scorecardresearch

T20 WC: വെടിക്കെട്ടുമായി ഇഷാനും രാഹുലും; സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം

ഇംഗ്ലണ്ട് ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം ഓരോവർ ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു

Photo: Twitter/BCCI

ദുബായ്: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം ഓരോവർ ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ രാഹുലും ഇഷാൻ കിഷനും ചേർന്ന് നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

രോഹിത്തിനു പകരം ഓപ്പണറായി ഇറങ്ങിയ ഇഷാൻ കിഷനെ കൂട്ടുപിടിച്ച് രാഹുൽ ആദ്യം മുതൽ തന്നെ വെടിക്കെട്ട് ആരംഭിക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ തന്നെ തകർത്തടിച്ച ഇവർ ആദ്യ ആറ് ഓവറുകളിൽ 59 റൺസ് നേടി. ഒമ്പതാം ഓവറിൽ മാർക്ക് വുഡ് രാഹുലിനെ മൊയീൻ അലിയുടെ കൈകളിൽ എത്തിച്ചതോടെയാണ് രാഹുലിന്റെ വെടിക്കെട്ട് അവസാനിച്ചത്. 24 പന്തിൽ 51 റൺസാണ് രാഹുൽ നേടിയത്.

പിന്നീടെത്തിയ കോഹ്ലി 13 പന്തിൽ 11 റൺസുമായി വേഗം മടങ്ങി. കോഹ്ലി പുറകെ എത്തിയ റിഷഭ് പന്ത് തകർപ്പൻ ഷോട്ടുകളുമായി ക്രീസിൽ നിലയുറപ്പിച്ചു. അതിനിടയിൽ 46 പന്തിൽ 70 റൺസുമായി ഇഷാൻ കിഷൻ റിട്ടയേർഡ് ഔട്ടായി. പിന്നാലെ എത്തിയ സൂര്യകുമാർ യാദവും എട്ട് റൺസുമായി വേഗം മടങ്ങി. പിന്നീട് ഹർദിക് പാണ്ഡ്യക്ക് ഒപ്പം ചേർന്ന് പന്ത് ഇന്ത്യയെ വിജയത്തിൽ എത്തിക്കുകയായിരുന്നു. പന്ത് 14 പന്തിൽ 29 റൺസും ഹർദിക് 10 പന്തിൽ ൧൨ റൺസുമായി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി, മാർക്ക് വുഡ്, ലിയാം ലിവിങ്സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. ബെയർസ്റ്റോയും അവസാന ഓവറിൽ തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞ മൊയിൻ അലിയുമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.

ക്യാപ്റ്റൻ ജോസ് ബട്ട്ലറും ജേസൺ റോയിയും ചേർന്ന് ആദ്യ ഓവറുകളിൽ ഇംഗ്ളണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ പവർപ്ലേ ഓവറുകൾ അവസാനിക്കും മുൻപേ രണ്ടു പേരെയും ഷമി പുറത്താക്കി. നാലാം ഓവറിൽ 13 പന്തിൽ 17 റൺസെടുത്ത ബട്ട്ലറുടെ വിക്കറ്റ് പിഴുത ഷമി ആറാം ഓവറിൽ റോയിയെ ബുംറയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. പവർപ്ലേ ഓവർ അവസാനിക്കുമ്പോൾ 51 റൺസിന്‌ രണ്ട് വിക്കറ്റ് എന്ന നിലയിൽ ആയിരുന്നു ഇംഗ്ലണ്ടിന്റെ സ്കോർ ബോർഡിൽ.

പിന്നീട് എത്തിയ ഡേവിഡ് മലാൻ 18 പന്തിൽ പതിനെട്ട് റൺസുമായി രാഹുൽ ചഹാറിന് വിക്കറ്റ് നൽകി മടങ്ങി. അതേസമയം മറുവശത്ത് ഉണ്ടായിരുന്ന ജോണി ബെയര്‍സ്റ്റോയും അടുത്തതായി ഇറങ്ങിയ ലിയാം ലിവിംഗ്സ്റ്റണും ചേർന്ന് കൂറ്റൻ ഷോട്ടുകളിലൂടെ ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചു. ഇരുവരും ചേർന്ന് പതിമൂന്നാം ഓവറിൽ സ്കോർ 100 കടത്തി.

Also Read: T20 WC: നാല് പന്തിൽ നാല് വിക്കറ്റ്, ലോക റെക്കോർഡിനൊപ്പം കാംഫർ; അയർലണ്ടിനു ജയം

പതിനഞ്ചാം ഓവറിൽ ഷമി മടങ്ങിയെത്തി 20 പന്തിൽ 30 റൺസെടുത്ത ലിവിങ്‌സ്റ്റണിനെ വീഴ്ത്തിയെങ്കിലും മൊയിൻ അലി എത്തി തകർത്തടിച്ചു ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിക്കുകയിരുന്നു.

ബുംറയുടെ പന്തിൽ അർധസെഞ്ചുറിക്ക് ഒരു റൺ അകലെയാണ് ബെയർസ്‌റ്റോ വീണത്. 36 പന്തിൽ 49 റൺസായിരുന്നു സമ്പാദ്യം. മൊയീൻ അലി 20 പന്തിൽ 43 റൺസ് നേടി പുറത്താകാതെ നിന്നു.

ഇന്ത്യക്കായി ഷമി മൂന്ന് വിക്കറ്റും ബുംറയും രാഹുൽ ചഹാറും ഓരോ വിക്കറ്റും നേടി.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: T20 world cup india vs england warmup match result highlights