ടെന്‍ 10 ക്രിക്കറ്റ് എന്നും ബൗളര്‍മാര്‍ക്ക് ഒരു പേടി സ്വപ്നമാണ്. വെറും 10 ഓവര്‍ മാത്രമുളളത് കൊണ്ട് ബാറ്റ്സ്മാന്‍മാര്‍ക്ക് ബൗണ്ടറിയല്ലാതെ മറ്റൊന്നും വേണ്ട. സ്കോര്‍ ഉയര്‍ത്താനായി അവര്‍ തലങ്ങും വിലങ്ങും അടിക്കും. ടി10 ക്രിക്കറ്റ് ലീഗില്‍ നേര്‍ത്തേണ്‍ വാരിയേഴ്സിന്റെ ബൗളര്‍മാര്‍ക്ക് ഷാഹിദ് അഫ്രിദിയാണ് കഴിഞ്ഞ ദിവസം ദുസ്വപ്നമായി മാറിയത്.
പാക്തൂണ്‍സ് നായകനായ അഫ്രീദി 14 പന്തില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി തികച്ചത്. ആറാമനായി ക്രീസില്‍ എത്തിയ അഫ്രീദി 17 പന്തില്‍ നിന്ന് ഏഴു സിക്സറിന്‍റെയും മൂന്നു ബൌണ്ടറിയുടെയും അകമ്പടിയോടെ 59 റണ്‍സാണ് അടിച്ചുകൂട്ടിയത്.
അഫ്രീദിയുടെ വെടിക്കെട്ട് പ്രകടനത്തിന്‍റെ മികവില്‍ പത്തോവറില്‍ പാക്തൂണ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ നോര്‍ത്തേണ്‍ വാരിയേഴ്‍സിനെ പാക്തൂണ്‍സ് വരിഞ്ഞുമുറുക്കിയതോടെ അവരുടെ ഇന്നിങ്സ് പത്തോവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സിന് അവസാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത പാക്തൂണ്‍സിന്‍റെ തുടക്കം സമ്പൂര്‍ണ പരാജയം ആയിരുന്നു. ഓപ്പണര്‍മാരായ ആന്ധ്രെ ഫ്ലെച്ചറും കാമറൂണ്‍ ഡെല്‍പോര്‍ട്ടും 14 ഉം അഞ്ചും റണ്‍സെടുത്ത് പുറത്തായി. റോവ്‍മാന്‍ പവല്‍ 35 പന്തില്‍ ഒമ്പത് സിക്സും നാലു ബൌണ്ടറിയും അടക്കം 80 റണ്‍സെടുത്തെങ്കിലും വിജയം അഫ്രീദിക്കും കൂട്ടര്‍ക്കുമൊപ്പം നിന്നു. മുന്‍ സഹകളിക്കാരനായിരുന്ന വഹാബ് റിയാസിനേയും അഫ്രിദി വെറുതെ വിട്ടില്ല. തുടര്‍ച്ചയായി നാല് സിക്സറുകളാണ് വഹാബിന് അദ്ദേഹം നല്‍കിയത്. രണ്ട് ഓവറില്‍ 34 റണ്‍സാണ് വഹാബ് റിയാസിന് നല്‍കേണ്ടി വന്നത്.