ദുബായ്: ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയക്ക് അനായാസ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 74 റണ്‍സ് വിജയലക്ഷ്യം ഓസിസ് 6.2 ഓവറില്‍ മറികടന്നു. എട്ട് വിക്കറ്റിനാണ് ഓസ്ട്രേലിയ ജയം സ്വന്തമാക്കിയത്. 20 പന്തില്‍ 40 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ച് ടീമിനായി തിളങ്ങി. മൂന്നാമനായിറങ്ങി അഞ്ച് പന്തില്‍ 16 റണ്‍സുമായി മിച്ചല്‍ മാര്‍ഷ് ഫിഞ്ചിന് പിന്തുണ നല്‍കി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 73 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ആദം സാമ്പയാണ് ബംഗ്ലാദേശിന്റെ ബാറ്റിങ് നിരയെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്സല്‍വുഡും രണ്ട് വിക്കറ്റ് വീതം നേടി. നായകന്‍ മുഹമ്മദുള്ള (16), ഓപ്പണര്‍ മുഹമ്മദ് നയിം (17), ഷമീം ഹൊസൈന്‍ (19) എന്നിവര്‍ മാത്രമാണ് ബംഗ്ലാദേശിനായി രണ്ടക്കം കടന്നത്.
ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ ബംഗ്ലാദേശിന്റെ തകര്‍ച്ച ആരംഭിച്ചു. ലിറ്റണ്‍ ദാസിനെ ബൗള്‍ഡാക്കിക്കൊണ്ട് മിച്ചല്‍ സ്റ്റാര്‍ക്കാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ടാം ഓവറില്‍ സൗമ്യ സര്‍ക്കാരിനെ ഹെയ്സല്‍വുഡും മടക്കി. പിന്നാലെയെത്തിയ മുഷ്ഫിഖുര്‍ റഹീമിന് നേടാനായത് കേവലം ഒരു റണ്‍സ് മാത്രം. മൂന്നാം ഓവര്‍ അവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് 10-3 എന്ന നിലയിലേക്ക് വീണു.
മുഹമ്മദ് നയീമും പവര്‍പ്ലെയില്‍ തന്നെ പവലിയനിലേക്ക് മടങ്ങി. പിന്നീടായിരുന്നു സാമ്പയുടെ തേരോട്ടം. അഫീഫ് ഹൊസൈന്‍, ഷമീം ഹൊസൈന്‍, മെഹദി ഹസന്‍, മുസ്തഫിസൂര്‍ റഹിം, ഷൊറിഫുള്‍ ഇസ്ലാം എന്നിവരെയാണ് സാമ്പ മടക്കിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മൂന്നക്കം കടക്കാന്‍ ബംഗ്ലാദേശിന് ആവാതെ പോകുന്നത്.
ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആഷ്ടന്‍ അഗറിന് പകരം മിച്ചല്‍ മാര്‍ഷ് ഓസിസ് നിരയിലെത്തി. ബംഗ്ലാദേശ് ടീമില്‍ നാസുമിന് പകരം മുസ്തഫിര്‍ റഹ്മാന്‍ മടങ്ങിയെത്തി. സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഓസ്ട്രേലിയക്ക് വലിയ മാര്‍ജിനില്‍ ജയം അനിവാര്യമാണ്. നാല് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി കഴിഞ്ഞു.
ബംഗ്ലാദേശ് : മുഹമ്മദ് നയിം, ലിറ്റൺ ദാസ് (വിക്കറ്റ് കീപ്പര്‍), സൗമ്യ സർക്കാർ, മുഷ്ഫിഖുർ റഹീം, മഹമ്മദുള്ള (ക്യാപ്റ്റന്‍), അഫീഫ് ഹൊസൈൻ, ഷമീം ഹൊസൈൻ, മഹേദി ഹസൻ, ടസ്കിൻ അഹമ്മദ്, ഷോറിഫുൾ ഇസ്ലാം, മുസ്തഫിസുർ റഹ്മാൻ.
ഓസ്‌ട്രേലിയ: ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച് (ക്യാപ്റ്റന്‍), മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, ജോഷ് ഹേസൽവുഡ്.