ലണ്ടൻ: ഇംഗ്ലണ്ടിലെ ഏറ്റവും പുരാതനമായ എഫ്എ കപ്പ് ചാമ്പ്യൻഷിപ്പിൽ നിന്ന് കരുത്തരായ മാഞ്ചസ്റ്റർ സിറ്റി പുറത്ത്. അഞ്ചാം റൗണ്ട് പോരാട്ടത്തിൽ ദുർബലരായ വിഗൻ അത്‌ലറ്റിക്കാണ് സിറ്റിയെ അട്ടിമറിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് വിഗന്റെ വിജയം.

വിഗന്റെ തട്ടകത്തിൽ നടന്ന മൽസരത്തിൽ സിറ്റിക്കായിരുന്നു സർവ്വാധിപത്യം. മൽസരത്തിന്റെ 83 ശതമാനവും പന്ത് നിയന്ത്രിച്ച സിറ്റി താരങ്ങൾ നിരവധി അവസരങ്ങളാണ് സൃഷ്ടിച്ചത്. എന്നാൽ ഇതൊന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ആദ്യ പകുതി അവസാനിക്കും മുൻപ് സിറ്റി താരം ഫാബിയൻ ഡെൽഫ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി. വിഗൻ താരം മാക്സ് പവറിനെ അപകടകരമാം വിധം ടാക്കിൾ ചെയ്തതിനാണ് ഡെൽഫിന് ചുവപ്പ് കിട്ടിയത്.

രണ്ടാം പകുതിയിൽ സൂപ്പർ താരം കെവിൻ ഡിബ്രുയിനെ കളത്തിലിറക്കി ഗ്വാർഡിയോള ആക്രമണത്തിന് മൂർച്ചകൂട്ടി. അവസരങ്ങൾ പാഴാക്കുന്നതിൽ സെർജിയോ അഗ്വേറോയും ഡേവിഡ് സിൽവയും മൽസരിക്കുകയായിരുന്നു.

79-ാം മിനിറ്റിലാണ് സിറ്റിയുടെ നെഞ്ച് പിളർന്ന ഗോൾ വീണത്. അതിവേഗ നീക്കത്തിനൊടുവിൽ മധ്യനിരക്കാരൻ വിൽ ഗ്രെയ്ഗാണ് വിഗന്റെ വിജയ ഗോൾ നേടിയത്. മൽസരശേഷം ഇരുടീമിന്റെ പരിശീലകരും കളിക്കാരും തമ്മിലുളള വാക്കേറ്റം വിവാദമായി. ഇതിനിടെ വിഗൻ ആരാധകനുമായി സിറ്റി താരം സെർജിയോ അഗ്വേറോ കയ്യാങ്കളിയിൽ ഏർപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ