മൂന്ന് വർഷത്തിന് ശേഷം ഇന്ത്യയിൽ നടക്കേണ്ട ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റ് മറ്റൊരു വേദിയിലേക്ക് മാറ്റാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ആലോചിക്കുന്നു. നികുതിയിളവ് ലഭിക്കാത്തതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ദുബായിൽ ചേർന്ന യോഗത്തിൽ ബോർഡ് അംഗങ്ങൾ മറ്റൊരു വേദി ആലോചിക്കാൻ ഭരണസമിതിയോട് ആവശ്യപ്പെട്ടു.

ഐസിസിയുടെ ഒരു ടൂർണ്ണമെന്റിനും ഇന്ത്യ നികുതി ഒഴിവാക്കി നൽകുന്നില്ലെന്നാണ് ഇത് വ്യക്തമാക്കി ബോർഡ് ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തിൽ ബിസിസിഐയും ഐസിസിയും കായിക മന്ത്രാലയവുമായും ധനകാര്യ വകുപ്പുമായും ബന്ധപ്പെട്ട് ചർച്ചകൾ തുടരും. അതേസമയം തന്നെ ഇതേ സമയ സോണിലുളള മറ്റ് രാജ്യങ്ങളിൽ മൽസരം നടത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്.

2016 ൽ ടി20 ലോകകപ്പ് നടത്തിയപ്പോഴും ഇന്ത്യ നികുതി ഇളവ് അനുവദിച്ചിരുന്നില്ല. ഇതാണ് ഐസിസിയെ പിണക്കിയിരിക്കുന്നത്. അതേസമയം മറ്റൊരു വേദി തിരയുമെന്ന സമ്മർദ്ദത്തിനും സർക്കാർ കീഴടങ്ങിയിട്ടില്ല. ഇന്ത്യയിൽ മൽസരം നടത്തില്ലെന്നത് സമ്മർദ്ദ തന്ത്രം മാത്രമാണ് എന്നാണ് ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ കരുതിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ