/indian-express-malayalam/media/media_files/2024/12/24/0tjYrz9ACjLbayRMngJY.jpg)
Tanuch Kotian celebration Photograph: (Instagram)
അശ്വിൻ കളം ഒഴിയുന്നതോടെ ഇന്ത്യൻ സ്പിൻ ആക്രമണത്തെ നയിക്കാൻ ആരെന്ന ചോദ്യത്തിന് ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഇതുവരെ വ്യക്തമായ ഉത്തരമായിട്ടില്ല. ബോർഡർ ഗാവസ്കർ ട്രോഫിയിൽ അശ്വിന്റെ അഭാവത്തിൽ വാഷിംഗ്ടൺ സുന്ദറിലേക്കും രവീന്ദ്ര ജഡേജയിലേക്കുമായിരിക്കും ടീം മാനേജ്മെന്റിന്റെ ശ്രദ്ധ. അശ്വിന് പകരക്കാരനായും വാഷിംഗ്ടൺ സുന്ദറിന് കവറായും മുംബൈ ഓഫ് സ്പിന്നർ തനുഷ് കൊട്ടിയനെയാണ് ബിസിസിഐ ഇന്ത്യൻ ടീമിന് ഒപ്പം ചേർക്കുന്നത്.
എന്തുകൊണ്ടാണ് കുൽദീപ് യാദവിനേയും അക്ഷർ പട്ടേലിനേയും മറികടന്ന് തനുഷ് കൊട്ടിയനിലേക്ക് ബിസിസിഐ എത്തിയത്?
മുംബൈയിൽ നിന്നുള്ള 26കാരനായ ഓഫ് സ്പിന്നറാണ് തനുഷ്. ബാറ്റിങ്ങിലും ഇന്ത്യൻ ടീമിന് തനുഷിനെ ആശ്രയിക്കാം. ഡൊമസ്റ്റിക് ക്രിക്കറ്റിലെ മികച്ച പ്രകടനവും ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യ എയ്ക്കായി കളിച്ചതിന്റെ പരിചയസമ്പത്തും കണക്കിലെടുത്താണ് തനുഷിലേക്ക് ബിസിസിഐ എത്തിയത്. ഒരു മാസം മുൻപാണ് തനുഷ് ഇന്ത്യ എയ്ക്ക് വേണ്ടി ഓസ്ട്രേലിയയിൽ കളിച്ചത്. നിലവിൽ കുൽദീപ് യാദവ് ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തിട്ടില്ല. അക്ഷർ തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കുടുംബത്തിനൊപ്പമാണ്. വിജയ് ഹസാരെ ട്രോഫിയിലെ രണ്ട് മത്സരങ്ങൾ കഴിഞ്ഞതിന് പിന്നാലെ കുടുംബത്തിനൊപ്പം ചേരാൻ അക്ഷർ ബിസിസിഐയോട് ഇടവേള ചോദിച്ചിരുന്നു.ഇതിനാലാണ് ഈ രണ്ട് പേരേയും ബോക്സിങ്ങ് ഡേ ടെസ്റ്റിലേക്കുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് ബിസിസിഐക്ക് ചേർക്കാൻ സാധിക്കാതിരുന്നത്.
ഡൊമസ്റ്റിക് ക്രിക്കറ്റിൽ മിന്നും കണക്കുകളാണ് തനുഷിനുള്ളത്. 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് തനുഷ് വീഴ്ത്തിയത് 101 വിക്കറ്റ്. നേടിയത് 1525 റൺസ്. ബാറ്റിങ്ങ് ശരാശരി 41.21. രണ്ട് സെഞ്ചുറിയും 13 അർധശതകവും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ സീസണിലെ മുംബൈയുടെ രഞ്ജി ട്രോഫി വിജയത്തിൽ തനുഷിന്റെ സംഭാവനയും നിർണായകമായിരുന്നു. ഇത് ക്യാപ്റ്റൻ രോഹിത് ശർമ തന്നെ മാധ്യമങ്ങളോട് സംസാരിക്കവെ ചൂണ്ടിക്കാണിക്കുകയും ചെയ്തു. സിഡ്നിയിൽ നടക്കുന്ന ബോക്സിങ്ങ് ഡേ ടെസ്റ്റിൽ രണ്ട് സ്പിന്നർമാരെ കളിപ്പിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചാൽ തനുഷിന് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കാനായേക്കും. ജഡേജയ്‌ക്കോ വാഷിംഗ്ടൺ സുന്ദറിനോ പരുക്ക് പറ്റിയാൽ മാത്രമാവും തനുഷിന് പ്ലേയിങ്ങ് ഇലവനിലേക്ക് എത്താനുള്ള വഴി തെളിയുക എന്ന വിലയിരുത്തലാണ് ശക്തം.
വിജയ് ഹസാരെ ട്രോഫിയിൽ തനുഷ് മുംബൈക്ക് വേണ്ടി എട്ടാമത് ബാറ്റിങ്ങിന് ഇറങ്ങി 44 റൺസ് നേടിയിരുന്നു. ഫസ്റ്റ് ക്ലാസ് കരിയറിൽ മൂന്ന് വട്ടമാണ് തനുഷ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. രഞ്ജി ട്രോഫി കിരീടം മുംബൈ നേടിയപ്പോൾ തനുഷായിരുന്നു ടൂർണമെന്റിലെ താരം. 502 റൺസും 29 വിക്കറ്റുമാണ് രഞ്ജി ട്രോഫി സീസണിൽ തനുഷ് വീഴ്ത്തിയത്. ബാറ്റിങ്ങ് ശരാശരി 41.83. മുംബൈയുടെ ഇറാനി കപ്പ് ജയത്തിലും തനുഷിന്റെ പ്രകടനം നിർണായകമായിരുന്നു. 64, 114 എന്നിങ്ങനെയാണ് റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരായ തനുഷിന്റെ സ്കോറുകൾ. മൂന്ന് വിക്കറ്റും വീഴ്ത്തിയിരുന്നു.
തനുഷിനൊപ്പം ഉത്തർപ്രദേശിന്റെ സൌരഭ് കുമാറിന്റെ പേരും ബിസിസിഐ പരിഗണിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ 31കാരനായ സൌരഭിനെ മറികടന്ന് തനുഷ് ഇന്ത്യൻ സ്ക്വാഡിലേക്ക് എത്തി. തനുഷ് ഇന്ന് മെൽബണിലേക്ക് യാത്ര തിരിക്കും. ഡിസംബർ 26നാണ് ബോക്സിങ്ങ് ഡേ ടെസ്റ്റ്. പരമ്പരയിൽ ഇന്ത്യയും ഓസ്ട്രേലിയയും 1-1ന് കട്ടയ്ക്ക് നിൽക്കുന്നതിനാൽ സിഡ്നിയിലെ വിജയം നിർണായകമാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ എത്താനുള്ള ഇന്ത്യയുടെ സാധ്യതകൾക്കും സിഡ്നി ടെസ്റ്റ് ഫലം നിർണായകമാണ്.
നാലും അഞ്ചും ടെസ്റ്റിനുള്ള ഇന്ത്യൻ സ്ക്വാഡ്
രോഹിത് ശർമ, ബുമ്ര, യശസ്വി ജയ്സ്വാൾ, അഭിമന്യു ഈശ്വരൻ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, കെ.എൽ.രാഹുൽ, ഋഷഭ് പന്ത്, ർഫറാസ് ഖാൻ, ധ്രുവ് ജുറർ, രവീന്ദ്ര ജഡേജ,മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ങ്ടൺ സുന്ദർ, ദേവ്ദത്ത് പടിക്കൽ, തനുഷ് കോട്യാൻ.
Read More:
- ഈ മൂന്ന് പിഴവുകൾ തിരുത്തണം; ഇല്ലെങ്കിൽ ഓസീസ് കെണിയിൽ വീഴും
- 13 ഇന്നിങ്സ്, 152 റൺസ്; ഗുഡ് ലെങ്ത് ബോളുകളിൽ തട്ടി വീഴുന്ന രോഹിത്
- വീണ്ടും നാണംകെട്ട തോൽവി; കേരളത്തെ എട്ടു വിക്കറ്റിന് തകർത്ത് ഡൽഹി
- കണ്ണിലെ കരട് കളയാൻ കാല് കഴുകുന്ന മാനേജ്മെന്റ്; ഞങ്ങൾ അസ്വസ്ഥരാണെന്ന് മഞ്ഞപ്പട
- വാങ്ങുമ്പോൾ 30 കോടി; ഇപ്പോഴോ? രോഹിത്തിന്റെ വീട് ആരെയും ഞെട്ടിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.