T20 World Cup 2021- England vs Australia: ഐസിസി ടി20 ലോകകപ്പിലെ സൂപ്പർ 12 മത്സരത്തിൽ ഗ്രൂപ്പ് വണ്ണിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് 20 ഓവറിൽ 125 റൺസ് മാത്രം നേടിയപ്പോൾ 11.4 ഓവറിൽ ഇംഗ്ലണ്ട് വിജയലക്ഷ്യം കണ്ടു. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 126 റൺസാണ് ഇംഗ്ലണ്ട് നേടിയത്.
ഓപ്പണർ ജോസ് ബട്ട്ലർ പുറത്താവാതെ നടത്തിയ തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ വിജയം വേഗത്തിലാക്കിയത്. 32 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സുമായി 71 റൺസ് ബട്ട്ലർ നേടി. ഓപ്പണർ ജേസൺ റോയ് 20 പന്തിൽ നിന്ന് 20 റൺസ് നേടിയും മൂന്നാമനായി ഇറങ്ങിയ ഡേവിഡ് മലൺ എട്ട് പന്തിൽ നിന്ന് എട്ട് റൺസെടുത്തും പുറത്തായി. ജോണി ബെയർസ്റ്റോ പുറത്താവാതെ 11 പന്തിൽനിന്ന് 16 റൺസ് നേടി.
ഓസീസിന് വേണ്ടി ആദം സാംപയും ആഷ്ടൺ ആഗറും ഓരോ വിക്കറ്റെടുത്തു.
ഓസീസിനെതിരെ ശക്തമായ ബോളിങ് പ്രകടനം കാഴ്ചവയ്ക്കാനും ഇംഗ്ലണ്ടിന് കഴിഞ്ഞു. 49 പന്തിൽ 44 റൺസ് നേടിയ കാപ്റ്റൻ ആരോൺ ഫിഞ്ചാണ് ഓസീസിന്റെ ടോപ് സ്കോറർ. ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും മത്സരത്തിൽ ഓരോ റൺ മാത്രമെടുത്ത് പുറത്തായി. ഗ്ലെൻ മാക്സ്വെൽ നാല് റണ്ണെടുത്തപ്പോൾ മാർക്കസ് സ്റ്റോയ്നിസ്റണ്ണൊന്നും നേടാതെ പുറത്തായി.
മാത്യു വെയ്ഡ് 18 റൺസും ആഷ്ടൺ ആഗർ 20 റൺസും നേടി. പാറ്റ് കമ്മിസ് 12 റൺസും മിച്ചൽ സ്റ്റാർക് 13 റൺസും നേടി. ആം സാംപ ഒരു റണ്ണുമെടുത്തു.
ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ക്രിസ് വോക്സും ടൈമൽ മിൽസും രണ്ട് വിക്കറ്റെടുത്തു. ആദിൽ റാഷിദും ലയാം ലിവിങ്സ്റ്റണും ഓരോ വിക്കറ്റെടുത്തു.
ഈ ജയത്തോട് കൂടെ ഇംഗ്ലണ്ട് സെമി ഫൈനൽ സാധ്യതയോട് കൂടുതൽ അടുത്തിരിക്കുകയാണ്. മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റോടെ ഗ്രൂപ്പ് ഒന്നിൽ ഒന്നാമതാണ് ഇംഗ്ലണ്ട്. മൂന്ന് കളികളിൽ നിന്ന് രണ്ട് ജയം നേടിയ ദക്ഷിണാഫ്രിക്കയാണ് നാല് പോയിന്റോടെ ഗ്രൂപ്പിൽ രണ്ടാമത്. ഇതേ പോയിന്റുള്ള ഓസീസ് റൺ റേറ്റിലെ കുറവിനാൽ മൂന്നാമതാണ്.
വെസ്റ്റ് ഇൻഡീസിനും ബംഗ്ലാദേശിനുമെതിരായ രണ്ട് ആദ്യ മത്സരങ്ങളും വിജയിച്ചാണ് ഇയോൻ മോർഗന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ടീം ഓസീസിനെ നേരിട്ടത്. ആദ്യ മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും തോൽപിച്ചാണ് ഓസീസ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ആദ്യ പരാജയം വഴങ്ങിയിരിക്കുന്നത്.
ഓസ്ട്രേലിയ: ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച് (കാപ്റ്റൻ), ഗ്ലെൻ മാക്സ്വെൽ, സ്റ്റീവൻ സ്മിത്ത്, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ്, ആഷ്ടൺ അഗർ, മിച്ചൽ സ്റ്റാർക്ക്, ആദം സാംബ, ജോഷ് ഹേസൽവുഡ്
ഇംഗ്ലണ്ട്: ജേസൺ റോയ്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ഡേവിഡ് മലൻ, ജോണി ബെയർസ്റ്റോ, ഇയോൻ മോർഗൻ (കാപ്റ്റൻ), ലിയാം ലിവിംഗ്സ്റ്റൺ, മോയീൻ അലി, ക്രിസ് വോക്സ്, ക്രിസ് ജോർദാൻ, ആദിൽ റാഷിദ്, ടൈമൽ മിൽസ്