ദുബായ്: പാക്കിസ്ഥാനോട് ആദ്യ മത്സരത്തില്‍ 10 വിക്കറ്റിന്റെ തോല്‍വി. നിര്‍ണായക പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോടും അടിയറവ് പറഞ്ഞു. എല്ലാ മേഖലയിലും കരുത്തരായ ഇന്ത്യ തകര്‍ന്നടിയുന്ന കാഴ്ചയാണ് ട്വന്റി 20 ലോകകപ്പില്‍ കണ്ടത്. തുടര്‍ പരാജയങ്ങള്‍ ഇന്ത്യയുടെ സെമി ഫൈനല്‍ മോഹങ്ങള്‍ക്ക് കനത്ത ആഘാതമാണ് നല്‍കിയിരിക്കുന്നത്. എന്നാലും സെമിയിലെത്താന്‍ വിരാട് കോഹ്ലിക്കും കൂട്ടര്‍ക്കും സാധ്യതയുണ്ട്. ഗ്രൂപ്പിലെ മറ്റ് ടീമുകളുടെ ജയ പരാജയങ്ങളെ ആശ്രയിച്ചായിരിക്കും അത്. ഇന്ത്യയുടെ സാധ്യതകള്‍ പരിശോധിക്കാം.
ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍
- അഫ്ഗാനിസ്ഥാന്‍ – നവംബര്‍ മൂന്ന്
- സ്കോട്ട്ലന്‍ഡ് – നവംബര്‍ അഞ്ച്
- നമീബിയ – നവംബര്‍ എട്ട്
നെറ്റ് റണ്‍റേറ്റ് എന്ന ഘടകം
രണ്ട് വലിയ പരാജയങ്ങള്‍ക്ക് ഇന്ത്യ നല്‍കേണ്ടി വന്നിരിക്കുന്നത് വലിയ വിലയാണ്. നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ ഒരു ജയം പോലും അവകാശപ്പെടാനില്ലാതെ ഗ്രൂപ്പില്‍ അഞ്ചാം സ്ഥാനത്താണ് നീലപ്പട. നെറ്റ് റണ്‍റേറ്റ് -1.609. സെമി സാധ്യത നിലനിര്‍ത്താന്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ കേവലം വിജയം മാത്രം പോര ഇന്ത്യയ്ക്ക്. എതിര്‍ ടീമിന് കൂറ്റന്‍ പരാജയങ്ങള്‍ സമ്മാനിക്കണം.
അഫ്ഗാനിസ്ഥാനാണ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവുമായി ഗ്രൂപ്പില്‍ പാക്കിസ്ഥാന് പിന്നിലാണ് അവര്‍. ഇന്നലെ സ്കോട്ട്ലന്‍ഡിനെതിരെ നേടിയ വമ്പന്‍ ജയം അഫ്ഗാനിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് +3.097 ആയി ഉയര്‍ത്തി. ഈ ലോകകപ്പിലെ തന്നെ മികച്ച രണ്ടാമത്തെ നെറ്റ് റണ്‍റേറ്റാണിത്.
അഫ്ഗാനിസ്ഥാന്‍ വെല്ലുവിളി
ബുധനാഴ്ച അബുദാബിയില്‍ നടക്കുന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് ജയം അനിവാര്യമാണ് ഇന്ത്യക്ക്. തോറ്റാല്‍ സെമി ഫൈനല്‍ സ്വപ്നങ്ങള്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാം. നെറ്റ് റണ്‍റേറ്റില്‍ മുന്നിലെത്താന്‍ ആവശ്യമായത് വലിയ ജയമാണ്. അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ ഗ്രൂപ്പ് രണ്ടിലെ കാര്യങ്ങള്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തിലേക്ക് എത്തും.
അട്ടിമറിയുടെ പ്രതീക്ഷ
ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യതകള്‍ക്ക് കൂടുതല്‍ വെളിച്ചം നല്‍കാന്‍ ഒരു അട്ടിമറി കൂടി നടക്കണം. നമീബിയയോ സ്കോട്ട്ലന്‍ഡോ ന്യൂസിലന്‍ഡിനൊരു അപ്രതീക്ഷിത തോല്‍വി സമ്മാനിച്ചാല്‍ കോഹ്ലിക്കും കൂട്ടര്‍ക്കും കാര്യങ്ങള്‍ എളുപ്പമാകും. പക്ഷെ കിവിപ്പടയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇരുടീമുകള്‍ക്കും ആകുമോ എന്ന സംശയം നിലനില്‍ക്കുന്നു.