ട്വന്റി20 ലോകകപ്പിന്റെ കലാശ പോരില്‍ മഴ ഭീഷണി നില്‍ക്കുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നാളെ പാക്കിസ്ഥാനും ഇംഗ്ലണ്ട് ഏറ്റുമുട്ടുകയാണ്. ശക്തരെന്ന് വിലയിരുത്തപ്പെടുന്ന ഇംഗ്ലീഷ് ടീമാണോ പൊരുതി വിജയം നേടുന്ന പാക്ക് പടയാണോ ലോകകപ്പ് കിരീടം സ്വന്തമാക്കുകയെന്ന പ്രവചനം സാധ്യമല്ല, എന്നാല്‍ മൂടികെട്ടിയ മെല്‍ബണിലെ അന്തരീക്ഷമാകും കളി നിയന്ത്രിക്കുകയെന്ന് വേണം മനസിലാക്കാന്‍.
സെമിയില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ പാകിസ്ഥാന്‍ ഇറങ്ങുമ്പോള്‍ എന്തിനും പോന്ന ജോസ് ബട്‌ലര്‍ അടങ്ങുന്ന കരുത്തുറ്റ ബാറ്റിങ് നിര തന്നെയാകും ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. സെമിയില്‍ ഇന്ത്യക്കെതിരെ ആധികാരികമായ വിജയം നേടിയതിന്റെ ആത്മവിശ്വാസവും ഇംഗ്ലീഷ് ടീമിന് കരുത്ത് പകരും.
അതേസമയം ഫൈനല്‍ മത്സരത്തില്‍ മഴ വില്ലനാകുമെന്ന ഭീതി ഇരുടീമിനുമുണ്ടാകും. മെല്‍ബണിലെ കാലാവസ്ഥ പ്രവചനവും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. മത്സരത്തിനായി റിസര്‍വ് ഡേ ഉണ്ടെന്നതും ശ്രദ്ധിക്കണം. നാളെ മത്സരം നടന്നില്ലെങ്കില്‍ റിസര്‍വ് ദിനമായ തിങ്കളാഴ്ച മത്സരം നടത്തും. ഒരു മത്സരം നടത്താന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ ഓവര്‍ എറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ മത്സരം റിസര്‍വ് ദിനത്തിലേക്ക് കടക്കുകയുള്ളൂ. നോക്കൗട്ട് മത്സരങ്ങളില്‍ കുറഞ്ഞത് ടീമുകള്‍ക്ക് 10 ഓവര്‍ വീതമുള്ള മത്സരം നടത്തണം. മഴ മൂലം ഓവറുകള്‍ വെട്ടിക്കുറച്ചാലും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് കുറഞ്ഞത് 10 ഓവറെങ്കിലും ബാറ്റ് ചെയ്യാനായില്ലെങ്കിലാകും മത്സരം മറ്റന്നാളത്തേക്ക് മാറ്റുന്നത്.
ഓസ്ട്രേലിയയിലെ ബ്യൂറോ ഓഫ് മെറ്റീരിയോളജി പ്രവചിക്കുന്നത് തിങ്കളാഴ്ച 10 മുതല്‍ 20 മില്ലീമീറ്ററില്‍ മഴ പെയ്യാനുള്ള 100 ശതമാനം സാധ്യതയാണ്, ഇടിമിന്നലിനുള്ള സാധ്യതയും കനത്ത മഴയോടൊപ്പം ഉണ്ടായേക്കാം. മത്സരത്തിന്റെ സമനിലയിലായാല്‍ ഒരു സൂപ്പര്‍ ഓവര്‍ കളിക്കും, കാലാവസ്ഥ തടസ്സപ്പെടുത്തുകയും സൂപ്പര്‍ ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ പാകിസ്ഥാനെയും ഇംഗ്ലണ്ടിനെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും.
മഴ കണക്കിലെടുത്ത് റിസര്‍വ് ദിനത്തിലെ മത്സരസമയത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ഐസിസി. നാളെ ഇന്ത്യന്‍ സമയം 1.30ന് തുടങ്ങേണ്ട മത്സരം മഴമൂലം റിസര്‍വ് ദിനമായ മറ്റന്നാളത്തേക്ക് മാറ്റിവെക്കുകയാണെങ്കില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ നിശ്ചിത സമയത്തിന് പുറമെ രണ്ട് മണിക്കൂര്‍ അധികസമയം നേരത്തെ ഐസിസി അനുവദിച്ചിരുന്നു. ഇത് നാലു മണിക്കൂറായാണ് ഐസിസി ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.
നാളെ 1.30ന് തുടങ്ങേണ്ട മത്സരം റിസര്‍വ് ദിനത്തില്‍ ഇന്ത്യന്‍ സമയം 10.30ന്(പ്രാദേശിക സമയം വൈകിട്ട് 3.30) തുടങ്ങാനാണ് സാധ്യത. റിസര്‍വ് ദിനത്തിലും മഴ തുടരുകയും മത്സരം പൂര്‍ത്തിയാക്കേണ്ട നിശ്ചിത സമയവും അധികമായി അനുവദിച്ച നാല് മണിക്കൂര്‍ കഴിഞ്ഞും മത്സരം സാധ്യമാകാതിരിക്കുകയും ചെയ്താല്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.