ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് പിന്നാലെ ഐസിസി റാങ്കിങ് പുറത്തുവിട്ടു. ഇന്നലെ പാക്കിസ്ഥാനും സിംബാബ്‌വെയും ഓസ്ട്രേലിയയും തമ്മിലുളള ത്രിരാഷ്ട്ര ടി20 പരമ്പരയിലെ കലാശകൊട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് റാങ്കിങ് പുതുക്കിയത്. 9 സ്ഥാനങ്ങൾ മറികടന്ന് ആദ്യ പത്തിലേക്ക് കെ.എൽ.രാഹുൽ മുന്നേറിയപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് പാക് താരം ഫഖർ സമാൻ.

ഇംഗ്ലണ്ടിനെതിരെ 2-1 ന്റെ വിജയമാണ് ഇന്ത്യ അവരുടെ മണ്ണിൽ നേടിയത്. ആദ്യ മത്സരത്തിൽ അതിവേഗ സെഞ്ചുറിയോടെ താരമായ കെ.എൽ.രാഹുലാണ് ഇന്ത്യൻ സംഘത്തിൽ റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.

ആദ്യ മത്സരത്തിലെ 101 റൺസിന് പിന്നാലെ 854 പോയിന്റ് നേടിയ രാഹുൽ അടുത്ത രണ്ട് മത്സരങ്ങളിലും ആറ്, 19 റൺസ് മാത്രമാണ് നേടിയത്. ഇതോടെ ഇദ്ദേഹത്തിന്റെ പോയിന്റ് 812 ലേക്ക് വീണു. എങ്കിലും 9 സ്ഥാനങ്ങൾ ചവിട്ടിക്കയറിയ രാഹുൽ ഇപ്പോൾ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്താണ്.

പാക്കിസ്ഥാനും സിംബാബ്‌വെയ്ക്കുമെതിരായ ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ഓസീസിനെ നയിക്കാനുളള ചുമതല ആരോൺ ഫിഞ്ചിനായിരുന്നു. സിംബാബ്‌വെയ്ക്ക് എതിരായ മത്സരത്തിൽ 172 റൺസ് അടിച്ച് ഞെട്ടിച്ച ഫിഞ്ച് തന്നെയാണ് റാങ്കിൽ ഒന്നാം സ്ഥാനത്ത്.

നേരത്തെ ലോക റാങ്കിങ്ങിൽ നാലാം സ്ഥാനത്തായിരുന്ന ഫിഞ്ച് ഇത്തവണ ഒന്നാം സ്ഥാനത്തേക്കാണ് കുതിച്ചത്. എന്നാൽ ത്രിരാഷ്ട്ര ടൂർണ്ണമെന്റിന്റെ ഫൈനലിൽ ഓസീസിനെ തറപറ്റിച്ച് പാക്കിസ്ഥാൻ കിരീടം ചൂടി. അതിന് അവർക്ക് കരുത്തായതാകട്ടെ ഫഖർ സമാന്റെ പ്രകടനവും. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത സമാൻ 46 പന്തിൽ നിന്ന് 91 റൺസാണ് നേടിയത്.

അവസാന ആറ് മത്സരങ്ങളിൽ 61, 6, 47, 73, 91 റൺസ് വീതമാണ് നേടിയത്. 44 സ്ഥാനങ്ങളാണ് ഈ റൺവേട്ടയിലൂടെ താരം മറികടന്നത്.

ആദ്യ പത്ത് സ്ഥാനക്കാർ ഇവർ

1. ആരോൺ ഫിഞ്ച് – 891
2. ഫഖർ സമാൻ – 842
3. കെഎൽ രാഹുൽ – 812
4. കോളിൻ മൺറോ – 801
5. ബാബർ അസം – 765
6. ഗ്ലെൻ മാക്സ്‌വെൽ – 761
7. ഇവിൻ ലൂയിസ് – 753
8. മാർട്ടിൻ ഗുപ്‌ടിൽ – 747
9. അലക്‌സ് ഹെയിൽസ് – 710
10. ഡിആർകി ഷോർട്ട് – 690

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook