അബുദാബി: ട്വന്റി 20 ലോകകപ്പ് നിലവില്‍ അപ്രസക്തമാണെന്നും ഇപ്പോള്‍ കളിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനാണ് (ഐപിഎല്‍) മുന്‍ഗണന നല്‍കുന്നതെന്നും മുംബൈ ഇന്ത്യന്‍സ് താരം കീറോണ്‍ പൊള്ളാര്‍ഡ്. ഐപിഎല്‍ പൂര്‍ത്തിയായതിന് ശേഷം ലോകകപ്പിനെക്കുറിച്ച് ആലോചിക്കാമെന്നും താരം വ്യക്തമാക്കി. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു പൊള്ളാര്‍ഡ്.
“വ്യക്തിഗത നിലയില്‍ ഒരു ടൂര്‍ണമെന്റില്‍ പങ്കെടുക്കുമ്പോള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ട കാര്യത്തെക്കുറിച്ചായിരിക്കും ചിന്തിക്കുക. ട്വന്റി ലോകകപ്പിനെപ്പറ്റി ചിന്തിക്കേണ്ട സമയമല്ല. എല്ലാവര്‍ക്കും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളെ തരണം ചെയ്യുകയുമാണ് വേണ്ടത്. പുറത്തുള്ളവര്‍ക്ക് ക്രിക്കറ്റ് താരങ്ങള്‍ ഏത് മാനസികാവസ്ഥയിലൂടെയാണ് പോകുന്നതെന്ന് അറിയില്ല”, പൊള്ളാര്‍ഡ് പറഞ്ഞു.
“ഐപിഎല്‍ കളിക്കുമ്പോള്‍ ലോകകപ്പ് ചിന്തകളുടെ ആവശ്യമില്ല. എല്ലാവരും പിച്ചിനെക്കുറിച്ച് സംസാരിക്കുന്നു. എപ്പോഴും നമ്മള്‍ ആഗ്രഹിക്കുന്നത് ലഭിക്കണമെന്നില്ല. ഒരു പ്രൊഫഷണല്‍ താരമെന്ന നിലയില്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയാണ് ചെയ്യേണ്ടത്. മുന്നിലുള്ളതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനാണ് ഞാന്‍ പ്രാധാന്യം നല്‍കുന്നത്,” താരം കൂട്ടിച്ചേര്‍ത്തു.
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം പ്ലേ ഓഫിലേക്കെത്തുമെന്ന ആത്മവിശ്വാസവും പൊള്ളാര്‍ഡ് പങ്കുവച്ചു. “പരസ്പര വിശ്വാസം ഞങ്ങള്‍ക്കുണ്ട്. ഏത് സാഹചര്യവും തരണം ചെയ്യും. എല്ലാവരും ആത്മവിശ്വാസത്തോടെ ഒരുമിച്ച് മുന്നോട്ട് പോവുകയാണ്,” പൊള്ളാര്‍ഡ് വ്യക്തമാക്കി.