ദുബായ്: ടി20 ലോകകപ്പിൽ സൂപ്പർ 12 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ദക്ഷിണാഫ്രിക്കക്ക് ജയം. എട്ട് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക നിലവിലെ ചാമ്പ്യന്മാരെ തകർത്തത്. ആദ്യ ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞ ഐഡൻ മാർക്രമാണ് ജയം അനായാസമാക്കിയത്.
ഇന്നിങ്സിലെ ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ തൊമ്പ ബാവൂമയുടെ വിക്കറ്റ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായി. രണ്ടു റൺസുമായി ക്യാപ്റ്റൻ അനാവശ്യ റണിനു ശ്രമിച്ചു റൺഔട്ട് ആവുകയായിരുന്നു. പിന്നീടെത്തിയ വാൻ ഡെർ ഡുസ്സെനും ഹെൻഡ്രിക്സും ചേർന്ന് ടീമിനെ പതിയെ ടീമിനെ കരകയറ്റുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 57 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ ഹെൻഡ്രിക്സിന്റെ വിക്കറ്റെടുത്ത് അകേൽ ഹൊസൈൻ ആ കൂട്ട്കെട്ട് തകർത്തു. പിന്നീടെത്തിയ മാർക്രം വിൻഡീസ് ബോളർമാർക്കെതിരെ ആക്രമണം ആരംഭിച്ചു. അതോടെ ജയവും ഉറപ്പായി. നാല് സിക്സറുകളാണ് മാർക്രം ഇന്നിങ്സിൽ നേടിയത്. 26 പന്തുകൾ നേരിട്ട 51 റൺസുമായും 51 പന്തുകൾ നേരിട്ട വാൻ ഡെർ ഡുസ്സെൻ 43 റൺസുമായു പുറത്താകാതെ നിന്നു.
വെസ്റ്റ് ഇൻഡീസ് നിരയിൽ അകേൽ ഹൊസൈന് മാത്രമാണ് വിക്കറ്റ് നേടാനായത്. നാല് ഓവറിൽ 27 വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസാണ് നേടിയത്. അർധ സെഞ്ചുറി നേടിയ ഓപ്പണർ എവിൻ ലൂയിസ് മാത്രമാണ് വിൻഡീസ് നിരയിൽ തിളങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിനായി എവിൻ ലൂയിസ് മികച്ച തുടക്കമാണ് നൽകിയത്. മറുവശത്ത് റൺസ് കണ്ടത്താൻ കഴിയാതെ സിമ്മൺസ് വലഞ്ഞപ്പോൾ ലൂയിസ് ഒറ്റയ്ക്ക് കളി ഏറ്റെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ രണ്ടുപേരും ചേർന്ന് 73 റൺസ് കൂട്ടിച്ചേർത്തു. പത്താം ഓവറിൽ എവിൻ ലൂയിസിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 35 പന്തിൽ 56 റൺസായിരുന്നു സമ്പാദ്യം.
പിന്നീടെത്തിയ ആർക്കും തന്നെ നിലയുറപ്പിക്കാൻ സാധിച്ചില്ല. അടുത്തടുത്ത ഓവറുകളിൽ വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ ഓരോരുത്തരായി കൂടാരം കയറി. ഏഴ് പന്തിൽ 12 റൺസുമായി പൂരൻ, 35 പന്തിൽ 16 റൺസുമായി സിമ്മൺസ്, 12 പന്തിൽ 12 റൺസുമായി ഗെയ്ൽ, അഞ്ച് റൺസുമായി റസൽ, ഒരു റണ്ണുമായി ഹെത്ത്മെയർ തുടങ്ങിയവരെല്ലാം വേഗം പുറത്തായി.
ഇടയിൽ 20 പന്തിൽ 26 റൺസുമായി പൊള്ളാർഡ് അൽപനേരം പിടിച്ചു നിന്ന ശേഷം വീണു. അഞ്ചു പന്തിൽ എട്ട് റൺസുമായി ബ്രാവോ പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കക്കായി പ്രിട്ടോറിയ മൂന്നും മഹാരാജ് രണ്ടു വിക്കറ്റുകളും റബാഡയും നോർക്യേയും ഓരോ വിക്കറ്റും വീഴ്ത്തി.
സൂപ്പർ 12 ലെ ദക്ഷിണാഫ്രിക്കയുടെ ആദ്യ വിജയമണിത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയോട് അഞ്ച് വിക്കറ്റിനും വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിനോട് ആറ് വിക്കറ്റിനും പരാജയപ്പെട്ടിരുന്നു. രണ്ട് തോൽവിയോടെ ഗ്രൂപ്പ് പട്ടികയിൽ അവസാന സ്ഥാനക്കാരായി മാറി.
Also Read: T20 World Cup: ഇന്ത്യ വലിയ ജയത്തോടെ തിരിച്ചു വരും; പിന്തുണയുമായി മുന് പാക്കിസ്ഥാന് താരം
ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): ടെംബ ബാവുമ, റീസ ഹെൻഡ്രിക്സ്, റാസി വാൻ ഡെർ ഡുസ്സെൻ, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആൻറിച്ച് നോർക്യേ, തബ്രായിസ് ഷംസി
വെസ്റ്റ് ഇൻഡീസ് (പ്ലേയിംഗ് ഇലവൻ): ലെൻഡൽ സിമ്മൺസ്, എവിൻ ലൂയിസ്, ക്രിസ് ഗെയ്ൽ, ഷിമ്രോൺ ഹെത്ത്മെയർ, നിക്കോളാസ് പൂരൻ, കീറോൺ പൊള്ളാർഡ്, ആന്ദ്രെ റസ്സൽ, ഡ്വെയ്ൻ ബ്രാവോ, അകേൽ ഹൊസൈൻ, ഹെയ്ഡൻ വാൽഷ്, രവി രാംപോൾ