ഷാർജ: ടി20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം. അവസാന ഓവർ വരെ നീണ്ടു നിന്ന ആവേശ പോരാട്ടത്തിൽ, ശ്രീലങ്ക ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം ഒരു പന്ത് മാത്രം അവശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ജയമാണിത്.
ജയിക്കാൻ 15 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ തുടർച്ചയായ രണ്ടു പന്തുകളിൽ സിക്സർ നേടിയ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിച്ചത്. 13 പന്തുകൾ നേരിട്ട മില്ലർ 23 റൺസുമായി പുറത്താകാതെ നിന്നു. 46 പന്തിൽ 46 റൺസ് നേടിയ ക്യാപ്റ്റൻ ടെമ്പ ബവുമയാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ ടോപ് സ്‌കോറർ.
143 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്ക് അത്ര നല്ല തുടക്കമല്ല ലഭിച്ചത്. നാലാം ഓവറിൽ രണ്ടു ഓപ്പണർമാരെയും ടീമിന് നഷ്ടമായി. 12 പന്തിൽ 11 റൺസ് നേടിയ റീസ ഹെൻഡ്രിക്‌സിനെയും 10 പന്തിൽ 12 റൺസ് നേടിയ ഡി കോക്കിനെയും ചമീരയാണ് അടുത്തടുത്ത ഓവറുകളിൽ പുറത്താക്കിയത്.
പിന്നീടെത്തിയ വാൻ ഡെർ ഡസ്സെൻ കുറച്ചു നേരം പിടിച്ചു നിന്നെങ്കിലും എട്ടാം ഓവറിൽ 11 പന്തിൽ 16 റൺസുമായി നിൽക്കേ റൺഔട്ടായി. അതിനു പിന്നാലെയെത്തിയ മാർക്രമിനൊപ്പം ചേർന്ന് ബവുമ നാലാം വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ പതിനഞ്ചാം ഓവറിന്റെ അവസാന പന്തിൽ ഹസരങ്ക മാർക്രമിനെ പുറത്താക്കി. 20 പന്തിൽ 19 റൺസായിരുന്നു സമ്പാദ്യം.
അതോടെ പ്രതിരോധത്തിലായ ദക്ഷിണാഫ്രിക്ക പതിയെ മുന്നോട്ട് പോകവേ പതിനെട്ടാം ഓവറിൽ വീണ്ടും പന്തെറിയാൻ എത്തിയ ഹസരങ്ക ആദ്യ ബോളിൽ തന്നെ ബവുമയെ മടക്കി. തൊട്ടടുത്ത പന്തിൽ പ്രിട്ടോറിയസിനെയും മടക്കി ഹസരങ്ക ഹാട്രിക്ക് തികച്ചു. പിന്നീട് ചേർന്ന റബാഡയും മില്ലറും ചേർന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഏഴ് പന്തുകൾ നേരിട്ട റബാഡ 13 റൺസാണ് നേടിയത്.
ഹസരങ്കയ്ക്ക് പുറമെ ശ്രീലങ്കയ്ക്ക് വേണ്ടി ദുഷ്മന്ത ചമീര രണ്ടു വിക്കറ്റുകൾ വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ 142 റൺസിന് ഓൾഔട്ടാവുകയായിരുന്നു. അർധ സെഞ്ചുറി നേടിയ ഓപ്പണർ പാതും നിസ്സാങ്കയുടെ ബാറ്റിങ് മികവിലാണ് ശ്രീലങ്ക ഭേദപ്പെട്ട സ്കോറിലേക്ക് എത്തിയത്. ശ്രീലങ്കൻ ബാറ്റർമാരിൽ മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക പതിയെ ആണ് ഇന്നിംഗ്സ് ആരംഭിച്ചത്. ആദ്യ മൂന്ന് ഓവറുകളിൽ കുശാൽ പെരേരയും പാതും നിസ്സാങ്കയും കരുതി കളിച്ചെങ്കിലും നാലാം ഓവറിന്റെ അവസാന പന്തിൽ കുശാൽ പെരേര പുറത്തായി. നോർക്യേ കുറ്റി തെറുപ്പിക്കുകയായിരുന്നു. 10 പന്തിൽ ഏഴ് റൺസ് മാത്രമായിരുന്നു പെരേരയുടെ സമ്പാദ്യം.
പിന്നീട് എത്തിയ അസലങ്കയെ കൂട്ടുപിടിച്ചു നിസ്സാങ്ക സ്കോർ മുന്നോട്ട് നീക്കി. രണ്ടാം വിക്കറ്റിൽ ഇരുവരും 41 റൺസ് കൂട്ടിച്ചേർത്ത ശേഷം 14 പന്തിൽ 21 റൺസുമായി അസലങ്ക പുറത്തായി. അനാവശ്യ റൺസിനു ശ്രമിച്ചു റൺഔട്ട് ആവുകയായിരുന്നു.
പിന്നീടെത്തിയ ആർക്കും തന്നെ നല്ല കൂട്ടുകെട്ട് ഉണ്ടാക്കാൻ സാധിച്ചില്ല. രാജപാക്‌സെ റൺ ഒന്നും നേടാതെയും ഫെർണാണ്ടോ മൂന്ന് റൺസിനും ഹസരങ്ക നാല് റൺസിനും അതിവേഗം പുറത്തായി. അതിനിടയിൽ 11 റൺസുമായി ഷനക പിടിച്ചു നിന്നെങ്കിലും വീണു. അതിനു ശേഷം തുടർച്ചയായ ഓവറുകളിൽ വിക്കറ്റുകൾ വീഴുന്നത് തുടർന്നു.
അഞ്ചു റൺസുമായി കരുണര്തനയും മടങ്ങിയതിനു പിന്നാലെ അത്രയും നേരം ഒരു വശത്ത് ഉറച്ചു നിന്ന നിസ്സങ്കയെ നോർക്യേയുടെ കൈകളിൽ എത്തിച്ചു പ്രിട്ടോറിയസ് മടക്കി. 58 പന്തിൽ 72 റൺസായിരുന്നു സമ്പാദ്യം. പിന്നാലെ മൂന്ന് റൺസുമായി ചമീരയും അവസാന പന്തിൽ റൺഔട്ടിലൂടെ ലഹിരു കുമാരയും പുറത്തായി. മൂന്ന് പന്തിൽ ഏഴ് റൺസ് നേടിയ തീക്ഷണ പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തബ്രായിസ് ഷംസി ഡ്വെയ്ൻ പ്രിട്ടോറിയസ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതവും നോർക്യേ രണ്ടു വിക്കറ്റും നേടി.
ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): ടെമ്പ ബാവുമ, ക്വിന്റൺ ഡി കോക്ക്, റാസി വാൻ ഡെർ ഡസ്സെൻ, എയ്ഡൻ മർക്രം, റീസ ഹെൻഡ്രിക്സ്, ഡേവിഡ് മില്ലർ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആൻറിച്ച് നോർക്യേ, തബ്രായിസ് ഷംസി
ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): കുശാൽ പെരേര, പാതും നിസ്സാങ്ക, ചരിത് അസലങ്ക, അവിഷ്‌ക ഫെർണാണ്ടോ, ഭാനുക രാജപക്‌സെ, ദസുൻ ഷനക(സി), വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, ലഹിരു കുമാര