T20 World Cup, India vs New Zealand Score Updates: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 മത്സരങ്ങളിൽ പാകിസ്ഥാന് പിറകെ ന്യൂസീലൻഡിനോടും പരാജയപ്പെട്ട് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിഷ എട്ട് വിക്കറ്റിനാണ് ന്യൂസീലൻഡ് ഇന്ത്യയെ തോൽപിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 110 റൺസിലൊതുക്കിയതിനാൽ കിവീസിന് ജയം എളുപ്പമായിരുന്നു. 111 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് 14.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് നേടി.
കിവീസിന് വേണ്ടി മാർട്ടിൻ ഗുപ്റ്റിൽ 20 റൺസും ഡറിൽ മിച്ചൽ 49 റൺസുമെടുത്തു. കാപ്റ്റൻ കെയിൻ വില്യംസൺ 31 പന്തിൽ 33 റൺസ് നേടി പുറത്താവാതെ നിന്നു. ഡെവോൺ കോൺവെ പുറത്താകാതെ നാല് പന്തിൽ രണ്ട് റൺസെടുത്തു.
ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റും വീഴ്ത്തിയത്. നാല് ഓവറിൽ 19 റൺസ് വഴങ്ങിയാണ് ബുംറ വിക്കറ്റ് വീഴ്ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് നേടി.
ഇന്ത്യൻ നിരയിൽ ഹർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഒഴികെ മറ്റാർക്കും 20 റൺസ് തികയ്ക്കാനായില്ല. റൺസ് മൂന്നക്കം തികയ്ക്കാൻ പോലും ഇന്ത്യക്ക് കഴിയുമോ എന്ന് വരെ ഒരു ഘട്ടത്തിൽ തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു കീവീസ് ബോളിങ് നിരക്ക് മുന്നിലെ ഇന്ത്യയുടെ പ്രകടനം.
മത്സരത്തിൽ 2.5 ഓവറിൽ തന്നെ ഇഷാൻ കിഷന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. എട്ട് പന്തിൽ നിന്ന് ഒരു ഫോർ മാത്രം നേടിയാണ് ഇഷാൻ പുറത്തായത്. ഓപ്പണർ കെ എൽ രാഹുൽ 16 പന്തിൽ നിന്ന് മൂന്ന് ഫോറടക്കം 18 റൺസെടുത്ത് പുറത്തായപ്പോൾ രോഹിത് ശർമ 14 പന്തിൽ നിന്ന് ഓരോ സിക്സും ഫോറും അടക്കം 14 റൺസെടുത്തു.
കാപ്റ്റൻ വിരാട് കോഹ്ലിക്ക് 17 പന്തിൽ നിന്ന് ആകെ നേടാനായത് ഒമ്പത് റൺസായിരുന്നു. റിഷഭ് പന്ത് 19 പന്തിൽ നിന്ന് 12 റൺസ് നേടി പുറത്തായി.
ഹർദിക് പാണ്ഡ്യ 24 പന്തിൽ നിന്ന് 23 റൺസ് നേടിയപ്പോൾ രവീന്ദ്ര ജഡേജ 19 പന്തിൽ നിന്ന് പുറത്താവാതെ രണ്ട് ഫോറും ഒരു സിക്സുമടക്കം 26 റൺസെടുത്തു.
ആദ്യ പത്ത് ഓവറിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യക്ക് 15 ഓവർ പൂർത്തിയാകുന്നതിനിടെ കോഹ്ലിയുടെയും റിഷഭ് പന്തിന്റെയും വിക്കറ്റുകൾ കൂടി നഷ്ടമായി. പതിനെട്ടാം ഓവറിന് പിറകെ മൂന്ന് പന്തുകളുടെ ഇടവേളയിൽ ഹർദിക് പാണ്ഡ്യയുടെയും ശർദുൽ ഠാക്കൂറിന്റെയും വിക്കറ്റുകളും നഷ്ടമായി.
കിവീസിന് വേണ്ടി ട്രെന്റ് ബോൾട്ട് മൂന്ന് വിക്കറ്റെടുത്തു. നാല് ഓവറിൽ 20 റൺസാണ് ബോൾട്ട് വഴങ്ങിയത്. ഇഷ് സോധി നാല് ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്തു.
ടിം സൂത്തിയും ആദം മിൽനെയും ഓരോ വിക്കറ്റെടുത്തു. മിച്ചൽ സാൻഡ്നർ വിക്കറ്റ് നേടിയില്ലെങ്കിലും നാല് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി മികച്ച പ്രകടനം കാഴ്ചവച്ചു.
മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം.
പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ ടീമിൽ നിന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഇഷാൻ കിഷൻ, ശർദുൽ ഠാക്കൂർ എന്നിവർ കിവീസിനെതിരായ ടീമിൽ ഇടം നേടി. പകരം സൂര്യകുമാർ യാദവും ഭുവനേശ്വർ കുമാറും ഒഴിവായി.
സൂപ്പർ ട്വൽവിൽ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും തോറ്റതോടെ ഇന്ത്യയുടെ സെമി പ്രവേശന സാധ്യത കുറഞ്ഞു. ഗ്രൂപ്പ് രണ്ടിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. സ്കോട്ട്ലാൻഡ് മാത്രമാണ് ഇന്ത്യക്ക് പിറകിൽ. നാലാം സ്ഥാനത്തായിരുന്ന കിവീസ് ഇന്ത്യക്കെതിരായ ജയത്തോടെ മൂന്നാം സ്ഥാനത്തെത്തി.
പാകിസ്ഥാനാണ് ഗ്രൂപ്പിൽ ആറ് പോയിന്റുമായി ഒന്നാമത്. അഫ്ഘാനിസ്ഥാനാണ് രണ്ടാമത്. നാല് പോയിന്റാണ് അഫ്ഘാന്. രണ്ട് പോയിന്റുള്ള കിവീസിന് പിറകിൽ അതേപോയിന്റുള്ള നമീബിയയാണ് ഗ്രൂപ്പിൽ നാലാമത്.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ഇഷാൻ കിഷൻ, രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോഹ്ലി (കാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ ഠാക്കൂർ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ
ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): മാർട്ടിൻ ഗുപ്റ്റിൽ, ഡാരിൽ മിച്ചൽ, കെയ്ൻ വില്യംസൺ (കാപ്റ്റൻ, ജെയിംസ് നീഷാം, ഡെവൺ കോൺവേ (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ഇഷ് സോധി, ടിം സൂത്തി, ആദം മിൽനെ, ട്രെന്റ് ബോൾട്ട്