ഷാർജ: ടി20 ലോകകപ്പിൽ സൂപ്പർ 12 ഘട്ടത്തിലെ ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 10 റൺസ് ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടാനെ സാധിച്ചുള്ളു.
അവസാന ഓവർ വരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ അവസാന ഓവറിൽ ഹാട്രിക്ക് നേടിയ കാഗിസോ റബാഡയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിച്ചത്. ആദ്യ മൂന്ന് ഓവറുകളിൽ നിന്നും 43 റൺസോളം വഴങ്ങിയ ശേഷമാണ് ഇംഗ്ലണ്ടിന് ജയിക്കാൻ 14 മാത്രം വേണ്ടിയിരുന്ന അവസാന ഓവറിൽ വൻ തിരിച്ചു വരവിലൂടെ ഹാട്രിക്ക് നേടി ടീമിന് ജയം സമ്മാനിച്ചത്.
ജയിച്ചെങ്കിലും റൺറേറ്റിന്റെ വ്യത്യാസത്തിൽ പോയിന്റ് ടേബിളിൽ മൂന്നാമതായ ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്തായി. ഇംഗ്ലണ്ടിനോടൊപ്പം ഓസ്ട്രേലിയ സെമിഫൈനൽ യോഗ്യത നേടി.
190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് റോയിയും ജോസ് ബട്ലറും നൽകിയത്. എന്നാൽ അഞ്ചാം ഓവറിൽ പേശീവലിവ് കാരണം ജേസൺ റോയ് കളം വിട്ടു. പിന്നീടെത്തിയ മൊയിൻ അലിയും ബട്ലറും ആറാം ഓവറിൽ 26 റൺസുമായി ബട്ലർ പുറത്തായി. തൊട്ടടുത്ത ഓവറിൽ ഒരു റൺസുമായി ബെയർസ്റ്റോയും പുറത്തായി.
എന്നാൽ ഡേവിഡ് മലാന് ഒപ്പം ചേർന്ന് മൊയിൻ അലി 50 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി പിന്നാലെ 37 റൺസുമായി മൊയിൻ അലിയും ഔട്ടായി. പിന്നീടെത്തിയ ലിവിങ്സറ്റാനോടൊപ്പം സ്കോർ ബോർഡിൽ 35 റൺസ് കൂടി ചേർത്ത ശേഷം 33 റൺസുമായി മലാനും പുറത്തായി.
പിന്നീട് ക്യാപ്റ്റൻ ഓയിൻ മോർഗാനോപ്പം ലിവിങ്സ്റ്റൺ ടീമിന്റെ വിജയത്തിലേക്ക് ബാറ്റ് വീശിയെങ്കിലും അതിനു കഴിയതെ വീണു. 28 റൺസായിരുന്നു സമ്പാദ്യം. പിന്നീട് ക്രിസ് വോക്സിനെ കൂട്ട്പിടിച്ചു മോർഗൻ ലക്ഷ്യം കാണാൻ ശ്രമിച്ചെങ്കിലും അവസാന ഓവറിൽ റബാഡ എത്തി ഹാട്രിക്കിലൂടെ ജയം തട്ടിയെടുത്തു.
ആദ്യ പന്തിൽ വോക്സിനെ നോർക്യേയുടെ കൈകളിൽ എത്തിച്ച റബാഡ, രണ്ടാം പന്തിൽ മോർഗനെ മഹാരാജിന്റെ കയ്യിലും മൂന്നാം പന്തിൽ ജോർദനെ മില്ലറിന്റെ കൈകളിലും എത്തിച്ചാണ് ഹാട്രിക്ക് ആഘോഷിച്ചത്. അടുത്ത മൂന്ന് പന്തുകൾ കളിച്ച ആദിൽ റഷീദിനും മാർക്ക് വുഡിനും ജയിക്കാൻ 14 റൺസ് വേണ്ട സ്ഥാനത്ത് മൂന്ന് റൺസ് നേടാനേ സാധിച്ചുള്ളൂ.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാഡ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഷംസിയും പ്രിട്ടോറിയസും രണ്ടു വിക്കറ്റുകൾ വീതവും നോർക്യേ ഒരു വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടി. 60 പന്തിൽ നിന്നും 94 റൺസ് നേടിയ വാൻ ഡെർ ഡ്യൂസന്റെ മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോർ കണ്ടെത്തിയത്. 25 പന്തിൽ 52 റൺസുമായി ഐഡൻ മാർക്രമും ഡ്യൂസന് പിന്തുണ നൽകി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. രണ്ട് റൺസ് മാത്രമെടുത്ത ഹെൻഡ്രിക്സിനെ മൊയിൻ അലി ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു. പിന്നീട് ഓപ്പണർ ഡി കോക്കിന് ഒപ്പം ഒരുമിച്ച ഡ്യൂസൻ പതിയെ ഇംഗ്ലണ്ട് ബൗളർമാരെ വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.
ഇരുവരും ചേർന്ന് പവർപ്ലേയിൽ 40 റൺസ് കൂട്ടിച്ചേർത്തു തൊട്ട് പിന്നാലെ അമ്പത് റൺസിന്റെ കൂട്ടുകെട്ടും നേടി. എന്നാൽ സ്കോർ 86ൽ നിൽക്കേ ഡി കോക്കിനെ ജേസൺ റോയിയുടെ കൈകളിൽ എത്തിച്ച് ആദിൽ റഷീദ് മടക്കി. 27 പന്തിൽ 34 റൺസായിരുന്നു സമ്പാദ്യം. പിന്നീട് ഡ്യൂസനൊപ്പം മാർക്രം ചേർന്നതോടെ ഇംഗ്ലണ്ട് ബൗളർമാർ വെള്ളം കുടിക്കാൻ തുടങ്ങി ഒരു വിക്കറ്റ് കണ്ടെത്താൻ അവർ വിഷമിച്ചു.
ആക്രമിച്ചു കളിച്ച ഇരുവരും മൂന്നാം വിക്കറ്റിൽ 103 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ആറ് സിക്സറുകളുടെയും അഞ്ച് ഫോറുകളുടെയും സഹായത്തോടെയാണ് ഡ്യൂസൻ 94 റൺസ് നേടിയത്. മറുവശത്ത് നാല് സിക്സും രണ്ട് ഫോറുകളുമാണ് മാർക്രത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്.
ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, റാസി വാൻ ഡെർ ഡ്യൂസെൻ, ടെംബ ബാവുമ, എയ്ഡൻ മർക്രം, ഡേവിഡ് മില്ലർ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കാഗിസോ റബാഡ, കേശവ് മഹാരാജ്, ആൻറിച്ച് നോർട്ട്ജെ, തബ്രൈസ് ഷംസി
ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ജേസൺ റോയ്, ജോസ് ബട്ട്ലർ, ഡേവിഡ് മലൻ, ജോണി ബെയർസ്റ്റോ, ഇയോൻ മോർഗൻ, ലിയാം ലിവിംഗ്സ്റ്റൺ, മൊയിൻ അലി, ക്രിസ് വോക്സ്, ക്രിസ് ജോർദാൻ, ആദിൽ റഷീദ്, മാർക്ക് വുഡ്