അബുദാബി: ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ നമീബിയക്കെതിരെ പാകിസ്ഥാന് 45 റൺസ് ജയം. പാകിസ്ഥാൻ ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടാനെ സാധിച്ചുള്ളൂ. ജയത്തോടെ പാകിസ്ഥാൻ സെമിഫൈനലിൽ കടന്നു. എട്ട് പോയിന്റുകളുമായി രണ്ടാം ഗ്രൂപ്പിൽ ഒന്നാമതാണ് പാകിസ്ഥാൻ ഇപ്പോൾ.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന നമീബിയ ലക്ഷ്യത്തിലേക്ക് കുതിക്കാൻ ശ്രമം നടത്തിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി പാക് ബൗളർമാർ തടസം നിൽക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ മൈക്കിൾ വാൻ ലിംഗനെ നാല് റൺസിന് ഹസൻ അലി മടക്കി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ബാർഡും ക്രെയ്ഗ് വില്ലിംസും ചേർന്ന് പതിയെ സ്കോർ മുന്നോട്ട് ചലിപ്പിച്ചു. രണ്ടാം വിക്കറ്റിൽ ഇവർ 47 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.
പിന്നാലെ റൺഔട്ടിലൂടെ ബാർഡ് പുറത്തായി. 29 പന്തിൽ 29 റൺസാണ് നേടിയത്. പിന്നീടെത്തിയ ഇറാസ്മുസ് 15 റൺസിന് പുറത്തായി. അടുത്ത ഓവറിൽ നന്നായി കളിച്ചുകൊണ്ടിരുന്ന വില്യംസിനെ ശദാബ് ഖാൻ മടക്കി. അതിനു ശേഷം വീസ് ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ഫലം വിജയത്തിലെത്തിക്കാൻ അത് മതിയാവില്ലായിരുന്നു. വീസ് 31 പന്തിൽ 43 റൺസുമായി പുറത്താവാതെ നിന്നു.
പാകിസ്ഥാന് വേണ്ടി ഹസൻ അലി, ഇമാദ് വാസിം, ഹാരിസ് റൗഫ്, ശദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റുകൾ നേടി.
ആദ്യ ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് നേടിയത്. പാക് നിരയിൽ ഫഖർ സമാൻ ഒഴികെയുള്ള താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാന് ഓപ്പണിങ് വിക്കറ്റിൽ മുഹമ്മദ് റിസ്വാനും ബാബർ അസമും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 113 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
പതിനഞ്ചാം ഓവറിൽ 49 പന്തിൽ 70 റൺസുമായി ബാബർ അസമാണ് ആദ്യം പുറത്തായത്. പിന്നീടെത്തിയ ഫഖർ സമാൻ അഞ്ചു റൺസുമായി അടുത്ത ഓവറിൽ തന്നെ പുറത്തായി. എന്നാൽ പിന്നീടെത്തിയ ഹഫീസിനെയും കൂട്ടുപിടിച്ചു റിസ്വാൻ പാകിസ്ഥാനെ മികച്ച സ്കോറിലേക് എത്തിക്കുകയായിരുന്നു.
50 പന്തുകൾ നേരിട്ട റിസ്വാൻ 79 റൺസുമായും 16 പന്തുകൾ നേരിട്ട ഹഫീസ് 32 റൺസുമായും പുറത്താകാതെ നിന്നു. നമീബിയക്ക് വേണ്ടി ജാൻ ഫ്രൈലിങ്കും വീസും ഓരോ വിക്കറ്റുകൾ വീതം നേടി.
പാകിസ്ഥാൻ (പ്ലേയിംഗ് ഇലവൻ): മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഫഖർ സമാൻ, മുഹമ്മദ് ഹഫീസ്, ഷോയിബ് മാലിക്, ആസിഫ് അലി, ഷദാബ് ഖാൻ, ഇമാദ് വസീം, ഹസൻ അലി, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി
നമീബിയ (പ്ലേയിംഗ് ഇലവൻ): സ്റ്റീഫൻ ബാർഡ്, മൈക്കൽ വാൻ ലിംഗൻ, ക്രെയ്ഗ് വില്യംസ്, ഗെർഹാർഡ് ഇറാസ്മസ്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ, സെയ്ൻ ഗ്രീൻ, ഡേവിഡ് വീസ്, ജെജെ സ്മിറ്റ്, ജാൻ ഫ്രൈലിങ്ക്, റൂബൻ ട്രംപൽമാൻ, ബെൻ ഷികോംഗോ
Also Read: T20 World Cup: ഇന്ത്യന് ടീമിന് പിഴച്ചത് എവിടെ? സച്ചിന് പറയുന്നു