T20 World Cup 2021, Australia vs Sri Lanka Live Score Updates: ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയക്ക് അനായാസ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം മൂന്ന് ഓവര്‍ ബാക്കി നില്‍ക്കെയാണ് ഓസിസ് മറികടന്നത്. 42 പന്തില്‍ 65 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് കങ്കാരുപ്പടയുടെ ജയം വേഗത്തിലാക്കിയത്. ജയത്തോടെ ഗ്രൂപ്പ് ഒന്നില്‍ നാല് പോയിന്റുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേയ്ക്ക് എത്തി.
മറുപടി ബാറ്റിങ്ങിന്റെ തുടക്കം മുതല്‍ ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ലങ്കന്‍ ബോളിങ് നിരയെ ആക്രമിക്കുകയായിരുന്നു. 6.5 ഓവറില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 70 റണ്‍സ്. പവര്‍പ്ലെയില്‍ തന്നെ ലങ്കയുടെ തോല്‍വി ഉറപ്പിച്ചായിരുന്നു ഓസിസിന്റെ മുന്നേറ്റം. ഫിഞ്ച് മടങ്ങിയതിന് ശേഷമെത്തിയ ഗ്ലെന്‍ മാക്സ്വെല്ലിന് തിളങ്ങാനായില്ല. അഞ്ച് റണ്‍സ് മാത്രമാണ് താരം നേടിയത്.
എന്നാല്‍ സ്റ്റീവ് സ്മിത്തും വാര്‍ണറും ചേര്‍ന്ന് കൂടുതല്‍ അപകടത്തിലേക്ക് വീഴാതെ ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 65 റണ്‍സെടുത്ത് പുറത്തായെങ്കിലും ഓസ്ട്രേലിയയെ സംബന്ധിച്ച് വലിയ ആശ്വാസമായിരുന്നു വാര്‍ണറിന്റെ പ്രകടനം. ഐപിഎല്ലിലും ലോകകപ്പ് സന്നാഹ മത്സരങ്ങളിലുമടക്കം പരാജയപ്പെട്ട വാര്‍ണറിന്റെ തിരിച്ചു വരവ് കൂടിയായിരുന്നു ശ്രീലങ്കയ്ക്കെതിരെ കണ്ടത്.
സ്റ്റീവ് സ്മിത്ത് 26 പന്തില്‍ 28 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കേവലം ഏഴ് പന്തില്‍ 16 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോയിനിസാണ് മൂന്ന് ഓവര്‍ ബാക്കി നില്കെ ഓസ്ട്രേലിയയെ ലക്ഷ്യത്തിലെത്തിച്ചത്. ആദം സാമ്പയാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണെടുത്തത്. കുശാല്‍ പെരേര (35), ചരിത് അസലങ്ക (35) ഭാനുക രജപക്സെ (33) എന്നിവരുടെ ബാറ്റിങ് മികവാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ആദം സാമ്പ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
ഒപ്പണര്‍ പാത്തും നിസങ്കയെ മൂന്നാം ഓവറില്‍ നഷ്ടമായതിന് ശേഷം മികച്ച തിരിച്ചു വരവാണ് ശ്രീലങ്ക നടത്തിയത്. പെരേരയും അസലങ്കയും ചേര്‍ന്ന് 63 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട്. അസലങ്കയെ വിക്കറ്റിന് മുന്നില്‍ കുടുക്കി സാമ്പയാണ് ലങ്കയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നട് 16 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകളാണ് ലങ്കയ്ക്ക് നഷ്ടമായത്.
തകര്‍ച്ചയിലേക്ക് നീങ്ങിയ ലങ്കയെ ഭാനുക രജപക്സെയാണ് ലക്ഷിച്ചത്. 26 പന്തില്‍ നാല് ഫോറും ഒരു സിക്സുമായി രാജപക്സ 33 റണ്‍സ് നേടി. 12 റണ്‍സുമായി നായകന് ദാസുന്‍ ഷനകയും പിന്തുണ നല്കി. ആറ് പന്തില്‍ ഒന്‍പത് റണ്‍സെടുത്ത ചാമിക കരുണരത്നെയും 150 കടക്കാന്‍ ലങ്കയെ സഹായിച്ചു. നാല് ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടു നല്കി രണ്ട് വിക്കറ്റെടുത്ത സാമ്പയാണ് ഓസീസ് ബോളിങ് നിരയില്‍ തിളങ്ങിയത്.
ഓസ്ട്രേലിയ (ടീം): ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച് (ക്യാപ്റ്റന്‍), മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ് (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, ജോഷ് ഹെയ്സല്‍വുഡ്.
ശ്രീലങ്ക (ടീം): കുശാല്‍ പെരേര (വിക്കറ്റ് കീപ്പര്‍), പാത്തും നിസ്സാങ്ക, ചരിത് അസലങ്ക, അവിഷ്ക ഫെർണാണ്ടോ, വനിന്ദു ഹസരംഗ, ഭാനുക രാജപക്സെ, ദസുൻ ഷനക(ക്യാപ്റ്റന്‍), ചാമിക കരുണരത്നെ, ദുഷ്മന്ത ചമീര, ലഹിരു കുമാര, മഹീഷ് തീക്ഷണ.