മെൽബൺ: ബുധനാഴ്ചയാണ് ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. അടുത്ത മാസം നടക്കുന്ന പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ ടീമിൽ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് തൻവീർ സങ്ക എന്ന പേരും ഉൾപ്പെടുന്നത്. ഇന്ത്യൻ വംശജനായ തൻവീർ ബിഗ് ബാഷ് ലീഗിലെ തകർപ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ദേശീയ ടീമിലേക്കും ഇടം കണ്ടെത്തിയിരിക്കുന്നത്.
ബിഗ് ബാഷ് ലീഗിന്റെ ഗ്രൂപ്പ് സ്റ്റേജ് അവസാനിക്കുമ്പോൾ വിക്കറ്റ് വേട്ടയിൽ മൂന്നാം സ്ഥാനത്താണ് തൻവീർ. കുട്ടിക്രിക്കറ്റിലെ വമ്പന്മാരായ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനും ഓസ്ട്രേലിയയുടെ തന്നെ ആദം സാംബയും ഈ പത്തൊമ്പതുകാരനേക്കാൾ പിന്നിലാണ്. ഓസ്ട്രേലിയയുടെ നിശ്ചിത ഓവർ നായകൻ ആരോൺ ഫിഞ്ചും വെടിക്കെട്ട് താരം ക്രിസ് ലിന്നുമെല്ലാം ടൂർണമെന്റിൽ തൻവീറിന്റെ പന്തിൽ കൂടാരം കയറിവരാണ്.
1997ലാണ് തൻവീറിന്റെ പിതാവ് ജോഗ പഞ്ചാബിലെ ജലന്ധറിൽ നിന്നും ജീവിത മാർഗ്ഗം കണ്ടെത്താൻ ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത്. തുടക്കത്തിൽ ബ്രിസ്ബെയ്നിലെ ഫാമിൽ ജോലി ചെയ്തിരുന്ന ജോഗ പിന്നീട് സിഡ്നിയിൽ ടാക്സി ഡ്രൈവറായി.
“ഇന്ത്യയിലായിരുന്നപ്പോൾ ഞാൻ ക്രിക്കറ്റ് കാണാറില്ലായിരുന്നു. കബഡി, വോളിബോൾ, ഗുസ്തി എന്നിവയാണ് ഞാൻ കളിച്ചിരുന്നത്. ഇവിടെ ശൈത്യകാലത്ത് ഗുസ്തി മത്സരങ്ങൾ നടക്കാറുണ്ട്. കുട്ടിയായിരിക്കുമ്പോൾ തൻവീറും എന്നോടൊപ്പം ഗുസ്തി കളിക്കാൻ വരുമായിരുന്നു. പത്ത് വയസിൽ ഞങ്ങൾ അവനെ ആർഎസ്എൽ ക്ലബിൽ ക്രിക്കറ്റ് പരിശീലനത്തിന് ചേർത്തു. അതിരാവിലെയും രാത്രി വൈകിയും അവൻ അവിടെ പരിശീലനം നടത്തുമായിരുന്നു. അതിനുവേണ്ടി ഞാൻ എന്റെ പല റൈഡുകളും വേണ്ടെന്നും വച്ചിട്ടുണ്ട്,” ജോഗ പറഞ്ഞു.
ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടേഴ്സിന്റെ താരമാണ് തൻവീർ. ഓസ്ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോണിന്റെയും ഇപ്പോൾ ഇന്ത്യൻ താരം യുസ്വേന്ദ്ര ചാഹലിന്റെയും ബോളിങ് യൂട്യൂബിൽ നോക്കി തൻവീർ പഠിക്കുന്നുണ്ടെന്ന് പിതാവ് പറഞ്ഞു.
ബിഗ് ബാഷിൽ സിഡ്നി തണ്ടേഴ്സിന് ഡെത്ത് ഓവറുകളിലെ വജ്രായുധമാണ് തൻവീർ. സമ്മർദ്ദ ഘട്ടങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യുന്ന തൻവീർ ഓസ്ട്രേലിയൻ ടീമിലെ നഥാൻ ലിയോണിന്റെ പിൻഗാമിയെന്ന പേരും സ്വന്തമാക്കി കഴിഞ്ഞു.
കഴിഞ്ഞ വർഷം നടന്ന അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരവും തൻവീറായിരുന്നു. ബിഗ് ബാഷ് ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ മൂന്നാം പന്തിൽ വിക്കറ്റ് കണ്ടെത്താനും ഈ യുവതാരത്തിന് സാധിച്ചു.