‘കൈവിട്ട്’ കളിച്ച് പാക്കിസ്ഥാന്‍; വെയ്ഡിന്റെ ചിറകിലേറി ഓസിസ് ഫൈനലില്‍

ഫൈനലില്‍ ന്യൂസിലന്‍ഡാണ് ഓസ്ട്രേലിയയുടെ എതിരാളികള്‍

Twenty 20 WC, Australia vs Pakistan

T20 World Cup 2021, PAK vs AUS Semi Final: അവസാന രണ്ട് ഓവറില്‍ ഓസ്ട്രേലിയക്ക് ജയിക്കാന്‍ ആവശ്യമായിരുന്നത് 22 റണ്‍സ്. ക്രീസില്‍ മാത്യു വെയ്ഡും മാര്‍ക്കസ് സ്റ്റോയിനിസും. പന്തെറിയുന്നതാകട്ടെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബോളറായ ഷഹീന്‍ അഫ്രിദിയും. ആദ്യ മൂന്ന് പന്തില്‍ ഷഹീന്‍ വിട്ട് നല്‍കിയത് കേവലം നാല് റണ്‍സ് മാത്രമായിരുന്നു. മൂന്നാം പന്തില്‍ വെയ്ഡ് നല്‍കിയ അനായസമായ ക്യാച്ച് ഹസന്‍ അലി കൈവിട്ട് കളഞ്ഞത് നിര്‍ണായകമായി.

പിന്നീടായിരുന്നു വെയ്ഡിന്റെ സംഹാര താണ്ഡവം. നാലാം പന്ത് സ്കൂപ്പ് ചെയ്ത് സിക്സ്. അഞ്ചാം പന്ത് വീണ്ടും ഗ്യാലറി തൊട്ടു. 96 മീറ്റര്‍ നീളത്തില്‍ പടുകൂറ്റന്‍ സിക്സ്. പാക്കിസ്ഥാന്‍ തോല്‍വി ഉറപ്പിച്ച നിമിഷം. അധികം താമസിപ്പിച്ചില്ല. ഷഹീനിന്റെ അവസാനത്തെ പന്തിലും വെയ്ഡിന്റെ ബാറ്റ് സിക്സ് കണ്ടെത്തി. ഇത്തവണ ഫൈന്‍ ലെഗിന് മുകളിലൂടെയെന്ന് മാത്രം. വെയ്ഡിന്റെ ചിറകിലേറി ഓസിസ് ഫൈനലിലേക്ക്.

177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് തുടക്കത്തില്‍ തന്നെ നായകന്‍ ഫിഞ്ചിനെ പൂജ്യത്തിന് നഷ്ടമായി. പിന്നീട് ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് പരിക്കുകളില്ലാതെ പവര്‍പ്ലെ താണ്ടി. എന്നാല്‍ വാര്‍ണറിന്റെ തകര്‍പ്പനിക്കിടയിലും ഷദാബ് ഖാന്‍ പാക്കിസ്ഥാന് വേണ്ടി വിക്കറ്റ് വേട്ട തുടര്‍ന്നു. മാര്‍ഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്സ്വെല്‍, വാര്‍ണര്‍ എന്നിവരെ മടക്കി ഷദാബ് പാക്കിസ്ഥാനെ മത്സരത്തിലേക്ക് മടക്കിയെത്തിച്ചു.

പോരാട്ടവീര്യം ചോരാത്ത പഴയ ഓസ്ട്രേലിയയെ ആയിരുന്നു പിന്നീട് കളത്തില്‍ കണ്ടത്. സ്റ്റോയിനിസും വെയ്ഡും ചെര്‍ന്ന് സാവധാനം മുന്നോട്ട്. അപകടകരമായ ഷോട്ടുകള്‍ക്ക് മുതിരാതെയുള്ള പ്രകടനം. കളി അവസാന ഓവറുകളിലേക്കെത്തിയപ്പോഴാണ് ഇരുവരും ആക്രമിച്ച് കളിച്ചത്. 31 പന്തില്‍ സ്റ്റോയിനിസ് 40 റണ്‍സ് നേടിയപ്പോള്‍ 17 പന്തിലാണ് വെയ്ഡ് 41 റണ്‍സെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാന്‍ (67), ഫക്കര്‍ സമാന്‍ (55*), ബാബര്‍ അസം (39) എന്നിവരുടെ പ്രകടനമാണ് മുന്‍ ചാമ്പ്യന്മാര്‍ക്ക് തുണയായത്. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും, ആദം സാമ്പ, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് മുഹമ്മദ് റിസ്വാനും ബാബര്‍ അസമും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. തുടക്കത്തില്‍ റിസ്വാന്‍ താളം കണ്ടെത്താന്‍ വൈകിയെങ്കിലും ബാബര്‍ സ്കോറിങ്ങിന് വേഗം കൂട്ടി. 34 പന്തില്‍ 39 റണ്‍സെടുത്ത ബാബര്‍ പുറത്താവുമ്പോള്‍ പാതി വഴിയില്‍ പാക്കിസ്ഥാന്‍ സ്കോര്‍ 71 മാത്രമായിരുന്നു.

പിന്നീടെത്തിയ ഫക്കര്‍ സമാനെ കൂട്ടുപിടിച്ച് റിസ്വാന്‍ പാക്കിസ്ഥാന്റെ ഇന്നിങ്സിന് ഊര്‍ജം പകര്‍ന്നത്. ഇരുവരുടേയും ബാറ്റില്‍ നിന്ന് അനായാസം ബൗണ്ടറികള്‍ പിറന്നു. ജോഷ് ഹെയ്സല്‍വുഡ് എറിഞ്ഞ 17-ാം ഓവറില്‍ 21 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. എന്നാല്‍ അടുത്ത ഓവറില്‍ റിസ്വാന്‍ സ്റ്റാര്‍ക്കിന് മുന്നില്‍ കീഴടങ്ങി.

52 പന്തില്‍ 67 റണ്‍സുമായാണ് റിസ്വാന്‍ മടങ്ങിയത്. മൂന്ന് ഫോറുകളും നാല് സിക്സറുകളും അടങ്ങി ഇന്നിങ്സില്‍. ടൂര്‍ണമെന്റില്‍ റിസ്വാന്‍ നേടുന്ന മൂന്നാം അര്‍ദ്ധ സെഞ്ചുറിയാണിത്. ഒരു കലണ്ടര്‍ വര്‍ഷം ട്വന്റി 20 യില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമാകാനും റിസ്വാന് സാധിച്ചു.

പിന്നീടെത്തിയ ആസിഫ് അലിയും ഷോയ്ബ് മാലിക്കുമെല്ലാം പെട്ടെന്ന് മടങ്ങി. പക്ഷെ ഫക്കര്‍ സമാന്‍ പാക്കിസ്ഥാനായി നിലകൊണ്ടു. 20-ാം ഓവറിലെ നാലും അഞ്ചും പന്തുകള്‍ സിക്സ് പറത്തി ഫക്കര്‍ സ്കോര്‍ 170 കടത്തി. ഒപ്പം 31 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയും തികച്ചു.

നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും മാറ്റങ്ങളില്ലാതെയാണ് ഇറങ്ങിയത്. ഐസിസി ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് ഘട്ടത്തില്‍ ഇതുവരെ ഓസ്ട്രേലിയ പാക്കിസ്ഥാനോട് പരാജയപ്പെട്ടിട്ടില്ല. യുഎഇയില്‍ തോല്‍വിയറിയാതെയുള്ള 16 മത്സരങ്ങള്‍ക്ക് ശേഷമാണ് പാക്കിസ്ഥാന്‍ എത്തുന്നത്.

പാകിസ്ഥാൻ (ടീം): മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പര്‍), ബാബർ അസം (ക്യാപ്റ്റന്‍), ഫഖർ സമാൻ, മുഹമ്മദ് ഹഫീസ്, ഷോയിബ് മാലിക്, ആസിഫ് അലി, ഷദാബ് ഖാൻ, ഇമാദ് വസീം, ഹസൻ അലി, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി.

ഓസ്‌ട്രേലിയ (ടീം): ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച് (ക്യാപ്റ്റന്‍), മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, ജോഷ് ഹേസൽവുഡ്.

Also Read: ട്വന്റി 20 യില്‍ നിന്ന് കോഹ്ലി ഉടന്‍ വിരമിക്കും: മുന്‍ പാക്കിസ്ഥാന്‍ താരം

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: T20 world cup 2021 pak vs aus semi final live score updates

Next Story
കളിക്കളത്തിൽ തിരികെയെത്താനുള്ള ശ്രീശാന്തിന്റെ നീക്കത്തിനു തിരിച്ചടിS. Sreesanth, Crickter
The moderation of comments is automated and not cleared manually by malayalam.indianexpress.com