ദുബായ്: ട്വന്റി 20 ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് രോഹിത് ശര്‍മയെ ഒഴിവാക്കുമൊ എന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. നായകന്‍ വിരാട് കോഹ്ലിയും മറ്റ് മാധ്യമപ്രവര്‍ത്തകരും ചിരിച്ചൊരു വഴിക്കായി എന്ന് പറയാം. ചോദ്യത്തിനെ വെറുതെ ചിരിച്ചു തള്ളുക മാത്രമല്ല കോഹ്ലി ചെയ്തത്. വ്യക്തമായ മറുപടിയും നല്‍കി.
“അത് വളരെ ധീരമായൊരു ചോദ്യമാണ്. നിങ്ങള്‍ എന്താണ് കരുതുന്നത്? ഏറ്റവും മികച്ച ടീമാണ് ഇന്ന് കളിച്ചതെന്ന് ഞാന്‍ വിചാരിക്കുന്നു. നിങ്ങളുടെ അഭിപ്രായം എന്താണ് സര്‍?” വിരാടിന്റെ മറുചോദ്യം.
“ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് രോഹിതിന് പുറത്താക്കാന്‍ നിങ്ങള്‍ തയാറാകുമോ? അവസാന മത്സരത്തില്‍ രോഹിത് കാഴ്ച വച്ച പ്രകടനത്തെക്കുറിച്ച് അറിയാമോ? വിശ്വസിക്കാനാകുന്നില്ല! സർ, നിങ്ങൾക്ക് വിവാദം വേണമെങ്കിൽ ദയവായി എന്നോട് നേരത്തെ പറയൂ, അതിനനുസരിച്ച് ഞാൻ ഉത്തരം നൽകാം,” കോഹ്ലി പറഞ്ഞു.
പാക്കിസ്ഥാന്‍ എല്ലാ മേഖലയിലും മികച്ച പ്രകടനം നടത്തി എന്ന് സമ്മതിക്കാന്‍ തനിക്ക് മടിയില്ലെന്നും കോഹ്ലി മത്സര ശേഷം പറഞ്ഞു. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം അനായാസമായിരുന്നു പാക്കിസ്ഥാന്‍ മറികടന്നത്. 13 പന്തുകള്‍ ശേഷിക്കെ പത്ത് വിക്കറ്റിന്റെ ചരിത്ര ജയം.
“തുടക്കത്തില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ തിരിച്ചു വരവ് പ്രയാസമാണ്. രണ്ടാം ഇന്നിങ്സിലെ പോലെ പന്തിനെ നേരിടുക എളുപ്പമല്ലായിരുന്നു. സാഹചര്യം മാറുമെന്നുള്ളതിനാല്‍ 10-20 റണ്‍സ് കൂടുതലായി സ്കോര്‍ ചെയ്യണമായിരുന്നു,” കോഹ്ലി വ്യക്തമാക്കി.
“പാക്കിസ്ഥാന്റെ മികച്ച ബോളിങ് ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ തടഞ്ഞു എന്ന് പറയാം. ഒരു തോല്‍വികൊണ്ട് ഭയപ്പെടുന്ന ടീമല്ല ഞങ്ങളുടേത്. ഇത് ടൂര്‍ണമെന്റിന്റെ തുടക്കമാണ്, അവസാനമല്ല,” കോഹ്ലി കൂട്ടിച്ചേര്‍ത്തു.