scorecardresearch

താലിബാനിൽനിന്ന് പച്ചക്കൊടി; ഓസ്ട്രേലിയ, ഇന്ത്യ പര്യടനം ലക്ഷ്യംവച്ച് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നവംബർ 27നും ഡിസംബർ ഒന്നിനും ഇടയിൽ ഹോബാർട്ടിലാണ് നടക്കുക

മുംബൈ: ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പര കളിക്കാൻ താലിബാൻ അനുവാദം നൽകിയതായി അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്. ഈ വർഷം നടക്കുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യ ടെസ്റ്റ് ഉൾപ്പെടുന്ന പരമ്പരക്ക് താലിബാൻ പച്ചക്കൊടി കാണിച്ചതായി അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ബുധനാഴ്ച ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹമീദ് ഷിൻവാരി പറയുന്നതനുസരിച്ച്, അടുത്ത വർഷം ഒരു ടെസ്റ്റ് പരമ്പരയ്ക്കായി അഫ്ഗാനിസ്ഥാൻ ടീം ഇന്ത്യ സന്ദർശിക്കാനും സാധ്യതയുമുണ്ട്.

“താലിബാൻ സർക്കാർ ക്രിക്കറ്റിനെ പിന്തുണക്കുന്നുണ്ട്, ഞങ്ങളുടെ എല്ലാ മത്സരങ്ങളും മുൻനിശ്ചയിച്ച പ്രകാരം നടക്കും. താലിബാൻ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തെയും അതിനു പിന്നാലെ 2022ന്റെ ആദ്യ പാദത്തിൽ നടക്കുന്ന ഇന്ത്യൻ പര്യടനത്തെയും പിന്തുണയ്ക്കുന്നതായി താലിബാൻ കൾച്ചറൽ കമ്മീഷൻ വക്താവ് ഞങ്ങളോട് പറഞ്ഞു,” ഷിൻവാരി പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര നവംബർ 27നും ഡിസംബർ ഒന്നിനും ഇടയിൽ ഹോബാർട്ടിൽ ആണ് നടക്കുക. കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്ന പരമ്പര കോവിഡും യാത്ര നിയന്ത്രണങ്ങൾ മൂലവും മാറ്റിവയ്ക്കുകയായിരുന്നു.

ഓസ്‌ട്രേലിയൻ പര്യടനത്തിന് മുമ്പ് അഫ്ഗാനിസ്ഥാൻ ഒക്ടോബർ 17 മുതൽ നവംബർ 15 വരെ യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കളിക്കും. എന്നാൽ പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര അടുത്ത വർഷം വരെ മാറ്റിവച്ചിട്ടുണ്ട്.

“അവർ (താലിബാൻ) ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നു, ഞങ്ങൾക്ക് അവരിൽ നിന്ന് ഗ്രീൻ സിഗ്നൽ ലഭിച്ചു. അവർ സ്പോർട്സിനെ പിന്തുണയ്ക്കുമെന്നതിന് യുവാക്കൾക്കുളള വ്യക്തമായ സന്ദേശമാണിത്. ഇതൊരു നല്ല അടയാളമാണ്,” ഷിൻവാരി പറഞ്ഞു.

എന്നാൽ, വനിതാ ക്രിക്കറ്റിന്റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോൾ, “ഞങ്ങൾക്ക് ഇപ്പോൾ അറിയില്ല. അത് സർക്കാർ തീരുമാനിക്കും.” എന്നായിരുന്നു ഷിൻവാരിയുടെ മറുപടി.

2001ൽ താലിബാൻ ഭരണം അവസാനിച്ച ശേഷമാണ് അഫ്ഗാനിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീം വന്നത്. എന്നാൽ 2017ൽ അഫ്ഗാനിസ്ഥാന് ഐസിസി ടെസ്റ്റ് ക്രിക്കറ്റ് പദവി നൽകിയതോടെയാണ്‌ ടീം കൂടുതൽ പുരോഗതി നേടിയത്.

കഴിഞ്ഞ വർഷം 25 വനിതാ ക്രിക്കറ്റ് താരങ്ങളുമായി എസിബി കേന്ദ്ര കരാർ ഒപ്പുവച്ചിരുന്നു. എന്നാൽ ഇപ്പോൾ വനിതാ ടീം പിരിച്ചുവിടുകയാണെങ്കിൽ, അത് ഭരണസമിതിയിൽ രാജ്യത്തിന്റെ നിലപാടിന് ഭീഷണിയാകും.

Also read: ഐസിസി ടെസ്റ്റ് റാങ്കിങ്: ജോ റൂട്ട് ഒന്നാമത്; കോഹ്‌ലിയെ മറികടന്ന് രോഹിത്

മറ്റു രാജ്യാന്തര മത്സരങ്ങളെ കുറിച്ചും ആലോചിക്കുകയാണെന്ന് ഷിൻവാരി പറഞ്ഞു. “അഫ്ഗാനിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക എന്നിവരടങ്ങുന്ന ഒരു ടി 20 ത്രിരാഷ്ട്ര പരമ്പരയ്ക്കായി ശ്രമിക്കുന്നുണ്ട്. മിക്കവാറും അത് ടി 20 ലോകകപ്പിന് മുൻപായി യുഎഇയിൽ നടക്കും. ത്രിരാഷ്ട്ര പരമ്പരയ്ക്ക് മുന്നോടിയായി ദേശീയ ടീമിന് വേണ്ടി ഖത്തറിൽ ഒരു ക്യാമ്പ് സംഘടിപ്പിക്കുമെന്നും,” അദ്ദേഹം പറഞ്ഞു.

ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളും ഉടൻ ആരംഭിക്കുമെന്ന് സിഇഒ പറഞ്ഞു. എല്ലാ പ്രവിശ്യകളുമായും ഞങ്ങൾ ഒരു ഏകദിന ടൂർണമെന്റ് കളിക്കും. അതിനെ ലിസ്റ്റ് എ ടൂർണമെന്റ് എന്നാണ് വിളിക്കുന്നത്. ഇത് ഉടൻ ആരംഭിക്കും, ലോകമെമ്പാടും സംപ്രേഷണം ചെയ്യുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.

നേരത്തെ, താലിബാൻ അധികാരത്തിൽ വന്നതിനു ശേഷം അഫ്ഗാനിസ്ഥാനിൽ ക്രിക്കറ്റിന് വ്യാപകമായ സ്വീകാര്യതയുണ്ടെന്ന് ഷിൻവാരി പറഞ്ഞിരുന്നു. “ക്രിക്കറ്റിന്റെ സൗന്ദര്യം, അത് എല്ലാവർക്കും പ്രിയപ്പെട്ടതാണ് എന്നതാണ്. ഏത് സാഹചര്യത്തിലുമായിക്കോട്ടെ. കഴിഞ്ഞ 20 വർഷമായി, താലിബാൻ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഞങ്ങൾക്ക് പിന്തുണ ലഭിക്കുന്നുണ്ട്. ക്രിക്കറ്റ് കളിക്കാർക്ക് ഒരു ദോഷവും ഞങ്ങൾ കാണുന്നില്ല, കഴിഞ്ഞ 20 വർഷത്തിനിടെ ഒരു അപകടവും ഉണ്ടായിട്ടില്ല. കായികരംഗത്ത്, പ്രത്യേകിച്ച് ക്രിക്കറ്റിൽ ഒരു പ്രശ്നവും ഞാൻ കാണുന്നില്ല,” അദ്ദേഹം പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Taliban allows afghanistan test vs australia india series likely