അബുദാബി: ട്വന്റി 20 ലോകകപ്പില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് പുറത്ത്. ശ്രീലങ്ക ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇൻഡീസിന് 169 റണ്‍സെടുക്കാനെ കഴിഞ്ഞൊള്ളു. 54 പന്തില്‍ 81 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഷിമ്രോൺ ഹെറ്റ്മെയറിന്റെ പോരാട്ടം വിഫലമായി. താരത്തിന് പുറമെ 46 റണ്‍സ് നേടിയ നിക്കോളാസ് പൂരനും മാത്രമാണ് വെസ്റ്റ് ഇൻഡീസ് നിരയില്‍ രണ്ടക്കം കടന്നത്.
രണ്ട് വിക്കറ്റ് വീതം നേടിയ ബിനുര ഫെര്‍ണാണ്ടൊ, വനിന്ദു ഹസരങ്ക, ചാമിക കരുണരത്നെ എന്നിവരാണ് ചാമ്പ്യന്മാരുടെ കരുത്തുറ്റ ബാറ്റിങ് നിരയെ തകര്‍ത്തത്. നേരത്തെ പുറത്തായെങ്കിലും അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായാണ് ശ്രീലങ്കയുടെ മടക്കം. വെസ്റ്റ് ഇന്‍ഡീസിന് ഇനി ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ പാത്തും നിസങ്കയും (51), ചരിത് അസലങ്കയും (68), 14 പന്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്ന നായകന് ദാസുന്‍ ഷനകയുമാണ് ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. വെസ്റ്റ് ഇന്‍ഡീസിനായി ആന്ദ്രെ റസല്‍ രണ്ടും ഡ്വയ്ന്‍ ബ്രോവൊ ഒരു വിക്കറ്റും നേടി.
തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു കുശാല്‍ പെരേരയും നിസങ്കയും. ആറാം ഓവറില്‍ സ്കോര്‍ 42 ല്‍ നില്‍ക്കവെയാണ് പെരേര മടങ്ങിയത്. പിന്നീടെത്തിയ അസലങ്കയെ കൂട്ടുപിടിച്ച് നിസങ്ക ലങ്കയുടെ ഇന്നിങ്സിന് ജീവന് പകര്‍ന്നു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 91 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 41 പന്തില്‍ അഞ്ച് ഫോറുകളുടെ അകമ്പടിയോടെയാണ് നിസങ്ക 51 റണ്‍സ് നേടിയത്.
ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന് കീറോണ്‍ പൊള്ളാര്‍ഡ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെയാണ് നിലവിലെ ചാമ്പ്യന്മാര് ഇറങ്ങുന്നത്. അതേസമയം, കുമാരയ്ക്ക് പകരം ബിനുര ഫെര്‍ണാണ്ടോ ശ്രിലങ്കയ്ക്കായി ഇറങ്ങും. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ വെസ്റ്റ് ഇന്‍ഡീസിന് ജയം അനിവാര്യമാണ്. മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടതോടെ ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
നിസങ്ക മടങ്ങിയിട്ടും അസലങ്ക പോരാട്ടം തുടര്‍ന്നു. 41 പന്തില്‍ 165 പ്രഹരശേഷിയിലാണ് താരം 68 റണ്‍സ് അടിച്ചെടുത്തത്. എട്ട് ഫോറുകളും ഒരു സിക്സും ഉള്‍പ്പെട്ടു അസലങ്കയുടെ ഇന്നിങ്സില്‍. അവസാന ഓവറുകളില്‍ കളത്തിലെത്തി സ്കോറിങ്ങിന് വേഗം കൂട്ടിയ ഷനകയും ലങ്കയുടെ കൂറ്റന്‍ സ്കോറില്‍ തന്റെ സാന്നിധ്യം അറിയിച്ചു.
ശ്രീലങ്ക: പാതും നിസ്സാങ്ക, കുശാൽ പെരേര (വിക്കറ്റ് കീപ്പര്‍), ചരിത് അസലങ്ക, അവിഷ്ക ഫെർണാണ്ടോ, ഭാനുക രാജപക്സെ, ദസുൻ ഷനക (ക്യാപ്റ്റന്‍), വനിന്ദു ഹസരംഗ, ചാമിക കരുണരത്നെ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, ബിനുര ഫെർണാണ്ടോ.
വെസ്റ്റ് ഇൻഡീസ്: ക്രിസ് ഗെയ്ൽ, എവിൻ ലൂയിസ്, റോസ്റ്റൺ ചേസ്, നിക്കോളാസ് പൂരൻ (വിക്കറ്റ് കീപ്പര്‍), കീറോൺ പൊള്ളാർഡ് (ക്യാപ്റ്റന്‍), ഷിമ്രോൺ ഹെറ്റ്മെയർ, ആന്ദ്രെ റസ്സൽ, ഡ്വെയ്ൻ ബ്രാവോ, ജേസൺ ഹോൾഡർ, അകേൽ ഹൊസൈൻ, രവി രാംപോൾ.