T20 World Cup: ബാറ്ററായി മാത്രം ഹാര്‍ദിക് തുടര്‍ന്നേക്കില്ല; പ്ലാന്‍ ബിയുമായി ഇന്ത്യ

മൂന്ന് വര്‍ഷം മുന്‍പ് ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെയാണ് ഹാര്‍ദിക്കിന് പുറം വേദന അനുഭവപ്പെട്ടത്, അത് താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചു

Hardik Pandya, T20 World Cup

ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ബാറ്ററായി മാത്രം ഹാര്‍ദിക് പാണ്ഡ്യ കളിച്ചേക്കില്ലെന്ന് സൂചന. പാക്കിസ്ഥാനെതിരായ തോല്‍വിക്ക് ശേഷം ടീം മാനേജ്മെന്റ് ഒരു തീരുമാനത്തിലെത്തിയതായാണ് ഇന്ത്യന്‍ എക്സ്പ്രസ് മനസിലാക്കുന്നത്. ബുധനാഴ്ച പാണ്ഡ്യ ബോളിങ് പരിശീലനം നടത്തിയിരുന്നു. പാണ്ഡ്യയുടെ ശാരീരികക്ഷമത വിലയിരുത്തിയതിന് ശേഷമായിരിക്കും ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഹാര്‍ദിക് കഴിഞ്ഞ ദിവസം ബോളിങ് പരിശീലനം നടത്തിയത്. താരത്തിന്റെ ബോളിങ്ങില്‍ ടീം മാനേജ്മെന്റിന് തൃപ്തിയുണ്ടായാല്‍ മാത്രമായിരിക്കും അടുത്ത തീരുമാനം. ഓള്‍റൗണ്ട് മികവിനെ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിശീലനമായിരുന്നു ഇന്നലെ നടന്നത്. പഴയ നിലയിലേക്ക് എത്താനുള്ള ആദ്യ പടി എന്നോണമായിരുന്നു ഹാര്‍ദിക്കിന്റെ പരിശീലനം.

28 കാരനായ പാണ്ഡ്യ ഈ വര്‍ഷം ഏഴ് ട്വന്റി 20 രാജ്യാന്തര മത്സരങ്ങളില്‍ ആകെ ബോള്‍ ചെയ്തത് 19 ഓവര്‍ മാത്രമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ഓവര്‍ പോലും എറിയാന്‍ താരത്തിന് കഴിഞ്ഞതുമില്ല. ആറ് ഏകദിനത്തില്‍ നിന്ന് 23 ഓവറും പാണ്ഡ്യ എറിഞ്ഞു. ട്വന്റി 20 ലോകകപ്പിന് തിരഞ്ഞെടുത്തപ്പോള്‍ ഹാര്‍ദിക് പന്തെറിയുമെന്ന പ്രതീക്ഷയാണ് സെലക്ടര്‍മാര്‍ പങ്കുവച്ചിരുന്നത്. കുറഞ്ഞത് മൂന്ന് ഓവറെങ്കിലും ഹാര്‍ദിക്കിന് നല്‍കാനായാല്‍ മറ്റ് ബോളര്‍മാരുടെ ഭാരം കുറയ്ക്കാനാകും.

“ഹാര്‍ദിക്ക് ശാരീരിക ക്ഷമത വീണ്ടെടുത്തു. അദ്ദേഹത്തിന് അനുവദിച്ച മുഴുവര്‍ ഓവറുകളും എറിയും,” ടീം പ്രഖ്യാപനത്തിന് ശേഷം സെലക്ടര്‍ ചേതന്‍ ശര്‍മയുടെ വാക്കുകളാണിത്. പക്ഷെ ടൂര്‍ണമെന്റ് ആരംഭിച്ചതോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു. പാണ്ഡ്യയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ ഒരു പേസ് ബോളറെ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ടീം മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്. അക്സര്‍ പട്ടേലിന് പകരമായി ടീമിലെത്തിയ ശാര്‍ദൂല്‍ താക്കൂറിനാണ് മുന്‍ഗണന.

വലിയ രീതിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും പാണ്ഡ്യയെ പിന്തുണയ്ക്കുന്ന സമീപനമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി സ്വീകരിച്ചത്. പാണ്ഡ്യയെ ബാറ്ററായി മാത്രം കളിപ്പിക്കുന്നതില്‍ ടീമിന് യാതൊരുവിധ ആശങ്കകളും ഇല്ല. അവസാന ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള ഹാര്‍ദിക്കിന്റെ മികവില്‍ വിശ്വാസമുണ്ടെന്നുമായിരുന്നു കോഹ്ലിയുടെ വാദം. ബോള്‍ ചെയ്യാനായില്ലെങ്കില്‍ ഹാര്‍ദിക്കിനെ ടീമില്‍ നിന്ന് പുറത്താക്കുമോ എന്ന ചോദ്യത്തേയും ഇന്ത്യന്‍ നായകന്‍ തള്ളി.

പാക്കിസ്ഥാനെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങിയതില്‍ ആറാം ബോളറുടെ അഭാവം പ്രതിഫലിച്ചതായാണ് പൊതുവായുള്ള വിലയിരുത്തല്‍. ശാര്‍ദൂല്‍ ആകട്ടെ ബാറ്റിങ്ങിലും മികവ് തെളിയിച്ച താരമാണ്. ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും എതിരായ ടെസ്റ്റ് പരമ്പരയില്‍ ശാര്‍ദൂലിന്റെ ബാറ്റിങ് പ്രകടനം തൃപ്തികരമായിരുന്നു. പാണ്ഡ്യയുടെ പ്രഹരശേഷി മത്സരത്തിന്റെ ഗതി മാറ്റി മറിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഹാര്‍ദിക്കിന്റെ പ്രകടനം ശരാശരിയിലും താഴെയാണെന്നതും വസ്തുതയായി തുടരുന്നു.

മൂന്ന് വര്‍ഷം മുന്‍പ് ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെയാണ് ഹാര്‍ദിക്കിന് പുറം വേദന അനുഭവപ്പെട്ടത്. അത് താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചു. പിന്നീട് കാര്യമായി ബാറ്റിങ്ങില്‍ തിളങ്ങാനും ഹാര്‍ദിക്കിന് കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് പ്ലാന്‍ ബിയിലേക്ക് കടക്കാന്‍ ടീം മാനേജ്മെന്റ് ശ്രമിക്കുന്നത്. ശാര്‍ദൂല്‍ കൂടുതല്‍ സമയം ബാറ്റിങ് പരിശീലനം നടത്തുന്നതും ഇതിന്റെ ഭാഗമായാണെന്നാണ് സൂചന.

Also Read: ട്വന്റി 20 ലോകകപ്പിലെ ടോപ് സ്കോറര്‍ അയാളായിരിക്കും; ഇന്ത്യന്‍ താരത്തെ പിന്തുണച്ച് പീറ്റേഴ്സണ്‍

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: T20 world cup hardik pandya unlikely to play as pure batsman

Next Story
ട്വന്റി 20 ലോകകപ്പിലെ ടോപ് സ്കോറര്‍ അയാളായിരിക്കും; ഇന്ത്യന്‍ താരത്തെ പിന്തുണച്ച് പീറ്റേഴ്സണ്‍Kevin Pietersen, T20 WC
The moderation of comments is automated and not cleared manually by malayalam.indianexpress.com