അബുദാബി: ടി10 ക്രിക്കറ്റ് ലീഗിലൂടെ ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തിയ വീരേന്ദര്‍ സെവാഗിന് നാണക്കേടിന്റെ റെക്കോർഡ്. പക്തൂണ്‍സിനെതിരേ മറാത്ത അറേബ്യന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സെവാഗ് പൂജ്യത്തിന് പുറത്തായതോടെ ആദ്യ പന്തില്‍ പുറത്താവുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോർഡാണ് സെവാഗിനെ തേടി എത്തിയത്. ആറാമനായി ഇറങ്ങിയാണ് സെവാഗ് ആദ്യ പന്തില്‍ പുറത്തായത്.

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ രണ്ടാം മത്സരത്തിന്റെ സിവിശേഷത അഫ്രിദിയും സെവാഗും നേര്‍ക്കു നേരെ വന്നതായിരുന്നു. എന്നാല്‍ ആദ്യ പന്തില്‍ തന്നെ അഫ്രിദി സെവാഗിനെ കൂടാരം കയറ്റി.

മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പക്തൂണ്‍സ് 10 ഓവറില്‍ 121 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മറാത്തയുടെ പോരാട്ടം 25 റണ്‍സകലെ അവസാനിച്ചു. 45 റണ്‍സെടുത്ത പാക് താരം ഫഖ്വര്‍ സന്റെ പ്രകടനമാണ് പക്തൂണ്‍സിന് തുണയായത്. ഷാഹിദ് അഫ്രീദിയുടെ ഹാട്രിക് പ്രകടനമാണ് മറാത്തയെ തകര്‍ത്തത്. അഞ്ചാം ഓവറിലായിരുന്നു അഫ്രിദിയുടെ ഹാട്രിക്. റെലി റോസോ, ഡ്വൈന്‍ ബ്രാവോ, സെവാഗ് എന്നിവരെയാണ് അഫ്രിദി വിക്കറ്റിന് മുമ്പില്‍ കുടുക്കിയത്. ഇതോടെ ടി10 മത്സരത്തിലെ ആദ്യ ഹാട്രിക് നേട്ടം പാക് താരം സ്വന്തമാക്കി.

തുടക്കം തന്നെ കമ്രാന്‍ അക്മലും പുറത്തായതോടെ മറാത്ത പതറി. എന്നാല്‍ 26 പന്തില്‍ 57 റണ്‍സെടുത്ത ഇംഗ്ലീഷ് താരം അലക്സ് ഹെയ്ല്‍ തിരിച്ചുവരവിന്റെ സൂചന നല്‍കിയെങ്കിലും ജയിക്കാന്‍ ഇത് പോരാതെ വന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ