India vs Scotland Cricket Score: ട്വന്റി ട്വന്റി ലോകകപ്പിൽ സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലൻഡിനെ 85 റൺസിൽ എറിഞ്ഞൊതുക്കിയ ഇന്ത്യ മത്സരത്തിൽ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. നിശ്ചിത 20 ഓവർ പൂർത്തിയാവാൻ 81 പന്ത് ബാക്കി നിൽക്കെ 6.3 ഓവറിലാണ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് നേടി ഇന്ത്യ വിജയം സ്വന്തമാക്കിയത്.
അഞ്ചാം ഓവറിൽ രോഹിത് ശർമയുടെയും ആറാം ഓവറിൽ കെഎൽ രാഹുലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. കെഎൽ രാഹുൽ 19 പന്തിൽ നിന്ന് ആറ് ഫോറും മൂന്ന് സിക്സുമടക്കം 50 റൺസ് നേടി. രോഹിത് ശർമ 16 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്സും അടക്കം 30 റൺസ് നേടി.
കാപ്റ്റൻ വിരാട് കോഹ്ലി പുറത്താവാതെ രണ്ട് പന്തിൽ നിന്ന് രണ്ട് റൺസ് നേടി. സൂര്യകുമാർ യാദവ് രണ്ട് പന്തിൽ നിന്ന് ഒരു സിക്സർ നേടി.
മാർക്ക് വാട്ടും ബ്രാഡ് വീലുമാണ് സ്കോട്ട്ലൻഡിന് വേണ്ടി വിക്കറ്റ് നേടിയത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ സ്കോട്ട്ലൻഡ് 17.4 ഓവറിൽ 85 റൺസെടുത്ത് പുറത്താവുകയായിരുന്നു.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരുടെ പ്രകടനം ആദ്യം ബാറ്റ് ചെയ്ത എതിരാളികൾക്ക് മേൽ ഇന്ത്യക്ക് ആധിപത്യം നേടിക്കൊടുത്തു.
മൂന്ന് ഓവറിൽ ഒരു മെയ്ഡൻ ഓവർ അടക്കം 15 റൺസ് മാത്രം വഴങ്ങിയ മുഹമ്മദ് ഷമി സ്കോട്ട്ലൻഡിന്റെ മൂന്ന് വിക്കറ്റെടുത്തു. നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി ജഡേജയും മൂന്ന് വിക്കറ്റെടുത്തു.
3.4 ഓവറിൽ ഒരു മെയ്ഡൻ ഓവർ അടക്കം 10 റൺസ് മാത്രമാണ് ബുംറ വഴങ്ങിയത്. സ്കോട്ട്ലൻഡിന്റെ രണ്ട് വിക്കറ്റും ബുംറ നേടി. അശ്വിൻ നാല് ഓവറിൽ 29 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടി.
സ്കോട്ടിഷ് നിരയിൽ ജോർജ് മുൻസെ-24, കാലം മക്ലിയോഡ്-16, മിച്ചൽ ലീസ്ക്-21 മാർക് വാട്ട്-14 എന്നിവർ മാത്രമാണ് റൺസ് രണ്ടക്കം തികച്ചത്.
കൈൽ കോയ്റ്റ്സർ-ഒന്ന്, മാത്യു ക്രോസ്-രണ്ട്,റിച്ചീ ബെറിങ്ടൺ-പൂജ്യം. ക്രിസ് ഗ്രീവ്സ്-ഒന്ന്, സഫ്യാൻ ഷരീഫ്-പൂജ്യം, അലാസ്ദിർ ഇവാൻസ്-പൂജ്യം, ബ്രാഡ് വീൽ-രണ്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.
ട്വന്റി 20 ലോകകപ്പിൽ സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദുബായ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം.
സ്കോട്ട്ലൻഡിനെതിരായ ജയത്തോടെ ഗ്രൂപ്പ് രണ്ടിൽ പോയിന്റ് നിലയിൽ ഇന്ത്യ അഫ്ഘാനിസ്ഥാനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി.
നാല് മത്സരങ്ങളിൽ രണ്ട് ജയവും രണ്ട് തോൽവിയുമായി നാല് പോയിന്റാണ് ഇന്ത്യക്ക്. നാല് പോയിന്റ് തന്നെയുള്ള അഫ്ഘാനിസ്ഥാൻ റൺ റേറ്റ് കുറവായതോടെയാണ് പിറകിലായത്.
ഗ്രൂപ്പ് രണ്ടിൽ എല്ലാ ടീമിുകൾക്കും ഇനി ഓരോ മത്സരങ്ങളാണ് ശേഷിക്കുന്നത്. കളിച്ച നാല് മത്സരങ്ങളും ജയിച്ച് പാകിസ്താനാണ് എട്ട് പോയിന്റോടെ മുന്നിൽ. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവിമായി ആറ് പോയിന്റോടെ ന്യൂസീലൻഡാണ് രണ്ടാമത്.
തിങ്കളാഴ്ച നമീബിയക്കെതിരായാണ് ഇന്ത്യയുടെ അവസാന മത്സരം. ഞായറാഴ്ച ന്യൂസീലൻഡും അഫ്ഘാനിസ്താനും അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ ഏറ്റുമുട്ടും. ഈ മത്സരത്തിന്റെ ഫലം ഇന്ത്യയുടെ സെമി പ്രവേശന സാധ്യതയിൽ നിർണായകമാണ്. ഞായറാഴ്ച ഗ്രൂപ്പിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ പാകിസ്താൻ സ്കോട്ട്ലൻറിനെ നേരിടും.
ഗ്രൂപ്പിൽ പാകിസ്ഥാൻ സെമി പ്രവേശനം ഉറപ്പിച്ചിട്ടുണ്ട്. പാകിസ്ഥാന് ഒപ്പം ഇന്ത്യ, ന്യൂസീലൻഡ്, അഫ്ഘാനിസ്ഥാൻ എന്നീ ടീമുകളിൽ ആര് സെമി പ്രവേശനം നേടും എന്നറിയാൻ അവസാന മത്സരങ്ങളുടെ ഫലവും ടീമുകളുടെ നെറ്റ് റൺറേറ്റും നിർണായകമാണ്.
ഇന്ത്യ (പ്ലേയിങ് ഇലവൻ): കെ എൽ രാഹുൽ, രോഹിത് ശർമ, വിരാട് കോഹ്ലി(കാപ്റ്റൻ), സൂര്യകുമാർ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ
സ്കോട്ട്ലൻഡ് (പ്ലേയിംഗ് ഇലവൻ): ജോർജ്ജ് മുൻസി, കൈൽ കോറ്റ്സർ (കാപ്റ്റൻ), മാത്യു ക്രോസ് (വിക്കറ്റ് കീപ്പർ), റിച്ചി ബെറിംഗ്ടൺ, കാലും മക്ലിയോഡ്, മൈക്കൽ ലീസ്ക്, ക്രിസ് ഗ്രീവ്സ്, മാർക്ക് വാട്ട്, സഫിയാൻ ഷെരീഫ്, അലസ്ഡെയർ ഇവാൻസ്, ബ്രാഡ്ലി വീൽ