ഹൈദരാബാദ്: റിസര്‍വ്വ് ചെയ്ത ട്രെയിന്‍ കോച്ച്, ടൂറില്‍ മൊത്തം ഭാര്യമാരുടെ സാന്നിധ്യം, പിന്നെ വാഴപ്പഴം. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പില്‍ ഇംഗ്ലണ്ടില്‍ തങ്ങള്‍ക്ക് വേണ്ട സൗകര്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യന്‍ ടീം നല്‍കിയ ആവശ്യങ്ങളാണ് ഇത്. ലോകകപ്പിനുള്ള ടീം പോലും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിരാടും സംഘവും മുന്നോട്ട് വച്ച ആവശ്യങ്ങളുടെ പട്ടിക കണ്ട് നെറ്റി ചുളിച്ചിരിക്കുകയാണ് ബിസിസിഐ.

ഇംഗ്ലണ്ട് പര്യടനത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ വാഴപ്പഴം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആവശ്യം നിറവേറ്റിയിരുന്നില്ല. ഇതോടെയാണ് ലോകകപ്പിന് പോകും മുമ്പ് ആവശ്യങ്ങളുടെ പട്ടികയില്‍ വാഴപ്പഴവും ഉള്‍പ്പെടുത്തിയതെന്ന് ബിസിസിഐ വൃത്തങ്ങള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അതേസമയം, ആവശ്യം കേട്ട് ബിസിസിഐ ചെറുതായൊന്ന് ഞെട്ടിയെന്നും എന്തുകൊണ്ട് പര്യടനത്തിനിടെ ഇതേ കുറിച്ച് പറഞ്ഞിരുന്നില്ലെന്നുമാണ് ബിസിസിഐ ചോദിക്കുന്നത്.

പറഞ്ഞിരുന്നുവെങ്കില്‍ ആവശ്യം നടപ്പിലാക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെടുകയോ ബിസിസിഐ നേരിട്ടോ വാഴപ്പഴം എത്തിക്കുമായിരുന്നു ബിസിസിഐയുടെ അടുത്ത വൃത്തം പറയുന്നു. ജിം, ഹോട്ടലുകള്‍ എന്നിവയിലും ചര്‍ച്ച ആവശ്യമാണെന്നും ഭാര്യമാരെ കൂടെ കൊണ്ടു പോകുന്നതിലും പ്രോട്ടോക്കോള്‍ പരിശോധിക്കണമെന്നും ടീം പ്രതിനിധികള്‍ പറയുന്നു.

വിന്‍ഡീസ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന റിവ്യൂ മീറ്റിങ്ങിനിടെയാണ് താരങ്ങള്‍ തങ്ങളുടെ ആവശ്യങ്ങളുടെ പട്ടിക മുന്നോട്ട് വെച്ചത്. ക്യാപ്റ്റന്‍ വിരാട്, ഉപനായകന്‍ രോഹിത് ശര്‍മ്മ, അജിന്‍ക്യാ രഹാനെ എന്നിവര്‍ മീറ്റില്‍ പങ്കെടുത്തിരുന്നു. പരിശീലകന്‍ രവി ശാസ്ത്രിയും ഒപ്പമുണ്ടായിരുന്നു.

ടൂര്‍ണമെന്റ് സമയത്ത് ടീമിന് സഞ്ചരിക്കാന്‍ ഒരു ട്രെയിന്‍ കോച്ച് പൂര്‍ണ്ണമായും ബുക്ക് ചെയ്ത് വച്ചിരിക്കണമെന്നാണ് മറ്റൊരു ആവശ്യം. ഇംഗ്ലണ്ട് ടീം അങ്ങനെയാണ് സഞ്ചരിക്കുന്നതെന്ന് നായകന്‍ വിരാട് കോഹ്ലി തന്നെയാണ് ചൂണ്ടിക്കാണിച്ചത്. ഇത് ആരാധകര്‍ തട്ടിച്ചു കൂടുന്നതിലേക്കും അരുതാത്തത് എന്തെങ്കിലും സംഭവിക്കുന്നതിലേക്കും നീളുമോ എന്ന ആശങ്ക കമ്മിറ്റി പങ്കുവെച്ചു. ഒടുവില്‍ അത്തരം സംഭവങ്ങളുടെ ഉത്തരവാദിത്വം ബിസിസിഐയ്‌ക്കോ സിഒഎയ്‌ക്കോ ഉണ്ടാകില്ല എന്ന വാക്കില്‍ കമ്മിറ്റി അംഗീകരിച്ചു.

മൂന്നാമത്തെ നിബന്ധന ഭാര്യമാര്‍ ടൂര്‍ണമെന്റിലുടനീളം താരങ്ങള്‍ക്കൊപ്പം ഉണ്ടാകണമെന്നതായിരുന്നു. നേരത്തേയും ഇതേ ആവശ്യവുമായി നായകന്‍ വിരാട് കോഹ്ലി ബിസിസിഐയെ സമീപിച്ചിരുന്നു. താരങ്ങള്‍ക്ക് സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഭാര്യമാരുടെ സാന്നിധ്യം സഹായിക്കുമെന്നാണ് വിരാടും മറ്റ് താരങ്ങളും പറയുന്നത്. എന്നാല്‍ ഇതേ ചൊല്ലി ഭിന്ന അഭിപ്രായമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ താരങ്ങളുടേയും സമ്മതം എഴുതി വാങ്ങാനിരിക്കുകയാണ് കമ്മിറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook