ദുബായ്: ട്വന്റി 20 ലോകകപ്പില്‍ തങ്ങളുടെ ആദ്യ കിരീടം ലക്ഷ്യമിട്ട് ഓസ്ട്രേലിയയും ന്യൂസിലന്‍ഡും ഇന്നിറങ്ങും. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ട്വന്റി 20 ലോകകപ്പിലെ ന്യൂസിലന്‍ഡിന്റെ ആദ്യ ഫൈനലാണിതെന്ന പ്രത്യേകതയുമുണ്ട് ഇന്നത്തെ പോരാട്ടത്തിന്.
ടൂര്‍ണമെന്റിലെ ‘അണ്ടര്‍ഡോഗ്’ പട്ടവുമായാണ് ന്യൂസിലന്‍ഡ് എത്തുന്നത്. കെയിന്‍ വില്യംസണ് നയിക്കുന്ന ടീമിനെ സൈലന്റ് കില്ലര്‍ എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഐസിസി ടൂര്‍ണമെന്റുകളില്‍ അപ്രതീക്ഷിത കുതിപ്പാണ് ന്യൂസിലന്‍ഡ് നടത്തുന്നത്.
2015, 2019 ഏകദിന ലോകകപ്പുകളുടെ ഫൈനലില്‍ തോല്‍വി രുചിച്ചു കെയിന്‍ വില്യംസണും കൂട്ടരും. എന്നാല്‍ 2021 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശപ്പോരില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ചരിത്ര നേട്ടം. ഇപ്പോഴിതാ ട്വന്റി 20 ലോകകപ്പില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ ഫൈനലില്‍ എത്തി.
മികച്ച പ്രകടനം കാഴ്ച വച്ചതിന് ശേഷവും ഓസിസിന്റെ ഫൈനല്‍ പ്രവേശനത്തിനെ അപ്രതീക്ഷിതം എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. അഞ്ച് തവണ ഏകദിന ലോകകപ്പ് നേടിയ ക്രിക്കറ്റിലെ കരുത്തന്മാര്ക്ക് ട്വന്റി 20യില്‍ ഇതുവരെ ആധിപത്യം സ്ഥാപിക്കാനായിട്ടില്ല എന്ന പോരായ്മയുണ്ട്. 2010 ല്‍ ഫൈനലില്‍ എത്തിയതാണ് കങ്കാരുക്കളുടെ മികച്ച പ്രകടനം.
സെമി ഫൈനലില്‍ സമാന രീതിയില്‍ ഉജ്വല ജയം നേടിയാണ് ഇരുടീമുകളും ഫൈനലിലേക്കുള്ള ടിക്കറ്റ് നേടിയത്. ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനേയും ഓസ്ട്രേലിയ പാക്കിസ്ഥാനെയും മത്സരം അവസാനിക്കാന്‍ ഒരോവര്‍ ബാക്കി നില്‍ക്കെയാണ് കീഴടക്കിയത്. അതും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്.
ബാറ്റിങ്ങിലും ബോളിങ്ങിലും ഇരുടീമുകളും ഒരുപോലെ ശക്തരാണെന്ന് പറയാം. മാര്ട്ടിന് ഗുപ്റ്റില്‍ കെയിന്‍ വില്യംസണ്, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ടിം സെയ്ഫെര്‍ട്ട് എന്നിവരാണ് കിവികളുടെ ബാറ്റിങ് കരുത്ത്. ട്രെന് ബോള്‍ട്ട് നയിക്കുന്ന ബോളിങ് നിരയില്‍ മിച്ചല്‍ സാറ്റ്നര്‍, ഇഷ് സോദി, ടിം സൗത്തി എന്നിവരും നിര്‍ണായക ഘടകങ്ങളാണ്.
മറുവശത്ത് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് ഓസ്ട്രേലിയക്ക് കരുത്ത് പകരും. സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല് എന്നിവര്‍ പ്രതീക്ഷക്കൊത്തുയരാത്തത് ആശങ്കയാണ്. എന്നത്തേയും പോലെ ഓസിസിന്റെ പേസ് നിര സജ്ജമാണ്.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അളന്നുമുറിച്ചുള്ള യോര്‍ക്കറുകള്‍ ഇത്തവണയും ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി. പാറ്റ് കമ്മിന്‍സ് ഫോമിലാണെങ്കിലും ജോഷ് ഹെയ്സല്‍വുഡ് റണ്‍സ് വിട്ടു നല്‍കുന്നത് തിരിച്ചടിയാണ്. മധ്യ ഓവറുകളില്‍ സ്പിന്നര്‍ ആദം സാമ്പയുടെ സേവനം ഓസിസിന് ഗുണം ചെയ്യും.
ഓള് റൗണ്ടര്‍മാരുടെ കാര്യത്തിലും ഇരുടീമുകളും തുല്യതയിലാണ്. സെമിയില്‍ ന്യൂസിലന്‍ഡിന് നിര്‍ണായകമായത് ജെയിംസ് നീഷത്തിന്റെ കൂറ്റനടികള്‍ ആയിരുന്നെങ്കില്‍ ഓസ്ട്രേലിയക്ക് കരുത്തായത് മാര്‍ക്കസ് സ്റ്റോയിനിസിന്റെ പ്രകടനമായിരുന്നു.