കോഴിക്കോട്: ആദ്യം വിറച്ചു, പിന്നാലെ പൊരുതി നേടി. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആന്ധ്രപ്രദേശിനെതിരെ തമിഴ്നാടിന്റെ വിജയം വീരോചിതമായിരുന്നു. അഞ്ച് സെറ്റ് നീണ്ട ആവേശപ്പോരാട്ടത്തിനൊടുവിലാണ് തമിഴ്നാട് ആന്ധ്രയുടെ വെല്ലുവിളി അതിജീവിച്ചത്. സ്കോർ 29-27, 22-25, 25-20, 23-25, 19-17.

അറുപത്തിയാറമത് ദേശീയ സീനിയർ വോളിബോൾ പോരാട്ടത്തിലെ ഏറ്റവും മികച്ച മൽസരമാണ് കോഴിക്കോട്ടെ സ്വപ്ന നഗരിയിലെ ഇൻഡോർ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഗ്രൂപ്പ് ചാമ്പ്യൻമാരായ ക്വാർട്ടർ ഫൈനലിലേക്ക് എത്തിയ തമിഴ്നാട് ആന്ധ്രയ്ക്കെതിരെ അനായാസ വിജയമാണ് പ്രതീക്ഷിച്ചത്. എന്നാൽ ദേശീയ താരം സുബ്ബറാവുവിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ആന്ധ്രപ്രദേശ് ശക്തമായ പോരാട്ടമാണ് കാഴ്ചവച്ചത്.

ആദ്യ സെറ്റ് മുതൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവച്ചത്. ആദ്യ പോയിന്റ് മുതൽ 27-27 എന്ന സ്കോർവരെ തുല്യത പാലിച്ച ടീമുകൾ വാശിയേറിയ പോരാട്ടമാണ് കാഴ്ചവച്ചത്. എന്നാൽ തുടരെ രണ്ട് പോയിന്റുകൾ സ്വന്തമാക്കി തമിഴ്നാട് 29-27എന്ന സ്കോറിന് ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ ആന്ധ്ര ശക്തമായി തിരിച്ചടിച്ചു. സുബ്ബറാവുവിന്റെ നേതൃത്വത്തിൽ തകർപ്പൻ സ്മാഷുകളുമായി കളം നിറഞ്ഞ ആന്ധ്ര താരങ്ങൾ​ തമിഴ്നാടിന്റെ ബ്ലോക്കർമാരെ നാണിപ്പിച്ചു. 22 ന് എതിരെ 25 പോയിന്റ് സ്വന്തമാക്കി ആന്ധ്ര രണ്ടാം സെറ്റ് പിടിച്ചു.

മൂന്നാം സെറ്റിൽ തമിഴ്നാടിന്റെ മുതിർന്ന താരം ഷെൽട്ടൺ മോസസിന് പകരം യുവതാരം മനോജിനെ കളത്തിലിറക്കി തമിഴ്നാട് പരിശീലകൻ ഒരു പരീക്ഷണത്തിന് മുതിർന്നു. സെന്റർ ബ്ലോക്കറായ മനോജ് മികച്ച പ്രതിരോധം തീർത്തതോടെ കളി തമിഴ്നാട് നിയന്ത്രിച്ചു. ഇന്ത്യൻ താരം വൈഷ്ണവും, ക്ഷത്രിയനും ഇടിമിന്നൽ പോലത്തെ സ്മാഷുകളുമായി കളം നിറഞ്ഞതോടെ മൂന്നാം സെറ്റ് 25-20 എന്ന സ്കോറിന് തമിഴ്നാട് വിജയിച്ചു.

എന്നാൽ നാലാം സെറ്റിൽ തമിഴ്നാട് താരങ്ങൾ വീണ്ടും അനാവശ്യമായ സർവ്വീസ് പിഴവുകൾ​ വരുത്തിയതോടെ ആന്ധ്രപ്രദേശ് മൽസരത്തിലേക്ക് തിരിച്ചെത്തി. 7-2 എന്ന സ്കോറിന് ലീഡ് നേടിയ ആന്ധ്ര ശക്തമായി തിരിച്ചുവരവ് നടത്തി. 25-23 എന്ന സ്കോറിന് നാലാം സെറ്റ് പിടിച്ച ആന്ധ്ര മൽസരം ആവേശകരമായ അഞ്ചാം സെറ്റിലേക്ക് നയിച്ചു. കോഴിക്കോട്ടെ വോളിബോൾ പ്രേമികളെ ത്രില്ലടിപ്പിച്ച പോരാട്ടമാണ് അവസാന സെറ്റിൽ കണ്ടത്. തുടക്കത്തിലെ 8-5 എന്ന ലീഡുമായി ആന്ധ്രയുടെ മുന്നേറ്റമാണ് കണ്ടത്. എന്നാൽ പിന്നിൽ നിന്ന് പൊരുതിക്കയറിയ തമിഴ്നാട് 12-12 എന്ന സ്കോറിന് സമനില പിടിച്ചു.

തമിഴ്നാട് താരത്തിന്റെ സർവ്വീസ് പിഴവ് മുതലെടുത്ത് ലീഡുമായി കുതിച്ച ആന്ധ്ര 14-12 എന്ന സ്കോറിൽ സെറ്റ് ആൻഡ് മാച്ച് പോയിന്റിൽ എത്തി. എന്നാൽ അട്ടിമറി ഭീഷണി നേരിട്ട തമിഴ്നാടിന് വേണ്ടി യുവതാരം മനോജ് രക്ഷകനായി അവതരിച്ചു. തകർപ്പൻ രണ്ട് സ്മാഷുകളും ഒരു നിർണ്ണായക ബ്ലോക്കും പിടിച്ച മനോജ് തമിഴ്നാടിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ