ദുബായ്: ടി20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച കളിക്കാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘ടീം ഓഫ് ദി ടൂർണമെന്റ്’ പ്രഖ്യാപിച്ചു. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക ഉൾപ്പടെ ആറ് രാജ്യങ്ങളിലെ താരങ്ങൾ ഉൾപ്പെടുന്ന ടീമിൽ ഇന്ത്യൻ ടീമിൽ നിന്നും ഒരാൾക്ക് പോലുംസ്ഥാനം ലഭിച്ചില്ല. പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമാണ് ടീമിന്റെ നായകൻ.
ടൂർണമെന്റിൽ ആദ്യ രണ്ടു മത്സരങ്ങളിലും പാകിസ്ഥനോടും ന്യൂസീലൻഡിനോടും തോൽവി വഴങ്ങിയ ഇന്ത്യ അഫ്ഗാനിസ്ഥാൻ, സ്കോട്ലൻഡ്, നമീബിയ തുടങ്ങിയ ടീമുകളെ തകർത്തെങ്കിലും സെമി കാണാതെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു.
അതേസമയം സെമി കാണാതെ പുറത്തായ ദക്ഷിണാഫ്രിക്കയിലെയും ശ്രീലങ്കയിലെയും താരങ്ങൾ ഐസിസി ടീമിൽ ഇടം നേടി. ദക്ഷിണാഫ്രിക്കയിൽ നിന്നും ഐഡൻ മാർക്രമും ആൻറിച്ച് നോർക്യേയും ഇടം നേടിയപ്പോൾ ശ്രീലങ്കയിൽ നിന്നും ചാരിത് അസലങ്കയും വാനിന്തു ഹസരങ്കയുമാണ് ടീമിലെത്തിയത്.
ടൂർണമെന്റ് കിരീടം നേടിയ ഓസ്ട്രേലിയ, റണ്ണറപ്പായ ന്യൂസീലൻഡ്, സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട് പാകിസ്ഥാൻ എന്നീ ടീമുകളിലെ സൂപ്പർ താരങ്ങളും ‘ടീം ഓഫ് ദി ടൂർണമെന്റിൽ’ ഇടം നേടിയിട്ടുണ്ട്.
ഓസ്ട്രേലിയയിൽ നിന്ന് ഓപ്പണിങ് ബാറ്റ്സ്മാനും ടൂർണമെന്റിലെ താരവുമായ ഡേവിഡ് വാർണറും ലെഗ് സ്പിന്നർ ആദം സാമ്പയും ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡുമാണ് ടീമിലെത്തിയത്. ക്യാപ്റ്റനായ ബാബർ അസമിനെയും, ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ഹസരങ്കയെയും കൂടാതെ വിക്കറ്റ് കീപ്പറായി ഇംഗ്ലണ്ടിന്റെ ജോസ് ബട്ലറും ന്യൂസീലൻഡിന്റെ ഇടംകൈയൻ ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ടും ടീമിലുണ്ട്.
Also Read: ഇത് ഓസ്ട്രേലിയൻ ആഘോഷം; ബിയർ ഷൂവിൽ ഒഴിച്ച് കുടിച്ച് ഓസീസ് താരങ്ങൾ
ടീം സെലക്ഷൻ ബുദ്ധിമുട്ടായിരുന്നുവെന്നും സൂപ്പർ 12 മുതൽ ഫൈനൽ വരെയുള്ള പ്രകടനം അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പെന്നും ജൂറി മെമ്പറിൽ ഒരാളായ മുൻ വെസ്റ്റ് ഇൻഡീസ് താരം ഇയാൻ ബിഷോപ് പറഞ്ഞു.
ടി20 ലോകകപ്പ് ‘ടീം ഓഫ് ദി ടൂർണമെന്റ്’: ഡേവിഡ് വാർണർ (ഓസ്ട്രേലിയ), ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ, ഇംഗ്ലണ്ട്), ബാബർ അസം (ക്യാപ്റ്റൻ, പാകിസ്ഥാൻ), ചരിത് അസലങ്ക (ശ്രീലങ്ക), എയ്ഡൻ മാർക്രം (ദക്ഷിണാഫ്രിക്ക), മൊയിൻ അലി (ഇംഗ്ലണ്ട്) , വനിന്ദു ഹസരംഗ (ശ്രീലങ്ക), ആദം സാമ്പ (ഓസ്ട്രേലിയ), ജോഷ് ഹേസൽവുഡ് (ഓസ്ട്രേലിയ), ട്രെന്റ് ബോൾട്ട് (ന്യൂസിലൻഡ്), ആൻറിച്ച് നോർക്യേ (ദക്ഷിണാഫ്രിക്ക), ഷഹീൻ അഫ്രീദി (പന്ത്രണ്ടാമൻ, പാകിസ്ഥാൻ).