Latest News

T20 World Cup Afghanistan vs Scotland: സ്പിന്നിന് മുന്നിൽ തകർന്നടിഞ്ഞ് സ്കോട്ടിഷ് നിര; അഫ്ഗാനിസ്ഥാന് 130 റൺസ് ജയം

അഞ്ചു വിക്കറ്റ് നേടിയ മുജീബുർ റഹ്മാനും നാല് വിക്കറ്റ് വീഴ്ത്തിയറാഷിദ് ഖാനും ചേർന്നാണ് സ്കോട്ലൻഡിന്റെ ബാറ്റിങ് നിരയെ തകർത്തത്

ഷാർജ: ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ സ്കോട്ലൻഡിനെതിരെ അഫ്ഗാനിസ്ഥാന് 130 റൺസ് ജയം. അഫ്ഗാൻ ഉയർത്തിയ 191 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സ്കോട്ടിഷ് നിര 10.2 ഓവറിൽ ഓൾഔട്ടായി. അഞ്ചു വിക്കറ്റ് നേടിയ മുജീബുർ റഹ്മാനും നാല് വിക്കറ്റ് വീഴ്ത്തിയറാഷിദ് ഖാനും ചേർന്നാണ് സ്കോട്ലൻഡിന്റെ ബാറ്റിങ് നിരയെ തകർത്തത്.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യാൻ ഇറങ്ങിയ സ്കോട്ലൻഡ് ആദ്യ മൂന്ന് ഓവറുകളിൽ വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസ് നേടി നന്നായി തുടങ്ങിയെങ്കിലും മുജീബ് എറിഞ്ഞ നാലാം ഓവർ മുതൽ തകർന്നടിയുകയായിരുന്നു. ആ ഓവറിൽ മാത്രം മുജീബ് മൂന്ന് വിക്കറ്റുകളാണ്‌ വീഴ്ത്തിയത്. അതോടെ സ്കോർ 28ന് മൂന്ന് എന്ന നിലയിലായി.

പിന്നീട് അടുത്തടുത്ത ഓവറുകളിൽ സ്കോട്ലൻഡ് വിക്കറ്റുകൾ വീണു കൊണ്ടേയിരുന്നു. മുജീബിനൊപ്പം റാഷിദ് ഖാനും നവീനുൽ ഹഖും വിക്കറ്റ് വേട്ടയിൽ പങ്കാളികളായി. അതിനടിയിൽ എട്ടാം ഓവറിൽ മുജീബ് അഞ്ചാം വിക്കറ്റും നേടി. മുജീബിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് പിറന്നത്.

സ്കോട്ലൻഡ് നിരയിൽ ആകെ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്. അഞ്ചു പേർ പൂജ്യരായി മടങ്ങുകയും ചെയ്തു. ടി20 ലോകകപ്പിൽ ഒരു ടീമിന്റെ ഏറ്റവും മികച്ച വിജയമാണിത്.

നാല് ഓവർ എറിഞ്ഞ മുജീബുർ റഹ്മാൻ 20 റൺസ് മാത്രം വിട്ടു നൽകിയാണ് അഞ്ചു വിക്കറ്റുകൾ നേടിയത്. 2.2 ഓവറിൽ ഒമ്പത് റൺസ് മാത്രം നൽകിയാണ് റാഷിദ് ഖാൻ നാല് വിക്കറ്റുകൾ വീഴ്ത്തിയത്. ഒരു വിക്കറ്റാണ് നവീനുൽ ഹഖ് നേടിയത്.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് നേടിയത്. അഫ്ഗാന് വേണ്ടി നജീബുള്ള അർധ സെഞ്ചുറി നേടി. ഹസ്രത്തുള്ള സസായിയും ഗുർബാസും ടീം സ്‌കോറിൽ നിർണായക സംഭാവന നൽകി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി ഹസ്രത്തുള്ള സസായിയും മുഹമ്മദ് ഷഹ്സാദും മികച്ച തുടക്കമാണ് നൽകിയത്. ആദ്യ ആറ് ഓവറിൽ 54 റൺസ് നേടിയ ശേഷമാണ് ഈ കൂട്ടുകെട്ട് തകർക്കാൻ സ്കോട്ടിഷ് ബൗളിങ്ങിന് ആയത്. 15 പന്തിൽ 22 റൺസുമായി ഷഹ്സാദ് ആണ് ആദ്യം പുറത്തായത്.

പിന്നീടെത്തിയ ഗുർബസിനെ കൂട്ടുപിടിച്ച് സസായി മുന്നോട്ട് കുതിച്ചെങ്കിലും എട്ടാം ഓവറിൽ മാർക്ക് വാട്ട് കുറ്റിതെറിപ്പിച്ചു. 30 പന്തിൽ 44 റൺസുമായിട്ടായിരുന്നു മടക്കം. അതിനു ശേഷം നജീബുള്ളയും ഗുർബാസും ചേർന്ന് സ്കോട്ടിഷ് ബൗളർമാരെ തലങ്ങും വിലങ്ങും ആക്രമിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 87 റൺസ് കൂട്ടിച്ചേർത്തു. ഇന്നിങ്‌സ് പൂർത്തിയാകാൻ കേവലം 1.3 ഓവറുകൾ ശേഷിക്കെ അർധ സെഞ്ചുറിക്ക് നാല് റൺസ് അകലെ ഗുർബാസ് വീണു. 37 പന്തിൽ 46 റൺസായിരുന്നു സമ്പാദ്യം.

അവസാന ഓവർ വരെ തകർത്തടിച്ചു നജീബുള്ള അവസാന പന്തിലാണ് പുറത്തായത്. 34 പന്തിൽ 59 റൺസാണ് നേടിയത്. ക്യാപ്റ്റൻ നബിയും മോശമാക്കിയില്ല, 4 പന്തിൽ 11 റൺസ് നേടി പുറത്താകാതെ നിന്നു. അഫ്ഗാനിസ്ഥാന്റെ ലോകകപ്പിലെ ഏറ്റവും മികച്ച ടീം സ്കോറാണ് ഇന്ന് പിറന്നത്.

സ്കോട്ലൻഡിനായി സഫ്‌യാൻ ഷെരിഫ് രണ്ടു വിക്കറ്റുകൾ നേടിയപ്പോൾ ഡേവിയും മാർക്ക് വാട്ടും ഓരോ വിക്കറ്റുകൾ വീതം നേടി.

Also Read: T20 World Cup: രോഹിത് ശര്‍മയെ ടീമില്‍ നിന്ന് പുറത്താക്കുമൊ? ചിരിപടര്‍ത്തി കോഹ്ലിയുടെ മറുപടി; വീഡിയോ

അഫ്ഗാനിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): ഹസ്രത്തുള്ള സസായ്, മുഹമ്മദ് ഷഹ്സാദ്, റഹ്മാനുള്ള ഗുർബാസ്, അസ്ഗർ അഫ്ഗാൻ, നജീബുള്ള സദ്രാൻ, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ്, റാഷിദ് ഖാൻ, കരീം ജനത്, നവീൻ-ഉൽ-ഹഖ്, മുജീബ് ഉർറഹ്മാൻ

സ്‌കോട്ട്‌ലൻഡ് (പ്ലേയിംഗ് ഇലവൻ): ജോർജ്ജ് മുൻസി, കൈൽ കോറ്റ്‌സർ, മാത്യു ക്രോസ്, റിച്ചി ബെറിംഗ്ടൺ, കലം മക്‌ലിയോഡ്, മൈക്കൽ ലീസ്‌ക്, ക്രിസ് ഗ്രീവ്സ്, മാർക്ക് വാട്ട്, ജോഷ് ഡേവി, സഫിയാൻ ഷെരീഫ്, ബ്രാഡ്‌ലി വീൽ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: T20 world cup 2021 afghanistan vs scotland score online updates highlights

Next Story
യുണൈറ്റഡ്– ലിവർപൂൾ സമനിലManchester United, Liverpool, football
The moderation of comments is automated and not cleared manually by malayalam.indianexpress.com