‘ഇസ്ലാം വിരുദ്ധ ഉള്ളടക്കം’; അഫ്ഗാനിസ്ഥാനിൽ ഐപിഎൽ സംപ്രേക്ഷണം നിരോധിച്ച് താലിബാൻ

അഫ്ഗാനിസ്ഥാന്റെ മുൻനിര ക്രിക്കറ്റ് താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബ് ഉർ റഹ്മാൻ തുടങ്ങിയവർ ഐപിഎല്ലിൽ കളിക്കുന്നുണ്ട്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിന്റെ സംപ്രേക്ഷണം അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാർ നിരോധിച്ചതായി റിപ്പോർട്ടുകൾ. ഇസ്ലാം വിരുദ്ധ ഉള്ളടക്കം ഉൾപ്പെടുന്നു എന്ന് കാണിച്ചാണ് സംപ്രേക്ഷണം നിരോധിച്ചത് എന്നാണ് വിവരം. അഫ്ഗാനിസ്ഥാന്റെ മുൻനിര ക്രിക്കറ്റ് താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബ് ഉർ റഹ്മാൻ തുടങ്ങിയവർ ഐപിഎല്ലിൽ കളിക്കുന്നുണ്ട്.

കോവിഡ് മൂലം നിർത്തിവെച്ച ഐപിഎൽ 2021 സെപ്റ്റംബർ 19നാണ് പുനരാരംഭിച്ചത്. മറ്റൊരു ഇസ്ലാമിക രാജ്യമായ യുഎഇയിലാണ് മത്സരങ്ങൾ നടക്കുന്നത്.

ഐപിഎൽ സംപ്രേക്ഷണം അഫഗാനിസ്ഥാനിൽ നിരോധിച്ചതായി മുൻ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മീഡിയ മാനേജർ എം. ഇബ്രാഹിം മൊമാണ്ട് ട്വീറ്റ് ചെയ്തു. ഇസ്ലാം വിരുദ്ധ ഉള്ളടക്കം, പെൺകുട്ടികളുടെ നൃത്തം, സ്റ്റേഡിയത്തിലെ തലമറക്കാത്ത സ്ത്രീകളുടെ സാന്നിധ്യം, എന്നിവ കാരണം ഐപിഎൽ സംപ്രേക്ഷണം രാജ്യത്ത് നിരോധിച്ചിരിക്കുന്നു എന്നാണ് ഇബ്രാഹിം ട്വീറ്റ് ചെയ്തത്.

താലിബാൻ സർക്കാർ ഐപിഎൽ പ്രക്ഷേപണം നിരോധിച്ചതായി രാജ്യത്തെ മറ്റ് മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച താലിബാൻ 400 കായിക ഇനങ്ങൾ രാജ്യത്ത് അനുവദിക്കും എന്ന് പുതിയ കായിക മന്ത്രി പറഞ്ഞിരുന്നു. എന്നാൽ അതിൽ സ്ത്രീകൾക്ക് പങ്കെടുക്കാൻ കഴിയുമോ എന്നതിൽ വ്യക്തത വരുത്തിയില്ല. “സ്ത്രീകളെ കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിക്കരുത്” എന്നാണ് ബഷീർ അഹ്മദ് റുസ്തംസായ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞത്.

Also read: ന്യൂസിലൻഡിന് പിന്നാലെ പാക്കിസ്ഥാൻ പര്യടനം ഉപേക്ഷിച്ച് ഇംഗ്ലണ്ടും

1996 മുതൽ 2001 വരെയുള്ള താലിബാൻ ഭരണകാലത്ത് പുരുഷന്മാർ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നത് കർശനമായി നിയന്ത്രിക്കുകയും സ്ത്രീകളെ എല്ലാ കായിക വിനോദങ്ങളിൽ നിന്നും പൂർണ്ണമായി നിരോധിക്കുകയും ചെയ്തിരുന്നു. പഠിക്കുന്നതിനും ജോലിചെയ്യുന്നതിനും സ്ത്രീകൾക്ക് വലിയ തോതിൽ വിലക്കുണ്ടായിരുന്നു.

കഴിഞ്ഞ മാസം യുഎസ് പിന്തുണയുള്ള അഫ്ഗാൻ സർക്കാരിനെ താലിബാൻ അട്ടിമറിച്ചതിനുശേഷം, അത്തരം നയങ്ങൾ ആവർത്തിക്കപ്പെടുമെന്ന് നിരവധി അഫ്ഗാൻ സ്ത്രീകളും സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവരും ഭയപ്പെടുന്നുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Taliban bans ipl broadcast afghanistan anti islam

Next Story
ന്യൂസിലൻഡിന് പിന്നാലെ പാക്കിസ്ഥാൻ പര്യടനം ഉപേക്ഷിച്ച് ഇംഗ്ലണ്ടും
The moderation of comments is automated and not cleared manually by malayalam.indianexpress.com
X