമാണ് ശ്രീലങ്കന്‍ താരങ്ങള്‍ ഇക്കാര്യം അറിയിച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിൻമാറ്റം.

സെപ്റ്റംബർ 27ന് കറാച്ചിയിൽ ആരംഭിക്കുന്ന പരമ്പരയിൽ മൂന്നു വീതം ഏകദിന, ട്വന്റി-20 മൽസരങ്ങളാണുള്ളത്. പാക്കിസ്ഥാനിൽ പര്യടനം നടത്തുന്ന ഏകദിന ടീമിനെ ലഹിരു തിരിമാന്നെയും ട്വന്റി 20 ടീമിനെ ദസൂൺ ഷാനകയും നയിക്കുമെന്നാണ് റിപ്പോർട്ട്.

Read Also: കശ്മീരിനെ ഇന്ത്യന്‍ സംസ്ഥാനമെന്ന് വിശേഷിപ്പിച്ച് പാക്ക് മന്ത്രി

2009ൽ ലഹോറിൽവച്ച് ശ്രീലങ്കൻ ടീമിനു നേരെ ഭീകരാക്രമണമുണ്ടായ ശേഷം പ്രമുഖ ടീമുകളൊന്നും പാക്കിസ്ഥാനിലേക്ക് പോയിട്ടില്ല. സിംബാബ്‌വെയെ പോലുള്ള ചെറിയ ടീമുകൾ മാത്രമാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പാക്കിസ്ഥാനിൽ രാജ്യാന്തര മൽസരങ്ങൾക്ക് പോയിട്ടുള്ളത്. വീണ്ടും പ്രമുഖ ടീമുകളെ എത്തിച്ച് രാജ്യത്ത് ക്രിക്കറ്റിനുണ്ടായിരുന്ന ജനകീയത വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു പാക്കിസ്ഥാൻ. അതിനിടയിലാണ് ശ്രീലങ്കൻ താരങ്ങളുടെ പിൻമാറ്റം.

അതേസമയം, ശ്രീലങ്കൻ താരങ്ങൾ മത്സരത്തിൽ നിന്ന് പിന്മാറിയത് ഇന്ത്യ കാരണമാണെന്ന് പാക്കിസ്ഥാനിലെ മന്ത്രി ആരോപിച്ചു. ഇമ്രാൻ സർക്കാരിലെ മന്ത്രിയായ ചൗധരി ഫവാദ് ഹുസൈനാണ് ഇന്ത്യക്കെതിരെ രംഗത്തെത്തിയത്. ഇന്ത്യ മോശം രാഷ്ട്രീയമാണ് കളിക്കുന്നതെന്നും ഇന്ത്യ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് ശ്രീലങ്കന്‍ താരങ്ങള്‍ കളിയില്‍ നിന്ന് പിന്മാറിയതെന്നും അദ്ദേഹം ആരോപിച്ചു.

പാക്കിസ്ഥാനിലേക്കു പോകുന്ന താരങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ആദ്യമേ തന്നെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അധികൃതർ ടീമിന് പ്രത്യേകം വിശദീകരിച്ചു നൽകിയിരുന്നു. ഇതിനുശേഷം താൽപര്യമുള്ളവർക്കു മാത്രം പാക്കിസ്ഥാനിലേക്കു പോകാമെന്നും വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് 10 താരങ്ങൾ വിസമ്മതം പരസ്യമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook