ന്യൂഡൽഹി: ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെയാണ് വർഷംതോറുമുള്ള കുട്ടിക്രിക്കറ്റ് പുരമായ ഇന്ത്യൻ പ്രീമിയർ ലീഗിനായി കാത്തിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ മിന്നും താരങ്ങൾ ഒരു ടീമിനായി ഒന്നിക്കുകയും പുതിയ താരോദയങ്ങൾക്ക് വേദിയാവുകയും ചെയ്യുന്ന ഐപിഎൽ എന്നാൽ ഇത്തവണ കോവിഡ്-19ന്റെ കരിനിഴലിലാണ്. ലോകമെമ്പാടും കൊറോണ വൈറസ് പടർന്ന് പിടിച്ച സാഹചര്യത്തിൽ ഐപിഎല്ലും അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. എന്നാൽ എങ്ങനെയും ടൂർണമെന്റ് നടത്താനുള്ള സാധ്യതകൾ തേടുകയാണ് ബിസിസിഐ.

ബുധനാഴ്ച ചേർന്ന ടെലികോൺഫറൻസിലൂടെ യോഗം ചേർന്ന ബിസിസിഐ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രമീകരിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു. ഇതോടൊപ്പം ഇന്ത്യയുടെ രാജ്യാന്തര മത്സരങ്ങളും ആഭ്യന്തര മത്സരങ്ങളും നടത്തുന്ന കാര്യത്തെക്കുറിച്ചും ചർച്ചയുണ്ടായി. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവച്ചുകൊണ്ട് ഐപിഎൽ നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

Also Read: ഓസീസിനെ രക്ഷിക്കാന്‍ കോഹ്ലിയും ടീമും രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയാന്‍ തയ്യാര്‍

നിലവിലെ സാഹചര്യത്തിൽ ക്രിക്കറ്റ് നടക്കുന്നതിനുള്ള സാധ്യതകൾ കുറവാണെന്ന് ബോർഡ് അംഗങ്ങൾ തന്നെ അംഗീകരിക്കുന്നു. എന്നാൽ ഐസിസി ഇവന്റുകളുടെ കാര്യം ഇനിയും ചർച്ച പോലും ചെയ്യാത്തത് ഐപിഎൽ ഉൾപ്പടെയുള്ള ടൂർണമെന്റുകളുടെ സാധ്യത വർധിപ്പിച്ചിട്ടുണ്ട്.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഓസിട്രേലിയയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസകരമാണ്. എന്നാൽ ലോകകപ്പ് പോലൊരു വലിയ ടൂർണമെന്റിന് രാജ്യം സജ്ജമാണോയെന്ന ചോദ്യമാണ്. ആറു മാസത്തേക്ക് ഓസ്ട്രേലിയ രാജ്യത്തിന്റെ അതിർത്തികൾ അടച്ചിട്ടുണ്ടെങ്കിലും ഐസിസിയുമായി ആലോചിച്ച് ബദൽ മാർഗ്ഗം തേടുന്നുണ്ട്.

Also Read: ധോണിയും കോഹ്‌ലിയുമുൾപ്പടെ പലരും യുവരാജിനെ പിന്നിൽ നിന്ന് കുത്തി: യോഗ്‌രാജ് സിങ്

നേരത്തെ മാർച്ച് 29നായിരുന്നു ഐപിഎൽ 13-ാം പതിപ്പ് ആരംഭിക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വ്യാപനം തടയുന്നതിന് ഐപിഎൽ മാറ്റിവയ്ക്കുകയായിരുന്നു. ഏപ്രിൽ 15ന് ഐപിഎൽ തുടങ്ങാനായിരുന്നു ബിസിസിഐ നിശ്ചയിച്ചിരുന്നത്. എന്നാൽ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഐപിഎല്ലും അനിശ്ചിത കാലത്തേക്ക് മാറ്റിവയ്ക്കേണ്ടിവന്നു.

ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കാതെ വന്നാലുള്ള സാമ്പത്തിക നഷ്ടമാണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിൽ. കൊറോണ വൈറസിനെ തുടർന്ന് 2020 എഡിഷനിലെ ഐപിഎൽ സീസൺ ഉപേക്ഷിക്കേണ്ടി വന്നാൽ ബിസിസിഐയ്ക്ക് അത് വലിയ തിരിച്ചടിയാകും. 2,000 കോടിയുടെ നഷ്ടമായിരിക്കും ഇതിലൂടെ ബിസിസിഐയ്ക്കുണ്ടാവുക. ബിസിസിഐയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടായാൽ കളിക്കാരുടെ ശമ്പളത്തെയും ബാധിക്കും. അവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ടെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook