ടോക്കിയോ: ജപ്പാനെതിരെയുള്ള സൗഹൃദ മത്സരത്തിന് ശേഷം നടന്ന വാർത്ത സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് സൂപ്പർ താരം നെയ്മർ. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നെയ്മർ എത്തിയതിന് ശേഷം പടലപിണക്കങ്ങൾ ഉടലെടുത്തില്ലേ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു നെയ്മർ വികാരാധീതനായത്. പിഎസ്ജിയിൽ യാതൊരു വിധ പ്രശ്നങ്ങളും ഇല്ലെന്നും താൻ ക്ലബിൽ സന്തുഷ്ടനാണെന്നും നെയ്മർ പ്രതികരിച്ചു.

മാധ്യമപ്രവർത്തകർ പടച്ചു വിടുന്ന വ്യാജ വാർത്തകളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും നെയ്മർ തുറന്നടിച്ചു. പി.എസ്.ജി പരിശീലകൻ ഉനായ് എംറേയുമായും സ്ട്രൈക്കർ എഡിസൻ കവാനിയുമായും തനിക്ക് ഒരു പ്രശ്നങ്ങളും ഇല്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ കൊടുക്കുന്നത് നിർത്തണമെന്നും നെയ്മർ അഭ്യർഥിച്ചു.

ഞാനെന്താണോ ചിന്തിക്കുന്നത് അതിനെക്കുറിച്ച് എനിക്ക് പറയണം. ഞാൻ ആരുടെ മുന്നിലും അഭിനയിക്കാറില്ല. എന്നെക്കുറിച്ചുള്ള ഈ തെറ്റായ വാർത്തകൾ ഞാനെങ്ങെനെ ഇഷ്ടപ്പെടാനാണ്? പിഎസ്ജിൽ തന്നെ അലട്ടുന്ന ഒരു പ്രശ്നവും ഇല്ലെന്നും നെയ്മർ പ്രതികരിച്ചു.

വിജയം മാത്രമാണ് തന്റെ ലക്ഷ്യമെന്നും അതിനാണ് ഞാൻ പിഎസ്ജിയിലേക്ക് എത്തിയതെന്നും നെയ്മർ പറഞ്ഞു. അടുത്ത സീസണിൽ റയൽ മാഡ്രിഡിലിക്കേക്ക് ചേക്കേറുമോ എന്ന ചോദ്യത്തിനും നെയ്മർ മറുപടി നൽകി. റയലിലേക്ക് ചേക്കേറുന്നതിനെപ്പറ്റി താൻ ചിന്തിച്ചിട്ട് പോലും ഇല്ലെന്നും പിഎസ്ജിയാണ് തന്റെ ക്ലബെന്നും നെയ്മർ പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook